Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറ് പാപ്പാന്മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ? തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി ; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ്

ആറ് പാപ്പാന്മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ? തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി ; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെച്ചിക്കോട്ടകാവ് രാമചന്ദ്രന്റെ പൂരവിലക്ക് നാട് മുഴുവൻ ചർച്ചാവിഷയമാണ്. ആന ഉടമകൾ ഇടഞ്ഞ് നിൽക്കുകയാണ്. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയാണ് സർക്കാർ. ഈ പശ്ചാത്തലത്തിൽ ഒരു കണ്ണിന് പൂർണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ആനയെ ലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂർപൂരത്തിന് എഴുന്നള്ളിക്കുന്നതിന്റെ അപകടങ്ങൾ ഓർമിപ്പിക്കുകയാണ് ഇൻഫോക്ലിനിക്കിലെ ഡോ.ജിനേഷ് പി.എസ്.

ഫേസബുക്ക് കുറിപ്പ് ഇങ്ങനെ:

നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമായിരിക്കും. അതിന്റെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനയും നടത്തിയിട്ടുണ്ട്. സാധാരണ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ കാണാറ് ട്രെയിൻ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ സ്‌നേഹ സ്പർശം അനുഭവിച്ചാൽ പരിക്ക് അതിലും കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

നിങ്ങളുടെ സുഹൃത്തിന്റെ തല രണ്ട് ചെവിയുടെ ഭാഗത്തുനിന്നും ഏകദേശം ഒരു ആയിരം കിലോ മർദ്ദം ഏൽപ്പിച്ചാൽ ഏത് ആകൃതിയിൽ ആവും ? ദോശക്കല്ല് പോലെ പരന്നിരിക്കും. അങ്ങനെയുള്ള തലകൾ കണ്ടിട്ടുണ്ടോ ? അവിടെ പൊട്ടിയ തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ?

വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിൻകൂട് കണ്ടിട്ടുണ്ടോ ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയർഭാഗം കണ്ടിട്ടുണ്ടോ ?പൊട്ടിത്തകർന്ന തുടയെല്ല് കണ്ടിട്ടുണ്ടോ ? അതിനുചുറ്റും ചതഞ്ഞരഞ്ഞ മാംസപേശികൾ കണ്ടിട്ടുണ്ടോ ?ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങൾ കണ്ടിട്ടുണ്ടോ ?

ഇല്ലെങ്കിൽ കാണണം. ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തി റിപ്പോർട്ടും അയച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും കണ്ടിട്ട് വേണം നിങ്ങൾ മറുപടി പറയാൻ... ഒരു കണ്ണിന് പൂർണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ഒരു ആനയെ ലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂർപൂരത്തിന് പങ്കെടുക്കണോ എന്ന് പറയുന്നതിനു മുമ്പ് നിങ്ങൾ ഈ കാഴ്ചകൾ കൂടി കാണണം.

കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നാണ് നിങ്ങൾ കരുതുന്നത് ? പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. കടുവ, പുലി, സിംഹം, കരടി അങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടാവാം.

നമ്മുടെ നാട്ടിൽ എന്റെ അഭിപ്രായത്തിൽ അത് ആനയാണ്. കടുവയും പുലിയും സിംഹവും ഒക്കെ ആഹാരത്തിനുവേണ്ടി മാത്രമേ മറ്റു ജീവികളെ കൊല്ലുകയുള്ളൂ. കരടി അല്ലാതെയും ആക്രമിക്കും എന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു രോഗിയെ കണ്ടിട്ടുമുണ്ട്. മുഖം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കണ്ണ് താടിയെല്ല് വരെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ... മെഡിക്കൽ കോളേജിലെ ചികിത്സയിൽ ആൾ രക്ഷപ്പെട്ടു എന്നാണ് ഓർമ്മ.

പകരം ആനയുടെ കാര്യം എടുക്കാം. ടൺകണക്കിനു ഭാരമുള്ള ഒരു ജീവിയാണ്. ആ ജീവി പോലും അറിയണമെന്നില്ല, സമീപത്തു നിൽക്കുന്ന ഒരാൾക്ക് പരിക്ക് പറ്റാൻ. ശക്തിയായി ആക്രമിക്കണമെന്നില്ല, തുമ്പിക്കൈകൊണ്ട് ഒരാൾ തെറിച്ചു വീഴാൻ. ആ സാധുമൃഗം ഒന്നു വെട്ടി തിരിയുമ്പോൾ നിങ്ങൾക്കു പരിക്കുപറ്റാം. പരിക്കുകൾ ഗുരുതരവും ആകാം.

ആന മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങളും കാട്ടിൽ സ്വച്ഛമായ ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്നതിനാൽ ഉണ്ടാവുന്നതാണ്. ഈ അപകടങ്ങൾ ആ ജീവിയുടെ കുറ്റമല്ല. അതിനെ ഉപയോഗിക്കുന്ന വിഡ്ഢികളുടെ, പണക്കൊതിയന്മാരുടെ കുറ്റമാണ്.

അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കൂ... ആറ് പാപ്പന്മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ എന്ന് ... തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി.

മറ്റൊന്നും പറയാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP