Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡല്ല ഞാൻ കോൺഗ്രസ് ആയതാണ് പ്രശ്‌നം; മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്; നിങ്ങളുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്; നിങ്ങളെ തോൽപ്പിച്ച്..നിങ്ങളുടെ നുണകളെ തോൽപിച്ച്; തെറ്റ് കണ്ടാൽ പറയാൻ പേടിയില്ലെന്ന് ഡോ.എസ്.എസ്.ലാൽ

കൊവിഡല്ല ഞാൻ കോൺഗ്രസ് ആയതാണ് പ്രശ്‌നം; മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്; നിങ്ങളുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്; നിങ്ങളെ തോൽപ്പിച്ച്..നിങ്ങളുടെ നുണകളെ തോൽപിച്ച്; തെറ്റ് കണ്ടാൽ പറയാൻ പേടിയില്ലെന്ന് ഡോ.എസ്.എസ്.ലാൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ പുഴുവരിച്ചുവെന്ന പ്രസ്താവനയുടെ പേരിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാലിനെതിരെ ആരോഗ്യ മന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് ഇപ്പോൾ ഒരുമിച്ചനുഭവിക്കുന്നത്. തന്റെ കൈയിൽ തെളിവുണ്ടെന്ന് അവകാശപ്പെട്ട ഡോ. എസ്.എസ്. ലാൽ ആരോഗ്യമന്ത്രിയെ ഒരു തുറന്ന സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തു.

രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്ന് ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയുടെ പശ്താത്തലത്തിൽ പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെയാണ് ചികിത്സവേണ്ടത് വകുപ്പിനാണെന്ന് ഡോ. ലാൽ അഭിപ്രായപ്പെട്ടിരുന്നു.ലോകത്ത് എല്ലാനാട്ടിലും കോവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും എന്നാൽ ആ രാജ്യങ്ങളെല്ലാം തിരുത്താൻ മററുരാജ്യങ്ങൾ തയ്യാറാകുന്നുണ്ട്. എന്നാൽ കേരളത്തിൽ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതൽ ഉള്ളതെന്നും തെറ്റുചൂണ്ടിക്കാണിക്കുന്നവരെ വാക്കാൽ മന്ത്രിമാരടക്കമുള്ളവർ ആക്രമിക്കുകയാണെന്നും ഡോക്ടർ ആരോപിച്ചരുന്നു. താൻ അമേരിക്കക്കാരനല്ല തിരുവനന്തപുരത്തുകാരനാണെന്നും ഒരുപോസ്റ്റിൽ അദ്ദേഹം ആരോഗ്യമന്ത്രിക്ക് മറുപടിയായി പറഞ്ഞു. ഏറ്റവുമൊടുവിൽ കോവിഡല്ല താൻ കോൺഗ്രസായതാണ് അവരുടെ പ്രശ്‌നമെന്ന് പറയുന്നു ഡോ.എസ്.എസ്.ലാൽ.

'മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്. ഡോക്ടറായാലും മിണ്ടാൻ പാടില്ല, വിഷയം രോഗമാണെങ്കിലും.'

'തെറ്റ് ചൂണ്ടിക്കാണിച്ചാലുടനേ അത് പറഞ്ഞവന്റെ പാർട്ടി നോക്കുന്നത് ദയനീയമാണ്. മനുഷ്യർ കോൺഗ്രസുകാർ ആണെന്നത് ഒരു അപരാധം ആണെന്ന പോലെ സിപിഎം. കാർ പറയുന്നത് ഏകാധിപത്യമാണ്. ഭീഷണിപ്പെടുത്തലാണ്. കേരളത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കാനുള്ള ശ്രമമാണത്. സാമൂഹ്യ മാധ്യമങ്ങളുടേത് ഉൾപ്പെടെ ഒരുപാട് കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ ഭീഷണി പഴയതു പോലെ നാട്ടിൽ നടക്കില്ല. സർക്കാരാണ് ഏകാധിപത്യ പ്രവണത വളർത്തുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ മുഖ്യമന്ത്രി തന്നെ നേരിട്ട് ആക്രമിക്കുകയാണ്. ഇപ്പോൾ യുദ്ധം കൊവിഡിനോടും ഏകാധിപത്യത്തോടും എന്ന നിലയിലാണ്.'

'എന്നെപ്പറ്റി വ്യക്തിപരമായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കാനും നേരിട്ട് അസഭ്യം പറയാനും പലരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇന്ന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെ വന്ന ഒരു ആക്ഷേപത്തിന്റെ സ്‌ക്രീൻ ഷോട്ട് കിട്ടിയിട്ടുണ്ട്. അതിൽ എനിക്കെതിരെ അപവാദം പറഞ്ഞത് ഒരു ക്ലാസ്‌മേറ്റ് സഖാവാണ്. അയാൾക്കെതിരെ ഞാൻ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞു. അത്തരം കേസുകൾ ഞാൻ വെറുതേ വിടില്ല'

'തെറ്റ് കണ്ടാൽ പറയും. എനിക്ക് പേടിയില്ല. പലരെയും നിങ്ങൾ പേടിപ്പിച്ച് നിശബ്ദരാക്കിയിട്ടുണ്ട്. എന്നോടത് നടക്കില്ല. നിങ്ങളുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്. അവിടെ തന്നെയാണ് ഞാൻ കോളേജ് ചെയർമാനായത്. നിങ്ങളെ തോൽപ്പിച്ച്. നിങ്ങളുടെ നുണകളെ തോൽപിച്ച്.-ഡോക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഡോക്ടർ എസ്.എസ്.ലാലിന്റെ പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:

കൊവിഡല്ല, ഞാൻ കോൺഗ്രസ് ആയതാണ് പ്രശ്‌നം

അതാണ് പ്രശ്‌നം. കോവിഡ് വിഷയത്തിൽ ഞാൻ ഉയർത്തുന്ന ചോദ്യങ്ങളല്ല അവരെ അലട്ടുന്നത്. ഞാൻ കോൺഗ്രസ് ആണെന്നതാണ് അവരുടെ പ്രശ്‌നം. മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്. ഡോക്ടറായാലും മിണ്ടാൻ പാടില്ല, വിഷയം രോഗമാണെങ്കിലും.

ഞാൻ പഠിച്ചത് വൈദ്യശാസ്ത്രമാണ്. സർക്കാർ കോളജിൽ പ്രതിവർഷം വെറും എഴുനൂറ് രൂപ ഫീസ് കൊടുത്താണ് പഠിച്ചത്. ബാക്കി പൈസ സർക്കാർ മുടക്കിയതാണ്. സർക്കാരിന്റെ പൈസ ജനങ്ങൾ കൊടുത്ത നികുതിയാണ്. അങ്ങനെ പഠിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്.

നാട്ടിലെ ഓരോ മനുഷ്യനും കൊടുക്കുന്ന നികുതി ഉപയോഗിച്ചാണ് സർക്കാരുകൾ ഭരിക്കുന്നത്. നമ്മുടെ ഇടയിലൂടെ കൊടിവച്ച കാറിൽ ഹോൺ മുഴക്കി അകമ്പടി വാഹനങ്ങളുമായി കടന്നുപോകുന്ന മന്ത്രിമാരുടെ ആ കാറുകൾ മുതൽ ശമ്പളം വരെ നമ്മുടെ നികുതിയാണ്. അതിനാൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ഞാനും നികുതിയടയ്ക്കുന്ന ആളാണ്. എനിക്കും ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്.

അധികാരമോ മന്ത്രി സ്ഥാനങ്ങളോ ആർക്കും കുടുംബ സ്വത്ത് വീതിച്ച് കിട്ടുന്നതല്ല. ഭരിക്കുന്ന പാർട്ടികൾ പിരിവെടുത്ത് ഉണ്ടാക്കുന്നതല്ല ഗവണ്മെന്റ്. ജനങ്ങളുടെ വോട്ട് കിട്ടിയാണ് മന്ത്രിമാർ ഭരണത്തിൽ വന്നത്. വോട്ട് ചെയ്തവർക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു. വോട്ട് ചെയ്യാതിരുന്നവർക്കും പ്രതീക്ഷകൾ ഉണ്ട്. കാരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ വന്നാൽ അത് എല്ലാവരുടേതുമാണ്. നാട്ടിലെ മുഴുവൻ പേരോടും ഉത്തരം പറയാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. സർക്കാരുകൾ പ്രതീക്ഷകൾ നിറവേറ്റിയില്ലെങ്കിലും സഹിക്കാം. പക്ഷേ ഭരണം ജനദ്രോഹത്തിനായി ഉപയോഗിക്കരുത്.

തെറ്റ് ചൂണ്ടിക്കാണിച്ചാലുടനേ അത് പറഞ്ഞവന്റെ പാർട്ടി നോക്കുന്നത് ദയനീയമാണ്. മനുഷ്യർ കോൺഗ്രസുകാർ ആണെന്നത് ഒരു അപരാധം ആണെന്ന പോലെ സിപിഎം. കാർ പറയുന്നത് ഏകാധിപത്യമാണ്. ഭീഷണിപ്പെടുത്തലാണ്. കേരളത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കാനുള്ള ശ്രമമാണത്. സാമൂഹ്യ മാധ്യമങ്ങളുടേത് ഉൾപ്പെടെ ഒരുപാട് കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ ഭീഷണി പഴയതു പോലെ നാട്ടിൽ നടക്കില്ല. സർക്കാരാണ് ഏകാധിപത്യ പ്രവണത വളർത്തുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ മുഖ്യമന്ത്രി തന്നെ നേരിട്ട് ആക്രമിക്കുകയാണ്. ഇപ്പോൾ യുദ്ധം കൊവിഡിനോടും ഏകാധിപത്യത്തോടും എന്ന നിലയിലാണ്.

അവിടവിടെ സ്വയം പ്രഖ്യാപിത ലോക്കൽ സെക്രട്ടറിമാർ പറയുന്നതിനൊന്നും മറുപടി എഴുതാൻ സത്യത്തിൽ എനിക്ക് സമയമില്ല. അവർ സൈബർ പടയാളികളാണ്. പാർട്ടി ഏൽപ്പിച്ച ജോലി കണ്ണടച്ച് ചെയ്യുന്നവരാണ്. പാവങ്ങളാണ്.

എന്നെപ്പറ്റി വ്യക്തിപരമായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കാനും നേരിട്ട് അസഭ്യം പറയാനും പലരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇന്ന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെ വന്ന ഒരു ആക്ഷേപത്തിന്റെ സ്‌ക്രീൻ ഷോട്ട് കിട്ടിയിട്ടുണ്ട്. അതിൽ എനിക്കെതിരെ അപവാദം പറഞ്ഞത് ഒരു ക്ലാസ്‌മേറ്റ് സഖാവാണ്. അയാൾക്കെതിരെ ഞാൻ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞു. അത്തരം കേസുകൾ ഞാൻ വെറുതേ വിടില്ല.

സിപിഎം. കാരുൾപ്പെടെ ഒരുപാട് നല്ല കമ്മ്യൂണിസ്റ്റുകൾ എന്നെ നേരിൽ ബന്ധപ്പെടുന്നുണ്ട്. സൈബർ പടയാളികളുടെ തെറ്റിന് അവർ എന്നോട് ക്ഷമ ചോദിക്കുന്നുണ്ട്. എനിക്ക് അത് മതി. അല്ലെങ്കിലും സിപിഎം. കാരെല്ലം മോശക്കാരാണെന്ന അഭിപ്രായം പണ്ടേ എനിക്കില്ല.

കോവിഡ് നിയന്ത്രണത്തിൽ സർക്കാർ അടുത്ത കാലത്തായി ചെയ്തു കൂട്ടിയ അബദ്ധങ്ങളും തെറ്റുകളും സർക്കാരിനെക്കൊണ്ട് തിരുത്തിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന. ജീവിക്കാൻ ജോലി ചെയ്യുന്നതിനിടയിലാണ് ഈ ശ്രമങ്ങൾ. അല്ലാതെ ബക്കറ്റ് പിരിവ് നടത്തിയിട്ടല്ല.

സിപിഎം. സൈബർ ഭടന്മാരോട്. ഞാൻ കോൺഗ്രസ് തന്നെയാണ്. അത് പതിനാല് വയസിൽ ആയതാണ്. കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെ ബഹുമാനിച്ചിരുന്ന, മരിച്ചു പോയ, ഒരു കോൺഗ്രസുകാരന്റെ മകനാണ്. കാല് തെന്നി കോൺഗ്രസിൽ വീണതല്ല. ഡോക്ടറായത് കോൺഗ്രസ് ക്വാട്ടയിലല്ല. പരീക്ഷ എഴുതിയാണ്. ആരോഗ്യവകുപ്പിൽ ഡോക്ടറായിരുന്നു. അതും സ്വയം പരീക്ഷ എഴുതിയാണ്. പാർട്ടി എഴുതിയതല്ല. ഡോക്ടർ കോൺഗ്രസ് ആകരുതെന്നോ കോൺഗ്രസുകാർ ഡോക്ടർ ആകരുതെന്നോ നിങ്ങളുടെ സർക്കാർ നിയമം കൊണ്ടുവന്നാലും ഞാൻ കോൺഗ്രസുകാരനായിരിക്കും. അതിനാൽ എന്റെ പിറകേ കൂടിയിട്ട് കാര്യമില്ല.

തെറ്റ് കണ്ടാൽ പറയും. എനിക്ക് പേടിയില്ല. പലരെയും നിങ്ങൾ പേടിപ്പിച്ച് നിശബ്ദരാക്കിയിട്ടുണ്ട്. എന്നോടത് നടക്കില്ല. നിങ്ങളുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്. അവിടെ തന്നെയാണ് ഞാൻ കോളേജ് ചെയർമാനായത്. നിങ്ങളെ തോൽപ്പിച്ച്. നിങ്ങളുടെ നുണകളെ തോൽപിച്ച്.

എന്റെ ചോദ്യങ്ങൾ തുടരും. സർക്കാർ ഇനിയും തിരുത്താത്ത കാര്യങ്ങൾ ഞാൻ നാളെ മുതൽ വിശദമായി എഴുതിത്ത്ത്തുടങ്ങും. കാത്തിരിക്കുക.

വാലറ്റം: ഞാൻ ബഹുമാനിക്കുന്ന, ഡൽഹിയിൽ ജീവിക്കുന്ന, പ്രശസ്തനായ ഒരു മുൻ എസ്.എഫ്.ഐ. നേതാവ് എന്നോട് സമാവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ഇന്ന് മെസഞ്ചറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് അവരൊക്കെ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. മറ്റു പല ഇടത് സുഹൃത്തുക്കളും ഇതേ അഭിപ്രായം പറയുന്നുണ്ട്. വളരെ അത്യാവശ്യമുണ്ടെങ്കിലേ ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ മറുപടികളുമായി ഞാനിനി വരൂ. സൈബർ പടയാളികൾ ശ്രദ്ധിക്കുക. നിങ്ങളും വിശ്രമിക്കുക :)

ഡോ: എസ്. എസ്. ലാൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP