Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ലോകമെമ്പാടും നിന്നും ജന്മദിനാശംസകൾ എത്തുമ്പോഴും പേരക്കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് ദുബായ് ഭരണാധിരകാരി; ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു; ദുബായ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഭരണാധികാരി പിന്നിടുന്നത് തന്റെ ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ

ലോകമെമ്പാടും നിന്നും ജന്മദിനാശംസകൾ എത്തുമ്പോഴും പേരക്കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് ദുബായ് ഭരണാധിരകാരി; ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു; ദുബായ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഭരണാധികാരി പിന്നിടുന്നത് തന്റെ ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലോകമെമ്പാട് നിന്നും ജന്മദിന ആശംസകൾ എത്തുന്നതിനിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ്ങൾ വൈറൽ. കുട്ടികൾ ശൈഖ് മുഹമ്മദിന് ജന്മദിനാശംസകൾ നേരുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ശൈഖ് മുഹമ്മദിന്റെ എഴുപതാം ജന്മദിനം. വാഹനത്തിൽ വന്നിറങ്ങുന്ന ശൈഖിനെ പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന കുരുന്നുകളുടെ സംഘം സ്‌നേഹത്തോടെ വരവേൽക്കുന്നതാണ് ദൃശ്യം. ശൈഖ് ഹംദാന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശൈഖ് മുഹമ്മദ് ലാളിക്കുന്നതും വീഡിയോയിലുണ്ട്.

ദുബായ് ക്രീക്കിന് സമീപം ഷിന്ദഗയിലെ അൽ മക്തൂം രാജകുടുംബത്തിൽ ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെ നാലു മക്കളിൽ മൂന്നാമനായി 1949 ജൂലായ് 15-ന് ആണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ജനനം. അബുദാബി മുൻ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്‌യാന്റെ മകൾ ശൈഖ ലതീഫ ബിൻത് ഹംദാൻ അൽ നഹ്‌യാനാണ് ശൈഖ് മുഹമ്മദിന്റെ മാതാവ്. വീട്ടിൽ വെച്ചുതന്നെയാണ് അറബി ഭാഷയും ഇസ്ലാമിക പാഠങ്ങളും ശൈഖ് മുഹമ്മദ് പഠിച്ചത്. പിന്നീട് 1955ൽ അൽ അഹ്മദിയ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. ദേറയിലെ ഒരു ചെറിയ വിദ്യാലയമായിരുന്നു ഇത്. 1966ൽ ബ്രിട്ടനിലേക്ക് പറന്നു. കേംബ്രിഡ്ജിലെ ബെൽ സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ ചേർന്ന് ഉപരിപഠനമാരംഭിച്ചു. പിന്നീട് റോയൽ മിലിട്ടറി അക്കാദമിയിൽ ചേർന്നു. ഒരു വിദേശവിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാർക്കോടെയായിരുന്നു അദ്ദേഹം അവിടെ നിന്ന് പഠനം പൂർത്തിയാക്കിയത്.

1968ൽ ദുബായിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ശൈഖ് റാഷിദ്, ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി വിഭാഗം തലവനായി നിയമിച്ചു. ശൈഖ് മുഹമ്മദിന്റെ ആദ്യ ഔദ്യോഗിക പദവിയായിരുന്നു അത്. പിന്നീട് പ്രതിരോധ മന്ത്രിയായി. അന്ന് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. മരുഭമിയിൽ കെട്ടിയുയർത്തിയ ടെന്റിൽ വെച്ച് അബുദാബി ഭരണാധികാരി ശൈഖ് സായിദും ദുബായ് ഭരണാധികാരി ശൈഖ് റാഷിദും യുഎഇ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുമ്പോൾ ശൈഖ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.

സഹോദരൻ ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണത്തെത്തുടർന്ന് 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി ചുമതലയേൽക്കുന്നത്. ഇതേവർഷം ജനുവരി അഞ്ചിന് സുപ്രീംകൗൺസിൽ അംഗങ്ങൾ അദ്ദേഹത്തെ യു.എ.ഇ.യുടെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 2006 ഫെബ്രുവരി 11-ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ശൈഖ് മുഹമ്മദിനെ യു.എ.ഇ. പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. 1968ൽ ദുബായ് പൊലീസ് മേധാവിയായി തുടങ്ങിയ ഔദ്യോഗിക സേവനത്തിൽ 50 വർഷം പൂർത്തിയാക്കിയ കഴിഞ്ഞ വർഷം ഖിസ്സത്തീ (എന്റെ കഥ) എന്ന പേരിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരുന്നു.

ദുബായ് എന്ന നഗരത്തിന്റെ ആധുനിക മുഖച്ഛായ ശൈഖ് മുഹമ്മദിന്റെ ഭാവനാപരമായ നയവൈദഗ്ധ്യത്തിന്റെ ഉദാഹരണം മാത്രമാണ്. സർക്കാർ സേവനങ്ങൾ സ്മാർട്ടാക്കി സുസ്ഥിര വികസന മാതൃകയുണ്ടാക്കി. യുവജനങ്ങളുടെ കർമശേഷിയിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം ഏറ്റവും പുതിയതെന്തും യു.എ.ഇ.യുടേതാക്കി മാറ്റുന്നതിൽ നിർണായകമായ ചുവടുവെപ്പായി. വിദ്യാഭ്യാസമേഖലയുടെ വികസനത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന നയങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ ലോകത്തിനുമുന്നിൽ യു.എ.ഇ. അമ്പരപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ചതും ഇതേ ദീർഘവീക്ഷണത്തോടെ കൈക്കൊണ്ട പ്രവർത്തനഫലമായാണ്.

ഭരണരംഗങ്ങളിൽ ജാഗ്രതയോടെയുള്ള ചുവടുകൾ വെക്കുമ്പോഴും ലോകത്തെ മുഴുവൻ ചിന്തിപ്പിക്കുന്ന വരികൾ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഞാൻ ഇന്നും യുവതയിൽനിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രയുടെ ആരംഭത്തിൽ അഹങ്കാരമില്ലാതെ നിലകൊള്ളുകയാണെന്നും പറയുന്ന ശൈഖ് മുഹമ്മദിന്റെ വാക്കുകൾ കേൾക്കാൻ ലോകയുവതതന്നെ കൂടെ നിന്നു. 97 ലക്ഷം ആളുകളാണ് ശൈഖ് മുഹമ്മദിനെ ട്വിറ്ററിൽ പിന്തുടരുന്നത്. പല ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ഒട്ടേറെ കവിതകളും ശൈഖ് മുഹമ്മദിന്റേതായുണ്ട്.

യു.എ.ഇയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ക്ഷേമപ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെപദ്ധതികളാണ് വിദ്യാഭ്യാസം, ശുദ്ധജലം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ യു.എ.ഇ.യിലും പുറത്തുമായി ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഇതെല്ലാം ശൈഖ് മുഹമ്മദിനെ യു.എ.ഇയിലെ വിദേശികളുൾപ്പെടെയുള്ളവരുടെ പ്രിയനേതാവാക്കി മാറ്റുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ ഭരണാധികാരിക്ക് സാമൂഹികമാധ്യമങ്ങൾ വഴി ഹൃദയപൂർവം ആശംസകൾ അറിയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP