Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കോൺവെന്റിലെ ദുരനുഭവം തുറന്നുപറഞ്ഞത് ആ വേദനകൾ കുറച്ചുപേരെങ്കിലും മനസ്സിലാക്കാൻ; പബ്ലിസിറ്റിക്ക് ആയിരുന്നെങ്കിൽ ജീൻസും ടോപ്പുമിട്ട് ഇവിടെ വന്ന് ഡാൻസ് ചെയ്‌തേനെ: യക്ഷിയെപ്പോലെ അലറി ഉടുതുണികൾ അഴിപ്പിച്ച് തല്ലിച്ചതച്ച ലൂസിയെന്ന കന്യാസ്ത്രീയെ തുറന്നുകാട്ടിയപ്പോൾ ഫെയ്‌ക്കെന്ന് പറഞ്ഞവർക്ക് ചുട്ട മറുപടിയുമായി എലിസബത്ത്

കോൺവെന്റിലെ ദുരനുഭവം തുറന്നുപറഞ്ഞത് ആ വേദനകൾ കുറച്ചുപേരെങ്കിലും മനസ്സിലാക്കാൻ; പബ്ലിസിറ്റിക്ക് ആയിരുന്നെങ്കിൽ ജീൻസും ടോപ്പുമിട്ട് ഇവിടെ വന്ന് ഡാൻസ് ചെയ്‌തേനെ: യക്ഷിയെപ്പോലെ അലറി ഉടുതുണികൾ അഴിപ്പിച്ച് തല്ലിച്ചതച്ച ലൂസിയെന്ന കന്യാസ്ത്രീയെ തുറന്നുകാട്ടിയപ്പോൾ ഫെയ്‌ക്കെന്ന് പറഞ്ഞവർക്ക് ചുട്ട മറുപടിയുമായി എലിസബത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊട്ടിയൂരിലെ പീഡകനായ വൈദികൻ റോബിന്റെ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കെ അവിടെയുള്ള കോൺവെന്റിൽ വച്ച് കുഞ്ഞായിരിക്കെ തന്നെ തല്ലിച്ചതച്ച ലൂസിയെന്ന കന്യാസ്ത്രീയെ തുറന്നുകാട്ടി രംഗത്തെത്തിയ എലിസബത്ത എന്ന നഴ്‌സ് ഫെയ്ക്ക് ആണെന്ന് സോഷ്യൽ മീഡിയയിൽ കുപ്രചരണം. ഇതോടെ ഞാൻ ഫെയ്ക്ക് അല്ലെന്നും പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണെന്നും വ്യക്തമാക്കി എലിസബത്ത് വട്ടക്കുന്നേൽ ഫേസ്‌ബുക്കിൽ ലൈവായി രംഗത്തെത്തി.

വിമർശകരുടെ വായടയ്ക്കും വിധം കാര്യങ്ങൾ എണ്ണിപ്പറഞ്ഞും ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒട്ടും ഭയമില്ലെന്നും വ്യക്തമാക്കിയാണ് എലിസബത്ത് ലൈവ് വീഡിയോയിൽ പ്രതികരിക്കുന്നത്. കഴിഞ്ഞദിവസം ലൂസിയെന്ന കന്യാസ്ത്രീ കാണിച്ച പീഡനങ്ങൾ എണ്ണിപ്പറഞ്ഞ് സുദീർഘമായ പോസ്റ്റായിരുന്നു എലിസബത്ത് നൽകിയത്. മറുനാടൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കന്യാസ്ത്രീയെ ന്യായീകരിക്കാനും എലിസബത്ത് എന്നത് ഫെയ്ക് ഐഡിയാണെന്നും പോസ്റ്റ് വ്യാജമാണെന്നും പറഞ്ഞ് ചില ന്യായീകരണ തൊഴിലാളികൾ എത്തിയത്. എന്നാൽ അവരുടെ തട്ടിപ്പുകൾ പൊളിച്ചെഴുതി ലൈവായിത്തന്നെ എലിസബത്ത് ഇന്ന് ഫേസ്‌ബുക്കിൽ മറുപടിയുമായി എത്തുകയായിരുന്നു.

Stories you may Like

എനിക്കു കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്റെ സുഹൃത്തുക്കളോട് എന്ന മുഖവുരയോടെയാണ് എലിസബത്ത് തുടങ്ങുന്നത്. താൻ ഫെയ്ക് ആണെന്ന് പറഞ്ഞ് ചിലർ ഫോട്ടോ വച്ച് പോസ്റ്റിട്ടതു കണ്ടെന്നും അവരെ ബോധ്യപ്പെടുത്താനാണ് ലൈവായി ഫേസ്‌ബുക്കിൽ എത്തിയതെന്നും അവർ വ്യക്തമാക്കുന്നു. തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറഞ്ഞത് ആരെയും താഴ്‌ത്തിക്കെട്ടാനോ എനിക്ക് പബഌസിറ്റി കിട്ടാനോ അല്ലെന്ന് ഞാൻ ഫെയ്ക് അല്ലെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് ലൈവിലെത്തിയ എലിസബത്ത് പറയുന്നു.

ഫാദർ റോബിന്റെ വിഷയം പുറത്തുവന്നതുപോലെ വർഷങ്ങൾക്ക് മുമ്പ് സമൂഹത്തിൽ നടന്ന ഒരു നീചപ്രവൃത്തി കുറച്ചുപേരെങ്കിലും അറിയണം എന്ന ഉദ്ദേശത്തോടെയാണ് ആ പോസ്റ്റിട്ടത്. നമ്മുടെ രാജ്യത്തെ അവസ്ഥയൊക്കെ എല്ലാവർക്കും അറിയാം. എന്തായാലും നീതിയൊന്നും ആർക്കും കിട്ടാൻ പോകുന്നില്ല. നീതികിട്ടുമെന്ന വിശ്വാസമൊന്നും എനിക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഇല്ല. - എലിസബത്ത് തുറന്നുപറയുന്നു.

ഞാൻ അനുഭവിച്ച വേദനയും അതുപോലെ പെൺകുട്ടികൾ അനുഭവിച്ച വേദനകളും കുറച്ചുപേരെങ്കിലും മനസ്സിലാക്കണം. അതിനുവേണ്ടിയാണ് പോസ്റ്റിട്ടത്. ഞാൻ ആ സംഭവം കെട്ടിച്ചമച്ചതാണെന്നും ചിലർ പറഞ്ഞുകേട്ടു. ഇത്തരമൊരു സംഭവം നടക്കുമ്പോൾ ഇരയുടെ കൂടെ ആരും നിൽക്കാറില്ല. ഫാദർ റോബിന്റെ കാര്യം പുറത്തുവന്നപ്പോൾ ഇരയുടെ അപ്പനെ പ്രതിചാരുകയാണ് ചെയ്തത്. അതിനെ പൈസകൊടുത്ത് ഒതുക്കാനായിരുന്നു ശ്രമം. നിയമ വ്യവസ്ഥയിലെ പരാജയം മൂലമാണ് ഇത്തരം പീഡനങ്ങൾ ആവർത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ടാവണം.

എനിക്ക് പബ്ലിസിറ്റി ആവശ്യമില്ല. അതിനായിരുന്നെങ്കിൽ ജീൻസും ടോപ്പുമിട്ട് വന്ന് ഇവിടെ അടിപൊളി പാട്ടുപാടിയാൽ നിങ്ങളെല്ലാവരും ചിലപ്പോൾ ഷെയർ ചെയ്യും. അല്ലെങ്കിൽ ഇവിടെ വന്ന് ഒരു കഥാപ്രസംഗം പറഞ്ഞാൽ മതി. അല്ലാതെ ഒരാളെക്കുറിച്ച് ചീപ്പ് പോസ്റ്റ് എഴുതിവച്ച് എനിക്ക് പബഌസിറ്റി നേടേണ്ട ആവശ്യമില്ല - താനിട്ടത് ഫെയ്ക് പോസ്റ്റാണെന്നും കള്ളക്കഥയാണെന്നും പറഞ്ഞവർക്ക് ചുട്ട മറുപടി നേരിട്ടു നൽകാനെത്തിയ എലിസബത്ത് വ്യക്തമാക്കുന്നു.

എന്റെ അപ്പനുമമ്മയും മാമോദീസ മുക്കി എനിക്കിട്ട പേരാണ് എലിസബത്ത്. അതാണ് ഫേസ്‌ബുക്കിലും നൽകിയിട്ടുള്ളത്. എന്നെ അനുകൂലിച്ചും സപ്പോർട്ടുചെയ്തും നിരവധി പേരെത്തി. നീതി ജയിക്കണമെന്ന ആഗ്രഹമാണ് അതിലെല്ലാം കണ്ടത്. അബലകളായ സ്ത്രീകളെ താഴ്‌ത്തിക്കെട്ടാതെ അവരുടെ കൂടെനിന്ന് പ്രതികരിക്കുക. ഇന്ത്യൻ നിയമവ്യവസ്ഥയിൽ നമുക്കൊരു മാറ്റം വേണം. മത സ്ഥാപനങ്ങളിൽ ഇത്തരം നിരവധി പീഡനങ്ങൾ നടക്കുന്നു. കത്തോലിക്ക സഭയിൽ മാത്രമല്ല, ഹിന്ദു, മുസഌം മത സ്ഥാപനങ്ങളിലുമുണ്ട്.

മുസ്‌ളീം മത സ്ഥാപനത്തിലെ പ്രകൃതിവിരുദ്ധ പീഡനങ്ങളുടേയും പൂജാരി ഏഴുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിന്റെയും കഥകൾ നമ്മൾ കേട്ടതാണ്. അതുപോലെ ജിഷയുടെയും സൗമ്യയുടേയുമെല്ലാം കാര്യങ്ങൾ. ഇതിലൊന്നും നീതി കിട്ടിയിട്ടില്ല. അതുകൊണ്ട് നീതിക്കായല്ല താൻ പോസ്റ്റിട്ടതെന്ന് എലിസബത്ത് വ്യക്തമാക്കുന്നു. ദയവുചെയ്ത് എന്റെ ഗ്രാമവാസികൾ കുട്ടികളെ കോൺവെന്റിൽ വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം അയക്കുക. അതുകൂടി പറയാനായാണ് ലൈവിൽ വന്നതെന്നും എലിസബത്ത് പറയുന്നു. തന്നെ സപ്പോർട്ട് ചെയ്യുകയും പോസ്റ്റ് ഷെയർചെയ്യുകയും ചെയ്തവർക്കെല്ലാം നന്ദിയും എലിസബത്ത് വ്യക്തമാക്കുന്നു.

ഇതിന്റെ പേരിൽ എനിക്കെതിരെ വിമർശനം വരുമെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകാനൊന്നും ഇല്ല. കാരണം നീതി വ്യവസ്ഥയിൽ വിശ്വാസമില്ല. ഇവളാണ് ഭീകരവാദിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ മൊത്തം പ്രചരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. അത്തരം പോസ്റ്റുകൾ പ്രചരിച്ചാൽ സുഹൃത്തുക്കൾ അത് തടയണമെന്നും എലിസബത്ത് അഭ്യർത്ഥിക്കുന്നു.

അഞ്ചാക്ലാസ്സിൽ പഠിക്കുന്ന കൊച്ചുകുഞ്ഞായിരിക്കെ നടന്ന പീഡനങ്ങൾ ഒരിക്കൽ കൂടി വിവരിക്കുന്നുണ്ട് എലിസബത്ത് അക്കാലത്ത് അത് പുറത്ത് പറയാൻ പറ്റിയിരുന്നില്ല. ഞങ്ങളുടെ നിസ്സഹായാവസ്ഥയും നിങ്ങളറിയണം. ലോകത്തുള്ള എല്ലാ കന്യാസ്ത്രീകളേയും അച്ചന്മാരെയും കുറ്റംപറയാൻ ഞാനാളല്ല. ആ സമയത്തുതന്നെ ആ പള്ളിയിൽ ജോലിചെയ്തുകൊണ്ടിരുന്ന ജോർജ് മമ്പള്ളിയെന്ന നല്ലവനായ വികാരിയേും എലിസബത്ത് അനുസ്മരിക്കുന്നു. 

കോൺവെന്റിലെ ദുരനുഭവങ്ങൾ വ്യക്തമാക്കി എലിസബത്ത് കഴിഞ്ഞദിവസം നൽകിയ പോസ്റ്റ് ഇങ്ങനെ

ക്രൂരയായിരുന്നു ആ കന്യാസ്ത്രീ
...........................................................
കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ വികാരിയായിരുന്ന ഫാദർ റോബിന്റ്‌റെ പ്രശ്‌നങ്ങൾ അറിഞ്ഞപ്പോൾ ..എനിക്ക് ഇക്കാര്യങ്ങൾ എന്റ്‌റെ സുഹൃത്തുക്കളെ അറിയിക്കണം എന്ന് തോന്നി. അതുകൊണ്ട് എഴുതുന്നു അല്ലാതെ ഇതിന്റെ പേരിൽ എനിക്ക് മറ്റൊരു പരാതിയും ഇല്ല. വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് വരുന്ന കമന്റുകൾ ഞാൻ ഉൾക്കൊള്ളാൻ തയാറാണ്.
അതേപള്ളിയുടെ കോൺവെണ്റ്റിൽ ആണ് 1999 ൽ ഈ സംഭവം നടന്നത്..
...............................................................................
ഇതെന്റ്‌റെ മറക്കാനാവാത്ത ഒരു നൊമ്പരാനുഭവമാണ്.ആരോടും ഇന്ന് വരെ പറയാത്ത ,എന്നാൽ ഞാൻ അനുഭവിച്ച ആ സത്യങ്ങൾ സുഹൃത്തുക്കൾ എങ്കിലും അറിയണം എന്ന് തോന്നി. സ്‌കൂളിൽ പോകാൻ ഒരുപാട് ദൂരം നടക്കണമായിരുന്നു .അഞ്ചാം കഌസിൽ പഠിക്കുമ്പോൾ .കാല് കല്ലിൽ തട്ടി മുറിഞ്ഞ് അതൊരു വൃണമായി മാറിയതോടെ നടക്കാൻ വളരെ പ്രയാസമായി.കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ജനിച്ചു വളർന്നതുകൊണ്ട് വികാരിയച്ഛന്റ്‌റെ സഹായത്തോടെ ഒരു മഠത്തിൽ നിന്ന് പഠിക്കുവാൻ ഇടയായി.അവിടെ ചേരുന്നത് വരെ കന്യാസ്ത്രീ ആവാൻ വലിയ താല്പര്യവും ആയിരുന്നു. അങ്ങനെ കൊട്ടിയൂർ എന്ന സ്ഥലത്തു ഉള്ള ഒരു മഠത്തിൽ ചേർത്തു.

അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു.ഞങ്ങൾ മുപ്പതു പെൺകുട്ടികൾ. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം മുറ്റം അടിക്കണം.ചെടികൾ നനയ്ക്കണം.പാചകം ചെയ്യാൻ കൂടണം.വലിയ പശുക്കൾ ഉണ്ട്. അവരെ കുളിപ്പിക്കാൻ കൂടണം.തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം.അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു.ഭക്ഷണം വയറ് നെറച്ചൊന്നും കിട്ടിയിരുന്നില്ല .കൊച്ചു മക്കളല്ലേ കൂടെയുള്ള രണ്ട് കുട്ടികൾ അച്ഛന് ഭക്ഷണം കൊടുത്തു വരുന്ന വഴി ഒരു വാഴക്കുല പഴുത്ത് നിൽക്കുന്നു. വിശന്ന അവർ പഴം ഇരിഞ്ഞു കഴിച്ചു. ജിനിയെന്നായിരുന്നു ആ കുട്ടിയുടെ പേര് എങ്ങനെ യോ ഇത് മഠത്തിൽ അറിഞ്ഞു. ഞങ്ങളെയെല്ലാവരേയും ഒരു മുറിയിൽ വിളിപ്പിച്ചു.

സിസ്റ്റർ. ലൂസി ഞാൻ ആദ്യം ആയി കണ്ടു അവരെ. മഠത്തിൽ അകത്തായകൊണ്ട് കന്യാസ്ത്രീകൾ അണിയുന്ന യൂണിഫോമിൽ അല്ല. ഒരു നൈറ്റിയായിരുന്നു വേഷം. ഷാമ്പൂതേച്ച് പറപ്പിച്ച് അധികം നീളം ഇല്ലാത്ത മുടി. ഇരുനിറം. മെലിഞ്ഞ ശരീര പ്രകൃതി. ഞങ്ങളോട് ഇന്ന് ചെയ്ത പാപത്തിന്റ്‌റെ കണക്കു എഴുതാൻ ആവശ്യപ്പെട്ടു. സത്യം എഴുതിയില്ലെങ്കിൽ കള്ളത്തരം അളക്കുന്നതിനുള്ള മെഷീൻ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കുഞ്ഞ് പാപങ്ങൾ എല്ലാവരും എഴുതി. ഓരോരുത്തരെ അവരവരുടെ പാപങ്ങൾക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരൽ ഉപയോഗിച്ച് അടിക്കാൻതുടങ്ങി .എല്ലാവരും അലറികരയും ശബ്ദം പുറത്തു കേൾക്കില്ല.മഠത്തിലെ അകത്തെ മുറിയിൽ നിന്നും ഒരു ശബ്ദവും പുറത്ത് കേൾക്കില്ല.മാത്രമല്ല ആ ചുറ്റുവട്ടത്ത് തൊട്ട് അടുത്ത് ഒരു വീടു പോലും അന്ന് ഇല്ല. ഒടുവിൽ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടു പിടിച്ചു പഴംപറിച്ചുതിന്ന ആളാണ് ജിനി.

ജിനിയെ അവർ മറ്റൊരു മുറിയിൽ കൂട്ടി കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും അടികൊണ്ടവേദനയിൽ പേടിച്ച് വിറച്ച് ഇരിക്കുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ കരഞ്ഞ് തളർന്നു ജിനി പുറത്തു വന്നു . രാത്രി യായപ്പോൾ ജിനി ഉടുപ്പിട്ടിട്ടില്ല.അടി യുടെ ചോരപ്പാടുകൾ കൊണ്ട് പൊട്ടിയ ശരീരത്തിൽ വസ്ത്രം തൊടുമ്പോൾ നീറിയിരുന്നു. വിശന്നപ്പോൾ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവൾ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിൽ അമ്മ പപ്പ അതായിരുന്നു ചിന്ത. വീട്ടിൽ പോണം.പേടിയാവുന്നു മാതാവേ കരഞ്ഞ് പ്രാർത്ഥിച്ചു.

രാത്രി ഏകദേശം ഇരുട്ടിയപ്പോൾ ആരോ കതകുതുറന്നു പോകുന്ന ശബ്ദം കേട്ടു.പെട്ടെന്ന് ആരോക്കെയോ ചേർന്ന് ഒരു കുട്ടിയെ ബലമായി പിടിച്ച് കൊണ്ട് വന്നു അത് മറ്റാരുമല്ല ജിനി.അവൾ രാത്രി ആരും അറിയാതെ പോകാൻ നോക്കിയതാ.പക്ഷേ പിടിച്ചു.

ഈ ലൂസി എന്ന സിസ്റ്റർ ആണ് ക്രൂരമായി ഉപദ്രവിച്ചിരുന്നത്.അവരുടെ ഈ ക്രൂരത ഒരു ഹരംപോലെ അവർ ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കമായാൽ,അഞ്ച് മിനിറ്റ് വൈകി രാവിലെ എഴുന്നേറ്റാൽ കഠിനശിക്ഷകൾ നല്കി.അവിടത്തെ ഏറ്റവും സീനിയറും മെയിൻ ഭരണാധികാരിയുമൊക്കെ അവർ ത്തന്നെ യായിരുന്നു. പുറമേക്കാരുടെയിടയിൽ അവർക്കു നല്ല സ്ഥാനമാണുള്ളത്. പേടിപ്പിച്ചു നിർത്തിയതുകൊണ്ടു കുട്ടികൾക്ക് മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നു.

ഒടുവിൽ എന്റെ ദിവസവും വന്നെത്തി. എന്റ്‌റെ പപ്പ എനിക്കു തന്ന പത്ത് രൂപ ബാഗിലുണ്ടായിരുന്നു.പൈസ കൈയിൽ ഉണ്ടെങ്കിൽ അത് ബാഗിൽ സൂക്ഷിക്കാതെ അവരെ ഏല്പിക്കണം എന്നായിരുന്നു നിയമം .സ്‌കൂളിൽ പോകുമ്പോൾ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാൻ പറഞ്ഞതുകൊണ്ട് ആ കാശ് ഞാൻ കൊടുത്തില്ല.ഇടയ്ക്കിടെ ബാഗ് പരിശോധന ഉണ്ട് അങ്ങനെ യാണ് അത് പിടിച്ചത്.

എന്നെ യും പതിവ് പോലെ അവർ അകത്തുള്ള ഇരുട്ടുമുറിയിൽ കൊണ്ടു പോയി.എന്നോട് മുട്ടുകുത്തിനില്ക്കാൻ പറഞ്ഞു. പേടിച്ചരണ്ട ഞാൻ ആ വലിയ ചൂരലിൽ ഒന്ന് നോക്കി യപ്പോൾ തന്നെ കരഞ്ഞ് പോയി പേടിച്ചിച്ചിട്ട് ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടർത്തി യക്ഷി യെപ്പോലെ അവർ അലറി എന്റ്‌റെ ബഌസും പാവാടയും ഊരിപ്പിച്ചു.അടിവസ്ത്രം മാത്രം ആയി വേഷം കൈകൾ കെട്ടി വെയ്ക്കാൻ പറഞ്ഞു. .ചൂരലിൽ എണ്ണതേച്ച് അടി തുടങ്ങി ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു.കരഞ്ഞില്ല ഞാൻ സഹിച്ചു.കരയെടീ എന്ന് പറഞ്ഞവർ ചോര തെറിക്കുന്നതുവരെ അടിച്ചു.എഴുന്നേൽപിച്ച് നിർത്തി തുടപൊട്ടിചോരയൊലിക്കുംവരെ അടിച്ചവർ രസിച്ചു.കരഞ്ഞില്ല ഞാൻ . ഒടുവിൽ നടക്കാൻ വയ്യാത്ത എന്നെതാങ്ങിയെടുക്കാൻ രണ്ടു ചേച്ചിമാർ വന്നു.

കരഞ്ഞ് തളർന്ന എനിക്കു എന്റെ പപ്പയെ ഒന്നു കാണണം മാതാവേ എന്ന് നിലവിളിച്ചു പ്രാർത്ഥിച്ചു ഇതെഴുതുമ്പോൾ ഇപ്പോഴും എന്റ്‌റെ കണ്ണ് നിറയുന്നു.എനിക്കു വല്ലാതെ പനി പിടിച്ചു. ഒടുവിൽ സ്‌കൂളിലെ സാറിന്റ്‌റെ നിർദ്ദേശം അനുസരിച്ച് പപ്പയെ വിളിപ്പിച്ചു.അടി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ല.പകരം ഞാൻ പറഞ്ഞു എനിക്കു വീട്ടിൽ വരണം.എനിക്കു ഇവിടെ പഠിക്കണ്ട.എന്റ്‌റെ കരച്ചിൽ കണ്ട് പപ്പ എന്നെ വീട്ടിൽ കൊണ്ട് പോയി .അമ്മയായിരുന്നു.അന്നെന്നെ കുളിപ്പിച്ചത് എന്റ്‌റെ ദേഹത്ത് അടിപ്പാടുകൾ കണ്ടു എന്റ്‌റെ പപ്പയെ വിളിച്ചു അവരെന്നെക്കൊണ്ട് സത്യം പറയിപ്പിച്ചു. പപ്പ ഡ്രസ് മാറി പോകുന്നത് കണ്ടു.പിന്നെ ലൂസി സിസ്റ്റർ ജോലി ചെയ്യുന്ന പ്രസിൽ എത്തി. പിന്നെ അവളെ തല്ലാൻ ചെന്ന പപ്പയെ ആരൊക്കെയോ തടഞ്ഞു. അങ്ങനെ നിരാശനായി തിരിച്ചു മടങ്ങി.

അവളെ ശരിയാക്കണം എന്ന ചിന്ത എന്റ്‌റെ പപ്പയിൽ വർദ്ധിച്ചുവന്നു.ഒരിക്കൽ അതിന് വേണ്ടി സിസ്റ്റർ ലൂസിയെ തേടിയിറങ്ങി. എന്നാൽ അവൾ സുവിശേഷം അറിയിക്കാൻ മറ്റേതോ ദൂരസ്ഥലത്തേയ്ക്ക് പോയിയെന്നറിയാൻ കഴിഞ്ഞു.

ഇന്ന് പ്രതി കാരം ചെയ്യാൻ എനിക്കു പപ്പയുടെ സഹായം ആവശ്യം ഇല്ല. എന്നെങ്കിലും അവരെ കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു . കണ്ടുമുട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നെനിക്കറിയില്ല .ചിലപ്പോൾ ഒരു പ്രതികരണം എന്റ്‌റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. ചിലപ്പോൾ മറിച്ചും ആകാം കാരണം പതറാത്ത മനോധൈര്യവും മരണത്തെ പോലും ഭയക്കാത്ത ഉറച്ച മനസും ആണ് ഇന്നനിക്കുള്ളത്. അന്ന് മുതൽ കന്യാസ്ത്രീയാവണം എന്ന മോഹം എങ്ങോ പോയി മറഞ്ഞു. (NB: ഫോട്ടോ ഇട്ടത് ഞാൻ എഴുതിയത് സത്യമാണ് .അനുഭിച്ച വ്യക്തി ഈ ഫോട്ടോയിൽ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഒന്നുകൂടി വായിക്കുന്നവർക്ക് ഉറപ്പ് വരാൻ )
എലിസബത്ത് ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP