Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റ് കളി കാണാൻ പോകുന്ന ടോണിക്കും കൂട്ടുകാർക്കുമൊപ്പം ട്രെയിനിൽ കയറുന്ന സെലിബ്രിറ്റിയായി ജഗതി ശ്രീകുമാറിനെയാണ് ആദ്യം തിരഞ്ഞെടുത്തത്; കഥ കേട്ടപ്പോൾ കൗതുകം തോന്നിയ മോഹൻലാൽ പറഞ്ഞു; ജഗതിചേട്ടനെ ടി.ടി.ആർ ആക്കിയിട്ട് മമ്മൂക്കയെ സെലിബ്രിറ്റിയായി വിളിച്ചാലോയെന്ന്; കേട്ട കൗതുകത്തിൽ ജോഷി വഴി മമ്മൂക്കയെ ബന്ധപ്പെട്ടു; മമ്മൂക്ക എതിര് പറയാതെ അഭിനയിക്കാനെത്തി; നമ്പർ 20 മദ്രാസ് മെയിലിന്റെ വിജയത്തെക്കുറിച്ച് ഡെന്നീസ് ജോസഫ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയിൽ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തി വമ്പൻ ഹിറ്റ് ഒരുക്കിയ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തി ഓളം സൃഷ്ടിച്ച ചിത്രം എന്ന നിലയിൽ മലയാളത്തിൽ എന്നെന്നും മികച്ചകഥ തന്നെയായിരുന്നു ചിത്രം. ഇപ്പോഴിതാ നിറക്കൂ7ട്ടുകളില്ലാത്ത ആത്മകഥ എന്ന തന്റെ ആത്മകഥയിലൂടെ സിനിമ ഒരുക്കിയ വിജയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

'നാളെ കഴിഞ്ഞ് രാവിലെ ഷൂട്ട് ചെയ്യാനുള്ളതാണ്. വേഗം എഴുതിത്ത്ത്ത്തുടങ്ങിക്കോ...' എന്നുപറഞ്ഞു തിരക്കഥാകൃത്തിനെ പിടിച്ചിരുത്തി എഴുതിച്ച സിനിമ. അതു പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഡെന്നീസ് ജോസഫ് പ്രതികരിക്കുന്നത്.

1990 ഫെബ്രുവരി 16ന് റിലീസ് ചെയ്ത ചിത്രത്തെപ്പറ്റിയുള്ള വളരെ രസകരങ്ങളായ അനുഭവങ്ങൾ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് 'നിറക്കൂട്ടുകളില്ലാതെ' എന്ന ആത്മകഥയിൽ പങ്കുവച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആദ്യഭാഗം എഴുതാതെ സീൻ നമ്പർ മുപ്പത്തിയഞ്ചോ നാൽപതോ ആയാണ് എഴുതിത്ത്ത്ത്തുടങ്ങിയതെന്ന് അദ്ദേഹം ഓർക്കുന്നു. അതിനു കാരണവുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് ചെന്നൈയിലായിരുന്നു. സീൻ ഓർഡറിൽ കഥയുടെ ഏതാണ്ട് പകുതിയോട് അടുത്ത സീനിലാണ് കഥാപാത്രങ്ങൾ ചെന്നൈയിൽ എത്തിച്ചേരുന്നത്. അങ്ങനെ 'തലതിരിഞ്ഞ' രീതിയിൽ എഴുതിത്ത്ത്ത്തുടങ്ങിയ തിരക്കഥയാണ് നമ്പർ 20 മദ്രാസ് മെയിലിന്റേത്.

ഡെന്നിസ് സംവിധാനം ചെയ്ത 'അഥർവം' സിനിമയുടെ ഫൈനൽ റീ റെക്കോർഡിങ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. മമ്മൂട്ടി നായകനായ ആ സിനിമ അവസാന ഘട്ടത്തിൽ, നാളെ ഷൂട്ട് ചെയ്യേണ്ട സിനിമയ്ക്ക് ഇന്ന് തിരിക്കഥ എഴുതേണ്ടിവരുന്നതിന്റെ ടെൻഷൻ മറ്റൊരിടത്ത്. അതും ട്രെയിൻ സീനുകൾ. അതിനിടയ്ക്കാണ് ട്രെയിനു പെർമിഷൻ ആയില്ലെന്നറിയുന്നത്. 'ഒരുപാട് സമ്മർദങ്ങളുടെ നടുവിലിരുന്ന് ഞാൻ ആ തിരക്കഥ എങ്ങനെയോ എഴുതിക്കൊണ്ടിരുന്നു...' എന്നാണ് അതിനെപ്പറ്റി ഡെന്നിസ് ആത്മകഥയിൽ കുറിച്ചത്.

ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാനെത്തിയതിനു പിന്നിലും രസകരമായ കഥയുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് മോഹൻലാൽ ഡെന്നിസിന്റെ മുറിയിൽ വന്നു. സ്‌ക്രിപ്റ്റിനെക്കുറിച്ചായിരുന്നു സംസാരം. ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹൻലാലും കൂട്ടുകാരും കോട്ടയത്തു നിന്നു ട്രെയിനിൽ ചെന്നൈയിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാൻ പോവുകയാണ്. അതിനിടെ യാത്രക്കാരനായി ഒരു സെലിബ്രിറ്റി ഫിലിം ആക്ടർ ട്രെയിനിൽ കയറുന്നു. യഥാർഥത്തിൽ ജഗതി ശ്രീകുമാറിനെപ്പോലെ ഒരാളെയാണ് ആ റോളിൽ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ജഗതി കയറുന്നു. അവർ വെള്ളമടിച്ചും മറ്റുമായി അദ്ദേഹത്തെ ബോറടിപ്പിക്കുന്നു.

പക്ഷേ രണ്ടാം പകുതിയിൽ മോഹൻലാൽ അടക്കമുള്ള യുവാക്കൾ ഒരു കൊലപാതകക്കേസിൽ പെട്ടുപോകുമായിരുന്നു. അന്നേരം ജഗതിയുടെ കഥാപാത്രം അവരെ രക്ഷിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ടിടിആർ റോളും ചിത്രത്തിലുണ്ട്. പാലക്കാട് വരെ ഒരു ടിടിആറും പാലക്കാട് കഴിഞ്ഞാൽ മറ്റൊരു തമിഴ് ടിടിആറും. രണ്ടു പേരുടെയും റോൾ വളരെ പ്രധാനം. മോഹൻലാൽ ഒരു അഭിപ്രായം പറഞ്ഞു 'നമുക്ക് ജഗതിച്ചേട്ടനെ ഒരു ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനിൽ കയറുന്ന സെലിബ്രിറ്റി മമ്മൂക്കയെ ആക്കിയാലോ...?'മുറിയിൽ ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ഡെന്നിസ് പറഞ്ഞു'മമ്മൂക്ക ആയാൽ വളരെ നന്നായിരിക്കും. പക്ഷേ മമ്മൂക്ക ഈ റോൾ ചെയ്യമോ? എന്തായാലും നിങ്ങൾ ഒന്നു പറഞ്ഞുനോക്ക്...'

ആ സമയത്ത് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരു പടത്തിലും അഭിനയിക്കുന്നില്ല. അതിനു തൊട്ടുമുൻപ് അഭിനയിച്ചതെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളും. പത്മരാജന്റെ കരിമ്പിൻ പൂവിനക്കരെ, കരിയിലക്കാറ്റു പോലെ തുടങ്ങിയ ചിത്രങ്ങളിൽ. നമ്പർ 20 മദ്രാസ് മെയിലാകട്ടെ മോഹൻലാൽ ഹീറോ ആയ ചിത്രം. അതിൽ ചെറിയ റോൾ ആണെങ്കിലും മമ്മൂട്ടിയെപ്പോലെ ഒരാൾവന്നാൽ സിനിമക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. പക്ഷേ മോഹൻലാൽ അപ്പോൾത്തന്നെ പറഞ്ഞു.

'അയ്യോ, ഞാനില്ല. അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെക്കൊണ്ട് പറയിക്കാം'. അങ്ങനെ ഞങ്ങൾ ജോഷിയോടു പറഞ്ഞു, അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. പക്ഷേ മമ്മൂട്ടിയോടു പറയാൻ മടി. മോഹൻലാൽ നായകനാകുന്ന ഒരു ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കാൻ മമ്മൂട്ടി യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെങ്കിലോ? ജോഷിയാണു പറയുന്നതെങ്കിൽ അദ്ദേഹത്തോടുള്ള കടപ്പാടും ബന്ധവുംവച്ച് മമ്മൂട്ടിക്ക് പറ്റില്ലെന്നു പറയാൻ കഴിയാതെ വരും. ശരിക്കും അത് മമ്മൂട്ടിയെ ഒരു ട്രാപ്പിലിട്ട് പിടിക്കുന്നതുപോലെ ആയിപ്പോകും. അതാണു ജോഷി മനസ്സിൽ ഉദ്ദേശിച്ചതെന്ന് ഡെന്നിസിനു മനസ്സിലായി. ജോഷി പറഞ്ഞു'എടാ, ഞാൻ പറഞ്ഞാൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. നീ പറ അവനോട്...നിനക്കു പിന്നെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞുനിൽക്കാം...'

എന്തായാലും മമ്മൂക്കയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കാമെന്നുറപ്പിച്ച് ഡെന്നിസ് വിളിച്ചു. അക്കാലത്ത് തന്റെ മിക്ക കഥകളും, മോഹൻലാൽ അഭിനയിക്കുന്ന കഥകൾ പോലും, ലാൽ അറിയുന്നതിനു മുൻപുതന്നെ ഡെന്നിസ് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇരുവരും അന്ന് അയൽക്കാരുമായിരുന്നു. ഗിരിനഗറിൽ മമ്മൂട്ടിയുടെ വീടിന് അടുത്തായിരുന്നു ഡെന്നിസിന്റെ താമസം. മമ്മൂട്ടിയെ വിളിച്ച് ജഗതിയുടെ റോൾ ഒന്ന് ഡവലപ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും 'അതിനെന്താ, ചെയ്‌തേക്കാം...' എന്നായിരുന്നു മറുപടി. പക്ഷേ ഈയാഴ്ച തന്നെ ഡേറ്റ് വേണം! 'അതിനെന്താ, നീ ജോഷിയോട് ഒകെ പറഞ്ഞേക്ക്...' ഒരക്ഷരം മമ്മൂട്ടി മറുത്തുപറഞ്ഞില്ല.

ഫോൺവച്ച ശേഷം മോഹൻലാലും ജോഷിയും ഡെന്നിസും കുറേനേരം സ്തംഭിച്ച് 'ഇങ്ങേര് ഇത് സീരിയസ് ആയി പറഞ്ഞതാണോ, അതോ എന്നെ പരിഹസിച്ചതാണോ..?' എന്ന സംശയത്തിലിരുന്നു പോയി. എന്തായാലും രാത്രി ജോഷി വീണ്ടുംവിളിച്ചു. സംഗതി ശരിയാണ്. മമ്മൂട്ടി ഒകെ തന്നെയാണ്. അതുവരെയുണ്ടായിരുന്ന ടെൻഷൻ ഒന്നുകൂടി ഇരട്ടിയാവുകയായിരുന്നു ഡെന്നിസിന്. മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ സൂപ്പർതാരങ്ങളായി നിൽക്കുന്നു. അവരെ ബാലൻസ് ചെയ്തുവേണം സിനിമയെടുക്കാൻ. അതും ബാലൻസ് ചെയ്യാൻ പറ്റാത്ത വിധം വലുപ്പച്ചെറുപ്പമുള്ള റോളുകൾ. അന്നന്നു വേണ്ട തിരക്കഥ അന്നന്ന് എഴുതുകയും വേണം. അതിനിടയ്ക്ക് 'അഥർവ'ത്തിന്റെ റിലീസ്. അതിന്റെ ഗതി എന്താകുമെന്ന് അറിയില്ല. അങ്ങനെ വലിയ പിരിമുറുക്കത്തോടെയാണ് നമ്പർ 20 മദ്രാസ് മെയിൽ പൂർത്തിയാക്കിയതെന്നോർക്കുന്നു ഡെന്നിസ് ജോസഫ്.

മമ്മൂട്ടിമോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും നമ്പർ 20യെ പ്രേക്ഷകർ വാഴ്‌ത്തുന്നുണ്ടെങ്കിലും യഥാർഥത്തിൽ സിനിമയെപ്പറ്റി ആദ്യം ആലോചിക്കുമ്പോൾ ഈ രണ്ടു സൂപ്പർതാരങ്ങളും സീനിലേയുണ്ടായിരുന്നില്ല. കോട്ടയത്തു നിന്ന് ട്രെൻഡിയായ കുറച്ച് അടിപൊളി പിള്ളേർ ക്രിക്കറ്റ് കളി കാണാൻ ട്രെയിനിൽ കയറുന്നു. അവർ ട്രെയിൻ മുഴുവൻ നടന്ന് പെൺപിള്ളേരുണ്ടോയെന്നു നോക്കുന്നു, എല്ലാ കുസൃതികളും കാണിക്കുന്നു. ട്രെയിനിൽ വെള്ളമടിക്കാൻ തീരുമാനിക്കുന്നു. ടിടിആറുമായി കമ്പനിയായി യാത്ര പോകുന്നു. യാത്ര സ്ഥിരം തൊഴിലാക്കിയ സമ്പന്നരായ മൂന്നാല് യുവാക്കളുടെ കഥയാക്കിയായിരുന്നു ആലോചന.

ഒരിക്കലും അതിനെ ഒരു മോഹൻലാൽ സിനിമയായി എടുക്കണം എന്നല്ല കരുതിയത്. പുതുമുഖങ്ങളായ നാലഞ്ചു പേരെവച്ച് എന്നെങ്കിലും സിനിമയെടുക്കണം എന്നായിരുന്നു ജോഷിയുടെയും ഡെന്നിസിന്റെയും പദ്ധതി.

അങ്ങനെയിരിക്കുമ്പോഴാണ് ജോഷിയുടെ ഒരു പടം പെട്ടെന്ന് കാൻസലാകുന്നത്. അതിന്റെ ഗ്യാപ്പിലേക്ക് ചൂളംവിളിച്ചെത്തുകയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലിനെ വച്ച് എടുത്താലോ എന്നാലോചിച്ചപ്പോൾ മൊത്തം കഥാപാത്രങ്ങൾക്കും പ്രായം അൽപം കൂട്ടി. ജഗദീഷും മണിയൻപിള്ള രാജുവുമൊക്കെ അഭിനയിക്കുന്ന ഒരു തലത്തിലേക്ക് ചിത്രമെത്തിയതും അങ്ങനെയാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP