Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പ്രിയപ്പെട്ട ആരോഗ്യമന്ത്രീ, കൃത്യമായും വ്യക്തമായും സമഗ്രമായും കാര്യങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ പത്രസമ്മേളനങ്ങൾ മുടങ്ങാതെ നാലു നേരവും ഉറപ്പാക്കുക; കാരണം, താങ്കളെ പ്രത്യാശയോടെയും ആദരവോടെയും നിരീക്ഷിക്കുന്ന യുവതലമുറ ഇവിടെയുണ്ട്; സ്ത്രീ വിരുദ്ധതയുടെ ചെയിൻ ബ്രേക്ക് ചെയ്യണമെന്ന് കെ കെ ശൈലജ ടീച്ചറിനോട് ആവശ്യപ്പെട്ട് കെ ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ആരോഗ്യമന്ത്രീ, കൃത്യമായും വ്യക്തമായും സമഗ്രമായും കാര്യങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ പത്രസമ്മേളനങ്ങൾ മുടങ്ങാതെ നാലു നേരവും ഉറപ്പാക്കുക; കാരണം, താങ്കളെ പ്രത്യാശയോടെയും ആദരവോടെയും നിരീക്ഷിക്കുന്ന യുവതലമുറ ഇവിടെയുണ്ട്; സ്ത്രീ വിരുദ്ധതയുടെ ചെയിൻ ബ്രേക്ക് ചെയ്യണമെന്ന് കെ കെ ശൈലജ ടീച്ചറിനോട് ആവശ്യപ്പെട്ട് കെ ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

സ്ത്രീ വിരുദ്ധതയുടെ ചെയിൻ ബ്രേക്ക് ചെയ്യാൻ ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന നിർദ്ദേശവുമായി എഴുത്തുകാരി കെആർ മീര. രണ്ട് ദിവസമായി ആരോഗ്യമന്ത്രിയെ പത്രസമ്മേളനത്തിൽ കാണാതിരുന്നതോടെയാണ് പ്രതിപക്ഷ നേതാവിന്റെ മീഡിയ മാനിയ പരാമർശത്തെ വിമർശിച്ച് കെആർ മീര രംഗത്തെത്തിയത്. കെ കെ ശാലജ ടീച്ചറെ പ്രത്യാശയോടെയും ആദരവോടെയും നിരീക്ഷിക്കുന്ന യുവതലമുറ ഇവിടെയുണ്ട് എന്നും അവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ആരോഗ്യമന്ത്രിയെ രണ്ടു ദിവസമായി പത്രസമ്മേളനങ്ങളിൽ കാണാതിരുന്നപ്പോൾ മറ്റൊരു ടീച്ചറെ ഓർമ്മ വന്നു.

ഇരുപതു കൊല്ലം മുമ്പ് കണ്ടുമുട്ടിയ ഒരു കോളജ് അദ്ധ്യാപിക.

പത്രപ്രവർത്തകയായിരിക്കെ, തൊഴിൽ സ്ഥലത്തു സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെകുറിച്ചുള്ള വാർത്താപരമ്പര തയ്യാറാക്കുന്നതിന്റെ ഭാഗമായി കണ്ടുമുട്ടിയതാണ് അവരെ.

അവർക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത് ലൈംഗിക അതിക്രമമായിരുന്നില്ല.

അതിനും ഏഴെട്ടു കൊല്ലം മുമ്പ് അവർ ജോലിക്കു ചേർന്ന കാലത്തെ ഒരു സംഭവമാണ്.

സീനിയർ അദ്ധ്യാപകർക്കൊന്നും താൽപര്യമില്ലാത്ത ഏതോ ഒരു ചെറിയ പരിപാടിയുടെ ചുമതല അവർക്ക് കിട്ടി.

പക്ഷേ, കലാപരിപാടികൾ സഹിതം അവർ അതു വൻ വിജയമാക്കി.

അതോടെ അടുത്ത വർഷത്തെ ആർട്‌സ് ക്ലബിന്റെ ചുമതലകൾ ആ അദ്ധ്യാപികയെ ഏൽപ്പിക്കണമെന്ന അഭിപ്രായമുയർന്നു.

ആർട്‌സ് ക്ലബിന്റെ സ്ഥിരം ചുമതലക്കാരൻ ക്ഷുഭിതനായി.

കന്റീനിൽ വച്ച് അയാൾ മനഃപൂർവ്വം ഒരു വാഗ്വാദത്തിന് അവസരമുണ്ടാക്കി.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വച്ച് ആക്രമിച്ചു :

'' ടീച്ചറേ, നിങ്ങള് ആർട്‌സ് ക്ലബ് ചുമതല ഏറ്റെടുക്കുന്നതൊക്കെ കൊള്ളാം. മൈക്ക് വല്ലപ്പോഴും ഒന്നു താഴെ വയ്ക്കണം. നിങ്ങളുടെ ശബ്ദം അത്രയ്ക്കു ബോറായിട്ടാ. എന്നുവച്ച് സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും വിലസി ശരീരം പ്രദർശിപ്പിക്കുന്നതിൽ കുറവൊന്നും വരുത്തണ്ട. ''

വർഷങ്ങൾക്കു മുമ്പുള്ള സംഭവമായിട്ടും അതു വിവരിച്ചപ്പോൾ അവർ കരഞ്ഞു.

അതിൽപ്പിന്നെ താൻ മൈക്ക് കയ്യിലെടുക്കുകയോ സ്റ്റേജിൽ കയറുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.

അവരെ കൊന്നത് ഒരു വൈറസ് ആയിരുന്നു.

എഴുപതുകളിലെയും എൺപതുകളിലെയും ക്യാംപസുകളിൽ പെറ്റുപെരുകിയ ഒരു തരം വൈറസ്.

ഈ വൈറസിന്റെ വാഹകർ സ്വന്തം പ്രാധാന്യത്തെക്കുറിച്ച് അമിതമായി ഉൽക്കണ്ഠപ്പെടും.

തങ്ങളെക്കാൾ പ്രിവിലിജ് കുറഞ്ഞവർക്കു പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നതു കണ്ട് ഭ്രാന്തുപിടിക്കും.

അരനൂറ്റാണ്ടിനിപ്പുറവും ഈ വൈറസിനു പ്രതിരോധ വാക്‌സിൻ ഉണ്ടായിട്ടില്ല.

കൊറോണ പോലെയാണ് അതും. പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളുടെ കഥ അതു കഴിക്കും.

എന്നു വച്ച് ഭീതി വേണ്ട, ആത്മവിശ്വാസം മാത്രം മതി.

അതുകൊണ്ട്, പ്രിയപ്പെട്ട ആരോഗ്യമന്ത്രീ, കൃത്യമായും വ്യക്തമായും സമഗ്രമായും കാര്യങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ പത്രസമ്മേളനങ്ങൾ മുടങ്ങാതെ നാലു നേരവും ഉറപ്പാക്കുക.

മറ്റേ വൈറസിന് അതേയുള്ളൂ മരുന്ന്.
കാരണം, താങ്കളെ പ്രത്യാശയോടെയും ആദരവോടെയും നിരീക്ഷിക്കുന്ന യുവതലമുറ ഇവിടെയുണ്ട്.

അവർക്കു വേണ്ടി ഒരു ചെയിൻ കൂടി ദയവായി ബ്രേക്ക് ചെയ്യുക.

സ്ത്രീവിരുദ്ധതയുടെ ചെയിൻ.

#breakthechain

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP