Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്; ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്; വയനാടിനൊരു മെഡിക്കൽ കോളജ് വേണം എന്നതാണ് നാടിന്റെ അടിസ്ഥാന ആവശ്യം എന്ന് ഷഹ്ല ഷെറിന്റെ ഇളയമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്; ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്; വയനാടിനൊരു മെഡിക്കൽ കോളജ് വേണം എന്നതാണ് നാടിന്റെ അടിസ്ഥാന ആവശ്യം എന്ന് ഷഹ്ല ഷെറിന്റെ ഇളയമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ബത്തേരിയിലെ ഗവ. സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്ന് അദ്ധ്യാപകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണങ്ങൾ നേരിടുമ്പോഴും ചിലരെങ്കിലും മുറവിളി കൂട്ടുന്നത് വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളുടെ നേരെ വിരൽ ചൂണ്ടിയാണ്. ലോകം വികസിക്കുമ്പോഴും ആതുര സേവന രംഗത്ത് വയനാട് നേട്ടങ്ങളൊന്നും കൈവരിക്കുന്നില്ലെന്നും വയനാടിന് എക്കാലത്തെയും ആവശ്യമായ മെഡിക്കൽ കോളജിന് വേണ്ടിയാണ് ശബ്ദം ഉയരേണ്ടതെന്നും ഷഹ്‌ലയുടെ ഇളയമ്മ ഫസ്‌ന തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇനി പത്തു വർഷം കഴിഞ്ഞാലും ഇവിടെ ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കിൽ ഇന്ന് ഞാനുൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആർക്കും വന്നു കൂടായെന്നും ഫസ്‌ന കുറിക്കുന്നു.

ഫസ്‌നയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ..

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണ്.
ഷഹ്‌ല.... കുഞ്ഞാവേ നിന്റെ ജന്മനിയോഗം പൂർത്തിയാവണമെങ്കിൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. ഞാൻ നിരാശയിലാണ് മോളെ... നീയും വെറുമൊരു വാർത്തയാവുകയാണ്. നിന്നെ നഷ്ടപ്പെട്ടപ്പോൾ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കൽ കോളജ് ലഭിക്കുമെന്ന് ഞങ്ങൾ കരുതിയതുകൊണ്ടാണ്.. പക്ഷെ അതുണ്ടാവണമെങ്കിൽ സർക്കാർ കണ്ണു തുറക്കണം. ഞങ്ങൾ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. അദ്ധ്യാപകനെ ക്രൂശിക്കണമെന്നും ഞങ്ങൾ പറയുന്നില്ല. അതു കൊണ്ട് നഷ്ടപ്പെട്ട നിന്നെ ഞങ്ങൾക്ക് തിരിച്ചുകിട്ടില്ല...

ഞങ്ങൾക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്. അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നീ വേർപ്പെട്ട ദുഃഖത്തിൽ പങ്കുചേരാൻ ദിനവും നിരവധി പേരാണ് വരുന്നത്. സമാശ്വാസ വാക്കുകളല്ല ഞങ്ങൾക്ക് വേണ്ടത്. ഇനിയൊരു ജീവനും നിന്നെ പോലെ പൊലിഞ്ഞു പോവരുത്. അതിന് സത്വര നടപടികളാണ് വേണ്ടത്.

നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും മതിയായ ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്.

സാങ്കേതികത്വം ഇത്ര കണ്ട് പുരോഗമിച്ചിട്ടും വയനാടിനു മാത്രം ഈ ഗതിയെന്താണ്? മൂന്നര മണിക്കൂർ യാത്ര ചെയ്ത് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ അധികാരികളാരും കാണുന്നില്ലല്ലോ? എല്ലാത്തിലും രാഷ്ട്രീയം കലർത്തി സംഭവത്തിന്റെ ഗൗരവം ഇല്ലാതാക്കുകയാണ്. നിന്നിലൂടെ നിന്റെ കൂട്ടുകാരികൾക്ക് വീട് ലഭിക്കാൻ പോകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

നിദ മോളുടെ ആർജവത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപെടുക മാത്രമാണോ എന്ന് ആശങ്കയുമുണ്ട്. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ഭാഗം രക്ഷിക്കാൻ അദ്ധ്യാപകരും ഡോക്ടർമാരും പല വാദങ്ങളുമായി വന്നിട്ടുണ്ട്. നിന്റെ വാപ്പ അദ്ദേഹം വന്നിട്ട് നിന്നെ ആശുപത്രിയിൽ കൊണ്ടു പോയാൽ മതിയെന്ന് പറഞ്ഞുവെന്ന്.

ഏതെങ്കിലുമൊരു വാപ്പ അങ്ങനെ പറയുമോ? ഒരു മാഷ് ചെയ്ത തെറ്റു മാത്രമാണ് നിന്നെ ഞങ്ങൾക്ക് നഷ്ടമാകാൻ കാരണമായത്. അതിന് എല്ലാ അദ്ധ്യാപകരും തെറ്റുകാരാണെന്ന തരത്തിൽ പറയേണ്ടതില്ല. സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന ആയിരം അദ്ധ്യാപകരെ എനിക്കറിയാം. പക്ഷേ മരണത്തിന് ഉത്തരവാദിയായ അദ്ധ്യാപകനെ ന്യായീകരിക്കുന്ന ചില അദ്ധ്യാപകരെയും കണ്ടു. ആ മാഷിനെ വെള്ളപൂശാൻ ശ്രമിക്കുന്നവരെയും.

അനാസ്ഥ കാണിച്ച ഡോക്ടറെയും വെള്ളപൂശാൻ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അതിയായി ദുഃഖമുണ്ട് മോളെ... വിഷയം ഗതി മാറുകയാണ്. പരസ്പരം പഴിചാരുകയാണ്. ഇനി പത്തു വർഷം കഴിഞ്ഞാലും ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കിൽ ഇന്ന് ഞാനുൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആർക്കും വന്നുകൂടാ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP