Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് യാത്രയിൽ ജിനു നാരായണൻ മറന്നു പോയത് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങാൻ; സംഭവം അറിഞ്ഞതോടെ പണം ഗൂഗിൾ പേയിലൂടെ കൈമാറി കണ്ടക്ടറും

ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് യാത്രയിൽ ജിനു നാരായണൻ മറന്നു പോയത് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങാൻ; സംഭവം അറിഞ്ഞതോടെ പണം ഗൂഗിൾ പേയിലൂടെ കൈമാറി കണ്ടക്ടറും

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: ബസ് യാത്രകളുടെ സുഖം കളയുന്നത് പലപ്പോഴും ഇറങ്ങാൻ നേരം ബാക്കി തരാം എന്ന് പറയുന്ന കണ്ടക്ടർമാരാണ്. ചില്ലറയുടെ ക്ഷാമമാണ് പലപ്പോഴും കണ്ടക്ടർമാർ ഇങ്ങനെ പറയാൻ ഇടയാക്കുന്നത് എങ്കിലും അതോടെ യാത്രക്കാർക്ക് യാത്ര ആസ്വദിക്കാനോ കാഴ്‌ച്ചകളിലേക്ക് കണ്ണ് പായിക്കാനോ കഴിയാതെ വരും. ഇറങ്ങുന്നത് വരെ ബാക്കി കിട്ടാനുള്ള തുക ഓർത്തിരുന്നില്ലെങ്കിൽ അത് നഷ്ടമാകും എന്ന് എല്ലാവർക്കും അറിയാം. ഇറങ്ങുന്ന സമയത്ത് കൃത്യമായി ഓർത്തിരുന്ന് കിട്ടാനുള്ള തുക ചെറുതാണെങ്കിലും വലുതാണെങ്കിലും ചോദിച്ച് വാങ്ങിയാകും യാത്രക്കാർ പോകുക. ചിലരെങ്കിലും കിട്ടാനുള്ള തുക മറന്ന് പോകുന്നതും സാധാരണമാണ്. എന്നാൽ, ബാക്കി കിട്ടാനുള്ള തുക മറന്ന് പോയിട്ടും കെഎസ്ആർടിസി ഡ്രൈവർ ഗൂഗിൾ പേയിലൂടെ തിരികെ നൽകിയ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സുൽത്താൻ ബത്തേരി -കോഴിക്കോട് റൂട്ടിലെ യാത്രക്കിടയിൽ ടിക്കറ്റിന്റെ ബാക്കി തുകയായ 100 രൂപ വാങ്ങാൻ മറന്നു പോയ മാധ്യമപ്രവർത്തകനായ ജിനു നാരായണനാണ് തനിക്ക് കിട്ടാനുള്ള പണം കണ്ടക്ടർ ഗൂഗിൾ പേ വഴി തിരികെ തന്ന കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജിനു നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വാങ്ങാൻ മറന്ന 'ബാലൻസ് തുക' ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്!

സുൽത്താൻ ബത്തേരി -കോഴിക്കോട് റൂട്ടിൽ പോയന്റ് ടു പോയന്റ് സർവീസ് ആരംഭിച്ചതുമുതൽ അതിലെ സ്ഥിരം യാത്രക്കാരിലൊരാളാണ്. കോഴിക്കോടേക്കു പോകാൻ പോയന്റ് ടു പോയന്റിനായി കാത്തുനിൽക്കുന്നതും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞദിവസം രാവിലെ കോഴിക്കോടേക്ക് പോകാൻ സുൽത്താൻ ബത്തേരിയിലെ ചുങ്കം ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആർ.പി.സി 107 (പോയന്റ് ടു പോയന്റ്) എത്തി. 200 െന്റയും 500 െന്റയും നോട്ടും പത്തുരൂപയുടെ ചില്ലറ നോട്ടുകളുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. 200 െന്റ നോട്ട് നൽകി 88 രൂപയുടെ ടിക്കറ്റും കിട്ടി. പത്തുരൂപ ബാക്കിയും ലഭിച്ചു. ബാക്കി തരാമെന്ന് അറിയിച്ചു. എന്നാൽ, 200 രൂപയുടെ നോട്ടാണ് നൽകിയതെന്ന കാര്യം ഞാൻ മറന്നു. 200 നോട്ടുണ്ടാക്കിയ ഒരു പൊല്ലാപ്പേ..!.

അങ്ങനെ കോഴിക്കോടെത്തി. പോയ കാര്യം നടത്തി തിരിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ വന്ന് പഴ്‌സ് നോക്കിയപ്പോഴാണ് 200 രൂപയുടെ കാര്യം ഓർമ വന്നത്. 100 രൂപ ബാക്കി കിട്ടാനുണ്ടെന്ന് മനസിലായി. ശ്രദ്ധയില്ലായ്മ, മറവി എന്നിവകൊണ്ടു 100 രൂപ നഷ്ടമായല്ലോ എന്നു കരുതി. എങ്കിലും സാരമില്ല കെ.എസ്.ആർ.ടി.സിക്കല്ലേ എന്ന് സമാധാനിച്ചു. കോഴിക്കോട് ഡിപ്പോയുടെ കൊണ്ടോടി ഫാസ്റ്റ് പാസഞ്ചർ പോയന്റ് ടു പോയന്റ് ബസിൽ മീനങ്ങാടിക്ക് തിരിച്ചുവരുമ്പോൾ, ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി കൂട്ടായ്മയിലെ അംഗം കൂടിയായ ഞാൻ, ഗ്രൂപ്പ് അഡ്‌മിന്മാരിലൊരാളായ ശരത്തിനെ ഈ വിവരം അറിയിച്ചു. ടിക്കറ്റിന്റെ ഫോട്ടോയും നൽകി. അങ്ങനെ അദ്ദേഹം ഗ്രൂപ്പിൽ സംഭവിച്ചകാര്യം വിശദീകരിച്ച് പോസ്റ്റിട്ടു.

ഡിപ്പോയിൽ ബന്ധപ്പെട്ടാൽ മതിയെന്ന അറിയിപ്പും കിട്ടി. ശരത്ത് എ.ടി.ഒയെ വിളിച്ചുകാര്യം പറഞ്ഞു. ഇതിനിടയിൽ ഗ്രൂപ്പ് അംഗവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ദിലീപ് അരിവയലും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലൻസ് തിരിച്ചു നൽകാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരിട്ടോ അല്ലെങ്കിൽ ഗൂഗിൾ പേയിലൂടെയോ ബാക്കി തുക നൽകാമെന്നും പറഞ്ഞു.ശരത്തും ഇതേ കാര്യം അറിയിച്ചു. അങ്ങനെ ബസിൽനിന്നും ബാക്കിവാങ്ങാൻ മറന്ന 100 രൂപ ഗൂഗിൾ പേ വഴി എ െന്റ അക്കൗണ്ടിലെത്തി!.

മറന്നത് 100 രൂപയായാലും 50 രൂപയായാലും അത് യാത്രക്കാരന് കൃത്യമായി തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ബത്തേരി ഡിപ്പോയിലെ ജീവനക്കാർ. ഇത്തരമൊരു ചെറിയ കാര്യത്തിനുപോലും ഇടപെടൽ നടത്തിയ ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിക്കും എ.ടി.ഒ സാജൻ സ്‌കറിയക്കും ദിലീപ് അരിവയൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കും മേലുദ്യോഗസ്ഥർക്കും ആർ.പി.സി 107ലെ നമ്മുടെ സ്വന്തം കണ്ട്കടറിനും ക്രൂവിനും നന്ദി അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP