Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മധുപാലിന് ആദരാഞ്ജലികൾ' എന്നാരംഭിക്കുന്ന കമന്റുകൾ ചെന്നെത്തി നിൽക്കുന്നത് കേട്ടാലറയ്ക്കുന്ന അസഭ്യത്തിൽ വരെ; സംവിധായകനും നടനുമായ മധുപാലിനെതിരെ സൈബർ ആക്രമണം തകൃതി; ഇടതുപക്ഷത്തെ അനുകൂലിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ മധുപാൽ മരിച്ചുവെന്ന വാർത്ത പ്രചരിപ്പിച്ച് സൈബർ ഗുണ്ടായിസം

'മധുപാലിന് ആദരാഞ്ജലികൾ' എന്നാരംഭിക്കുന്ന കമന്റുകൾ ചെന്നെത്തി നിൽക്കുന്നത് കേട്ടാലറയ്ക്കുന്ന അസഭ്യത്തിൽ വരെ; സംവിധായകനും നടനുമായ മധുപാലിനെതിരെ സൈബർ ആക്രമണം തകൃതി; ഇടതുപക്ഷത്തെ അനുകൂലിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ മധുപാൽ മരിച്ചുവെന്ന വാർത്ത പ്രചരിപ്പിച്ച് സൈബർ ഗുണ്ടായിസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും നടനുമായ മധുപാലിനെതിരെ സമൂഹ മാധ്യമത്തിൽ വൻ ആക്രമണം. മധുപാലിന് ആദരാഞ്‌ലികൾ എന്നാരംഭിക്കുന്ന കമന്റുകൾക്ക് പിന്നാലെ കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് മധുപാലിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സംവിധായകനെതിരെ സൈബർ ആക്രമണം വീണ്ടും സജീവമാകുന്നത്. മധുപാൽ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയുടെ പ്രമോഷണൽ പോസ്റ്ററുകൾക്ക് താഴെയും അസഭ്യ കമന്റുകൾ വന്നിരുന്നു.

'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്' എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ വച്ച് പ്രസംഗിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടുള്ള മധുപാലിന്റെ വാക്കുകൾക്ക് പിന്നാലെ മധുപാൽ മരിച്ചു എന്ന് വരെ സൈബർ ആക്രമണം പ്രചരിച്ചിരുന്നു. 'ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്.

ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം' എന്നായിരുന്നു മധുപാലിന്റെ വാക്കുകൾ.

എന്നാൽ പ്രസംഗത്തിന് പിന്നാലെ കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ
ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായി ഒരുപറ്റം ആളുകൾ പ്രചരിപ്പിച്ചു. താൻ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉൾക്കൊള്ളുന്നുവെന്ന് മധുപാൽ ഫേസ്‌ബുക്കിൽ ഏപ്രിൽ മാസം 21ന് ഫേസ്‌ബുക്കിൽ എഴുതിയിരുന്നു.

മധുപാൽ ഒരു മാസം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ :

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ മധുപാൽ ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം സോഷ്യൽ മീഡിയായിൽ കണ്ടു. ഞാൻ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂർണമായും ഉൾക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാൻ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാൻ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മൾ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തിൽ ഒരു പൗരൻ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'

അതെ, ഞാൻ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങൾ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കിൽ, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കിൽ നമ്മൾ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാൻ, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാൻ, നമ്മൾ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോൾ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങൾ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങൾക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മൾ തുടർന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിർത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതിൽ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്നേഹത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ വർഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താൻ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങൾ അവരുടെ രക്തവും വിയർപ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകൾ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കിൽ നാം മൃതതുല്യരാവുക തന്നെ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP