Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്‌കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

കെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്‌കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഇടത് സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ബിജെപിക്കെതിരെ പ്രവർത്തിക്കാതെ വിടി ബൽറാമിനെ തോൽപ്പിക്കാൻ എത്തിയതിന് കാരണമെന്തെന്ന് വിശദീകരിക്കുന്ന എഎൻഐ ലേഖകൻ ഹരിമോഹന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തൃത്താലയിൽ വിടി ബൽറാമിനെതിരെ പണിയെടുത്ത കെ.ആർ മീര, ബെന്യാമിൻ, ആഷിഖ് അബു, ദീപാ നിശാന്ത്, ഇർഷാദ് ഉൾപ്പടെയുള്ള സിപിഎം അനുകൂല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും കേരളത്തിൽ സംഘപരിവാർ പ്രതീക്ഷ വെയ്ക്കുന്ന സീറ്റിൽപ്പോലും ഇത്ര സംഘടിതമായ നീക്കം സിപിഎമ്മിന് വേണ്ടി നടത്തിയിട്ടില്ലെന്ന് ഹരിമോഹൻ കുറിപ്പിൽ പറയുന്നു. അവരുടെ ഏക ലക്ഷ്യം വിടി ബൽറാം മാത്രമായിരുന്നു. അതിന് പിന്നിൽ എകെജി എന്ന വികാരമാണെന്ന് തള്ളരുതെന്നാണ് ഹരിമോഹൻ പറയുന്നത്.

പുന്നപ്ര-വയലാർ സ്മൃതി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി ഷോ കാണിച്ചപ്പോൾ അനങ്ങാത്തവരാണ് ഇവർ.അവരാണ് ബലറാമിനെതിരെ വന്നത്.ഇടതുപക്ഷ ബുദ്ധിജീവികളുടെ ആത്യന്തികലക്ഷ്യം വിടി ബൽറാം ആയത് എന്തുകൊണ്ടെന്നും ഹരിമോഹൻ അക്കമിട്ട് പറയുന്നു. പുരോഗമനവും മതേതരത്വവും സിപിഐ.എമ്മിന്റെ കുടികിടപ്പവകാശമായ കേരളത്തിൽ വി.ടി ബൽറാം എന്ന നിലപാടുള്ള രാഷ്ട്രീയ പ്രവർത്തകന്റെ വരവ് ഒരുഘട്ടത്തിൽപ്പോലും അവർക്കു ദഹിച്ചിരുന്നില്ല.

സിപിഐ.എമ്മിന്റെ പുരോഗമന, മതേതര നിർവചനങ്ങൾക്കപ്പുറം മറ്റൊന്നു രൂപപ്പെടുന്നതു പോലും അവർക്കു സ്വീകാര്യമല്ല. 'ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രയോഗികമായ ലെഫ്റ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. ഇന്ത്യൻ ലെഫ്റ്റിസ്റ്റുകളുടെ പ്ലാറ്റ്ഫോം ആവേണ്ടത് കോൺഗ്രസ്സാണ്,' എന്ന ബൽറാമിന്റെ പൊളിറ്റിക്കലായ ചിന്ത തങ്ങളെ എത്രമാത്രം അപകടപ്പെടുത്തും എന്നവർക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു.

തികച്ചും സ്വാർത്ഥമായ രാഷ്ട്രീയതാൽപര്യങ്ങൾക്ക് വേണ്ടി എകെജിയുടെ പേര് ഉപയോഗിക്കുകയാണെന്നും ദീർഘമായ പോസ്റ്റിൽ ഹരിമോഹൻ കുറ്റപ്പെടുത്തുന്നു.

ഹരിമോഹന്റെ പോസ്റ്റിന്റെ പൂർണരൂപം

കെ.ആർ മീര, ബെന്യാമിൻ, ആഷിഖ് അബു, ദീപാ നിശാന്ത്, ഇർഷാദ്, ഹരീഷ് വാസുദേവൻ, വി.കെ ശ്രീരാമൻ, സുനിതാ ദേവദാസ്.. പട്ടിക നീളും.

തൃത്താലയിൽ വി.ടി ബൽറാമിന്റെ തോൽവിക്കു വേണ്ടി പണിയെടുത്ത പ്രമുഖരുടെ ലിസ്റ്റാണ്. സംഘപരിവാർ കേരളത്തിൽ പ്രതീക്ഷ വെയ്ക്കുന്ന സീറ്റിൽപ്പോലും ഇത്ര സംഘടിതമായ നീക്കം സിപിഐ.എമ്മിന്റെ ഭാഗത്തുനിന്നോ, അവർക്കു വേണ്ടി പണിയെടുക്കുന്ന സാംസ്‌കാരിക നായകർ, ബുദ്ധിജീവികൾ തുടങ്ങിയവരിൽനിന്നോ ഉണ്ടായിട്ടില്ല ലക്ഷ്യം ഒരേയൊരു വി.ടി ബൽറാമായിരുന്നു.
അവർക്കിതിനൊരു റെഡിമെയ്ഡ് ഉത്തരമുണ്ട് ഇതിന് ഇവരുടെ കൈയിൽ, എ.കെ.ജി. വൈകാരികമായും രാഷ്ട്രീയമായും ഏറെ മാർക്കറ്റുള്ള ഉത്തരം.

എ.കെ.ജി ഇത്രമേൽ അവരുടെ ഹൃദയത്തെ സ്പർശിച്ചെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായകർക്ക് എന്തുകൊണ്ട് പുന്നപ്ര-വയലാറിലേക്ക് ബസ് കിട്ടിയില്ല? അവിടെയല്ലേ ഈ തിരഞ്ഞെടുപ്പു കാലത്തു സന്ദീപ് വാചസ്പതി എന്ന ബിജെപി സ്ഥാനാർത്ഥി കടന്നുകയറിയത്. പുന്നപ്ര-വയലാർ സ്മൃതി മണ്ഡപത്തിൽ അയാൾ നടത്തിയ ഷോ തെല്ലെങ്കിലും അവരെ ആശങ്കപ്പെടുത്തിയിരുന്നെങ്കിൽ, സംഘടിതമായി ആലപ്പുഴയിലെ സിപിഐ.എം സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജനു വേണ്ടി അവർ രംഗത്തിറങ്ങുമായിരുന്നു. അതുണ്ടായില്ല. അപ്പോൾ എ.കെ.ജിയൊക്കെ വെറും തള്ളു മാത്രമാണ്. ആത്യന്തികമായി ബൽറാം മാത്രമായിരുന്നു ലക്ഷ്യം. എന്തുകൊണ്ട്?

പുരോഗമനവും മതേതരത്വവും സിപിഐ.എമ്മിന്റെ കുടികിടപ്പവകാശമായ കേരളത്തിൽ വി.ടി ബൽറാം എന്ന നിലപാടുള്ള രാഷ്ട്രീയ പ്രവർത്തകന്റെ വരവ് ഒരുഘട്ടത്തിൽപ്പോലും അവർക്കു ദഹിച്ചിരുന്നില്ല. സിപിഐ.എമ്മിന്റെ പുരോഗമന, മതേതര നിർവചനങ്ങൾക്കപ്പുറം മറ്റൊന്നു രൂപപ്പെടുന്നതു പോലും അവർക്കു സ്വീകാര്യമല്ല. 'ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രയോഗികമായ ലെഫ്റ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. ഇന്ത്യൻ ലെഫ്റ്റിസ്റ്റുകളുടെ പ്ലാറ്റ്ഫോം ആവേണ്ടത് കോൺഗ്രസ്സാണ്,' എന്ന ബൽറാമിന്റെ പൊളിറ്റിക്കലായ ചിന്ത തങ്ങളെ എത്രമാത്രം അപകടപ്പെടുത്തും എന്നവർക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു.

തൃത്താലയിൽ നിന്നുതന്നെ തുടങ്ങാം.

ജാതി-മത രഹിതമായി സ്വന്തം കുട്ടിയെ സ്‌കൂളിൽ ചേർത്ത രണ്ടു രാഷ്ട്രീയ പ്രവർത്തകരാണ് ബൽറാമും രാജേഷും. പക്ഷേ, അതിന് അഞ്ചുമാസത്തിനുള്ളിൽ ജാതിസംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിച്ചു സംസ്ഥാന സർക്കാർ നടപ്പാക്കിയ ദേവസ്വം ബോർഡിലെ സംവരണത്തെ അനുകൂലിച്ച് ഫേസ്‌ബുക്കിലും ദേശാഭിമാനിയിലും നീണ്ട കുറിപ്പെഴുതിയത് ഈ രാജേഷാണ്. സർക്കാർ ജോലികളിലെ സവർണസംവരണത്തെയും ന്യായീകരിക്കാൻ സിപിഐ.എം രംഗത്തിറക്കിയത് ഇതേ രാജേഷിനെയാണ്. ഓർക്കുക, എല്ലാക്കാലവും ആർഎസ്എസ് അജണ്ടയായിരുന്ന ഒരു വിഷയത്തെയാണ് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആർഭാടപൂർവം നിയമസഭയിൽ പാസ്സാക്കിയത്. തികച്ചും ഭരണഘടനാ വിരുദ്ധമായ ഒരു നയത്തിനാണു രാജേഷിനെപ്പോലുള്ളവർ കയ്യടിച്ചത്, സാംസ്‌കാരിക നായകർ മൗനാനുവാദം നൽകിയത്.
മറുവശത്ത് അങ്ങനെയായിരുന്നില്ല. വി.ടി ബൽറാമിനു സവർണ വോട്ടുകളിൽ ആശങ്കയുണ്ടായിരുന്നില്ല. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന 10 ശതമാനം സീറ്റിലാണു ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലയ്ക്കും പ്രിവിലേജുകൾ അനുഭവിക്കുന്ന ജനവിഭാഗത്തിന് അവസരം നൽകുന്നതെന്ന രാഷ്ട്രീയ നിലപാട് ബൽറാമെടുത്തു. സവർണ സംവരണത്തെ എതിർക്കുന്ന ശബ്ദം കോൺഗ്രസിൽ നിന്നും ന്യായീകരിക്കുന്ന ശബ്ദം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുമാണ് ഉയർന്നത്.

കേരളത്തിന്റെ സാംസ്‌കാരിക മേഖല എല്ലാക്കാലത്തും സവർണ മേൽക്കോയ്മ നിലനിൽക്കുന്ന ഇടങ്ങളാണ്. ആ ഇടങ്ങളോടു കേരളത്തിലെ എല്ലാ മുന്നണികളും ഒരേപോലെ താദാത്മ്യം പ്രാപിക്കുമ്പോൾ, ഉയരുന്ന ഏക ജനപ്രതിനിധിയുടെ ശബ്ദം തെല്ലൊന്നുമല്ല അവരെ അസ്വസ്ഥതപ്പെടുത്തുക. അതിനു തുടർച്ചയുണ്ടാവരുത് എന്നവർ ആഗ്രഹിക്കുന്നുവെങ്കിൽ അതു സ്വാഭാവികമാണ്.
അതല്ലെങ്കിൽ, തൃശ്ശൂരുകാരിയായ ദീപാ നിശാന്തിനു തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക തോന്നാതിരുന്നതും, ഇക്കൂട്ടർക്ക് നേമം ഒരു പ്രശ്നമേയല്ലായിരുന്നതും ഇ ശ്രീധരൻ അസ്വസ്ഥത ഉണ്ടാക്കാതിരുന്നതും എന്തുകൊണ്ടാവും?
അതുകൊണ്ടൊക്കെത്തന്നെയാണ് ബൽറാമിന്റെ അസ്തിത്വം സോഷ്യൽ മീഡിയയിൽ മാത്രം ഒതുക്കിനിർത്തണം എന്നവർ ആഗ്രഹിക്കുന്നതും അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നതും.

പൊതുവെ ജനപ്രതിനിധികൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്, സ്വന്തം മണ്ഡലത്തിൽ തങ്ങൾ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കാനും അതുവഴി നന്മമരമായി ജനപ്രതിനിധി എന്ന സ്ഥാനം സുരക്ഷിതമായി നിലനിർത്താനുമാണ് ശ്രമിക്കുക. പക്ഷേ ബൽറാം അങ്ങനെയല്ല. അയാൾ തന്റെ ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തേക്കുറിച്ച്, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാറുള്ളത്. പക്ഷേ കേരളത്തിലെ ഏക ഫേസ്‌ബുക്ക് ജീവിയായും ഫേസ്‌ബുക്കിൽ കാണപ്പെടുന്ന എംഎൽഎയായും ഇക്കൂട്ടർ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു.

പക്ഷേ, സോഷ്യൽ മീഡിയക്കു പുറത്ത് അയാൾ തന്റെ നിലപാടുകൾ പ്രാവർത്തികമാക്കുന്നുണ്ടായിരുന്നു.
എയ്ഡഡ് മേഖലാ നിയമനങ്ങൾ പി.എസ്.സിക്കു വിടണം എന്ന ആവശ്യം മുൻനിർത്തി സർവകലാശാല-കോളേജ് നിയമനങ്ങളിൽ നിന്നു പിന്തള്ളപ്പെട്ട ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ഏക എംഎൽഎ ബൽറാമാണ്.
പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കർ കോളനിയിൽ ചക്ലിയർക്കെതിരെ നിലനിന്നിരുന്ന അയിത്തത്തിനെതിരെ 2017-ൽ അവർ മിശ്രഭോജനം സംഘടിപ്പിച്ചപ്പോൾ, അതിൽ പങ്കെടുത്ത ഏക എംഎൽഎ വി.ടി ബൽറാം ആയിരുന്നു. പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ എതിർപ്പുകൾ അവഗണിച്ചായിരുന്നു പങ്കെടുത്തത്. അന്ന് ഈ എം.ബി രാജേഷ് പാലക്കാട് നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. തങ്ങൾത്തന്നെ തയ്യാറാക്കിയ ഭക്ഷണം തങ്ങൾക്കൊപ്പം ഇരുന്നു കഴിക്കാൻ എല്ലാവരെയും ക്ഷണിച്ചിരുന്നു ചക്ലിയർ. എത്തിയത് ബൽറാമും ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതനും മാത്രം. 'രണ്ട് പൈപ്പിൽ നിന്ന് ഒരേപോലെ വെള്ളമെടുത്തു ജാതീയമായ ഈ വേർതിരിവ് അവസാനിപ്പിച്ചിരിക്കുന്നു' എന്നു പ്രഖ്യാപിച്ചായിരുന്നു ബൽറാം അവിടം വിട്ടത്.

സ്വാശ്രയ കോളേജുകൾക്കെതിരായ സമരത്തിന്റെ പൊളിറ്റിക്കൽ മൈലേജ് ഉപയോഗിച്ച സ്വരാജും ടി.വി രാജേഷും അടക്കമുള്ള പാർട്ടിയിലെ യുവനേതാക്കൾ പിണറായി സർക്കാർ കൊണ്ടുവന്ന കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ പ്രവേശനബില്ലിനെ കയ്യടിച്ചു സ്വാഗതം ചെയ്തപ്പോൾ, നിയമസഭയിൽ അതിനെതിരെ ശബ്ദിച്ച ഏക എംഎൽഎ ബൽറാമാണ്. അതിനെതിരെ ശബരീനാഥൻ അടക്കമുള്ള സഹപ്രവർത്തകരുടെ വിമർശനം പോലും കേൾക്കേണ്ടി വന്നെങ്കിലും ഇന്നുവരെ ആ നിലപാടിൽ നിന്ന് അദ്ദേഹം പിന്നോട്ടു പോയിട്ടില്ല. പറയാൻ കഴിയുന്ന വേദികളിലൊക്കെ താൻ അതു പറഞ്ഞിട്ടുണ്ടെന്ന് ബൽറാം ഇന്നും അതേക്കുറിച്ചു പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിനു ശേഷം പിണറായി സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാതെ മുഖ്യമന്ത്രി അതിനുമുകളിൽ ഒരുവർഷമായി അടയിരുന്നിട്ടും കേരളത്തിലെ ഒരൊറ്റ ജനപ്രതിനിധി പോലും അതിനെതിരെ സംസാരിച്ചിരുന്നില്ല. ആഷിഖ് അബുവും റീമ കല്ലിങ്കലും അടങ്ങുന്ന സർക്കാരനുകൂല സാംസ്‌കാരിക നായകർക്ക് അതിൽ സർക്കാരിനെ സമ്മർദ്ദം ചെലുത്താൻ ഒരുഘട്ടത്തിൽപ്പോലും കഴിഞ്ഞില്ല. പക്ഷേ ബൽറാം നിയമസഭയിൽ ഈ വിഷയം ഉയർത്തി. മുകേഷും ഗണേശും അടങ്ങുന്ന പുരുഷാധിപത്യാ സിനിമാ ലോകത്തെ ജനപ്രതിനിധികളെ അലോസരപ്പെടുത്താൻ അതു ധാരാളം മതിയായിരുന്നു.

പിണറായി സർക്കാരിന്റെ കാലത്തു ദേവസ്വം ബോർഡിലേക്കു നിയമസഭയിൽ നടന്ന വോട്ടിങ്ങിൽ എല്ലാ ഹിന്ദു എംഎൽഎമാർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു. പിണറായി വിജയനും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ എല്ലാം വോട്ട് ചെയ്തു, ബൽറാം ഒഴിച്ച്. അതു ചില്ലറയൊന്നുമല്ല അവരെ ചൊടിപ്പിച്ചത്.

ശബരിമലയിലെ യുവതീപ്രവേശത്തിലും ബൽറാമിനു ബൽറാമിന്റേതായ നിലപാടുണ്ടായിരുന്നു. സുപ്രീംകോടതി വിധി 'പോസിറ്റീവും പ്രോഗ്രസ്സീവും' ആണെന്ന ആ നിലപാട് തിരുവഞ്ചൂർ രാധാകൃഷ്ണൻ കരട് ബിൽ അവതരിച്ചപ്പോഴും മാറിയിട്ടില്ല. ആചാര സംരക്ഷണത്തിന്റെ മുൻനിരയിൽ താൻ ''ഒരിക്കലും ഉണ്ടാവില്ല' എന്നയാൾ ആവർത്തിച്ചു. മറുവശത്ത് അയ്യപ്പനെയും ദേവഗണങ്ങളെയും കുറിച്ചു മുഖ്യമന്ത്രി വാചാലനായി, ദേവസ്വം മന്ത്രി വികാരാധീനനായി.

ശബരിമല എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയില്ല എന്നതിനുത്തരം സവർണ സംവരണമാണ്. മൂന്നു മുന്നണികളും ഒരേപോലെ പിന്തുണച്ച സർക്കാർ നയം. അതിൽ സുകുമാരൻ നായർ അടക്കമുള്ളവർ താത്കാലികമായി അടങ്ങി. പക്ഷേ, നിരന്തരം സവർണ സംവരണത്തിനെതിരെ ബൽറാം സംസാരിച്ചു, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പെരുന്നയിലെ ഈ നായരെ 'കോപ്പ്' എന്നയാൾ വിശേഷിപ്പിച്ചു. അവിടം മുതൽ കാര്യങ്ങൾ വ്യക്തമായിരുന്നു. ബൽറാമിന്റെ ഈ പരാമർശം തൃത്താലയിൽ രാജേഷിനു പ്രചരണായുധമായി. ഞങ്ങൾ സവർണ സംവരണം കൊണ്ടുവരുമ്പോൾ ഈയൊരാൾ മാത്രം എതിർക്കുന്നു. സഹിക്കാനാവുമോ അവർക്ക്. നായന്മാരുടെ പോപ്പിനെ, സവർണ സ്വാധീനമുള്ള മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കോപ്പെന്നു വിളിച്ചാൽ പൊറുക്കാനാകുമോ ഇക്കൂട്ടർക്ക്.

മേൽപ്പറഞ്ഞ സാംസ്‌കാരിക നായക കോക്കസിന്റെ പ്ലാൻ ഓഫ് ആക്ഷൻ കൃത്യമായിരുന്നു. തൃത്താലയിൽ രാജേഷ് അവർക്ക് ഒരു ഘടകമേ ആയിരുന്നില്ല. ബൽറാം മാത്രമായിരുന്നു വിഷയം. വർഷങ്ങൾക്കു മുൻപേ ആ പണി അവർ തുടങ്ങിയിരുന്നു. ബൽറാമിനെ വ്യക്തിഹത്യ നടത്തിയും ക്രെഡിബിലിറ്റി തകർത്തും അവർ അതു വൃത്തിയായി ചെയ്തു.

പിന്നീട് സവർണ വോട്ടുകൾ ബിജെപിയിൽ നിന്ന് സിപിഐ.എമ്മിലെത്തിച്ചു. ബിജെപിയേക്കാൾ മികച്ച സവർണ നിലപാടുകൾ വെച്ചുപുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി സ്ഥാനാർത്ഥിയായപ്പോൾ ആ വോട്ടുകൾ നേടാൻ അധികം പണിയെടുക്കേണ്ടി വന്നില്ല. അതു പൊതുവിടത്തിൽ ചർച്ച ആവാതിരിക്കാൻ ബൽറാമിന്റെ രാഷ്ട്രീയ ഇടപെടലുകളെ മറച്ചുപിടിച്ച്, ചർച്ചകൾ എ.കെ.ജിയിലേക്കു വഴിതിരിച്ചുവിടാൻ ഇക്കൂട്ടർക്കായി. അതിന് അവർ തങ്ങളുടെ സാംസ്‌കാരിക മൂലധനത്തെയും സാംസ്‌കാരിക സ്വീകാര്യതയെയും ഉപയോഗപ്പെടുത്തി.

ഇന്നു കേരളത്തിലെ സിപിഐ.എം പ്ലാറ്റ്ഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി ബൽറാമിന്റേതു മാറിയതിനുപിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ പാർശ്വവത്കൃതർക്കൊപ്പം നിലനിന്നതിന്റെ, ഇന്നാട്ടിലെ ദളിത്, ആദിവാസി, മുസ്ലിം, പിന്നാക്ക വിഭാഗങ്ങളുടെ സമരങ്ങൾക്കൊപ്പം ചേർന്നതിന്റെ ഫലം മാത്രമാണത്. അതുകൊണ്ടുതന്നെ ഇത്രമേൽ ഹൃദയത്തിൽ തൊട്ടൊരു പരാജയവുമില്ല.

അഭിവാദ്യങ്ങൾ പ്രിയപ്പെട്ട വി.ടി.
തുടരുക 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP