Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ അവകാശവാദങ്ങളിൽ പത്ത് ശതമാനം മാത്രമേ കഴമ്പുള്ളു എന്നും ബാക്കി 90ശതമാനവും തള്ള് മാത്രം! ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നതെന്നും തൃത്താല എംഎൽഎ; കൊറോണയിൽ പിണറായി സർക്കാരിന് വിമർശിച്ച് വിടി ബൽറാം

സർക്കാരിന്റെ അവകാശവാദങ്ങളിൽ പത്ത് ശതമാനം മാത്രമേ കഴമ്പുള്ളു എന്നും ബാക്കി 90ശതമാനവും തള്ള് മാത്രം! ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നതെന്നും തൃത്താല എംഎൽഎ; കൊറോണയിൽ പിണറായി സർക്കാരിന് വിമർശിച്ച് വിടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

തൃത്താല: കോവിഡ് 19ന് എതിരെ പോരാടുന്ന കാര്യത്തിൽ സർക്കാരിന്റെ അവകാശവാദങ്ങളിൽ പത്ത് ശതമാനം മാത്രമേ കഴമ്പുള്ളു എന്നും ബാക്കി 90ശതമാനവും തള്ള് മാത്രം ആണെന്നും തൃത്താല എംഎൽഎ വിടി ബൽറാം. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നതെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി ക്വാറന്റൈൻ സൗജന്യം നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച മെയ് 26ന് കണക്കുകൾ ഇതിലും എത്രയോ കുറവായിരുന്നു. അന്ന് വരെ കേരളത്തിലേക്ക് പുറത്തുനിന്ന് വന്നത് 1,02,279 ആളുകളായിരുന്നു. അവരിൽ 13,638 ആളുകൾക്ക് മാത്രമായിരുന്നു ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്, അതായത് 13.33% ആളുകൾക്ക് മാത്രം. അതിപ്പോൾ 12.26 % ആയി കുറഞ്ഞു എന്നത് തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ തന്നെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റിനെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്.- ബൽറാം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികൾക്ക് ഇനി മുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ് എന്ന് കേൾക്കുന്നു. നിലവിൽത്തന്നെ പരമാവധി ആളുകളെ ഹോം ക്വാറന്റീനിലേക്ക് നിർബ്ബന്ധിക്കുകയാണ് സർക്കാർ. കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് സർക്കാരിന്റെ ഈ നീക്കം അപകടകരമായി മാറുമെന്ന ശക്തമായ ആശങ്ക ആരോഗ്യ വിദഗ്ദർക്കിടയിൽ ഉയർന്നിട്ടുണ്ട്.

ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നത്. വീട്ടിലേക്ക് പോവാൻ ഒരു നിവൃത്തിയുമില്ലാത്തവരെ സർക്കാർ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.

ബാത്ത് റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവർക്കായി തയ്യാറാക്കുന്നതെന്നാണ് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പതിവ് ആറ് മണി/ അഞ്ച് മണി വാർത്താ സമ്മേളനങ്ങളിൽ പറഞ്ഞിരുന്നത്. അതിൽ 1,63,000 കിടക്കകൾ തയ്യാറാക്കിക്കഴിഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ആ വാർത്താ സമ്മേളനങ്ങൾ ഏറിയകൂറും കപട അവകാശവാദങ്ങളും പിആർ എക്സർസൈസുമാണെന്ന് പ്രതിപക്ഷത്തിന് വിമർശനമുന്നയിക്കേണ്ടി വന്നതും ഇതുപോലുള്ള കാര്യങ്ങളിൽ സർക്കാർ ഗ്രാസ്റൂട്ട് തലത്തിൽ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല എന്ന വാസ്തവം നേരിട്ട് ബോധ്യപ്പെട്ടതിനാലായിരുന്നു. എന്നാൽ സർക്കാരിനേയോ മുഖ്യമന്ത്രിയേയോ വിമർശിക്കുന്നത് സംസ്ഥാന ദ്രോഹമായിട്ടായിരുന്നല്ലോ ആസ്ഥാന ബുദ്ധിജീവികളും മലയാള നോവലെഴുത്തുകാരും അക്കാലത്തൊക്കെ വിധിയെഴുതിയിരുന്നത്. അത്തരം അടിമ ജീവിതങ്ങൾക്കൊഴിച്ച് ബാക്കിയുള്ളവർക്കൊക്കെ ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് ബോധ്യമായി വരികയാണ്.

സർക്കാർ പ്രതീക്ഷിച്ചതിലും കൂടുതലാളുകൾക്ക് ക്വാറന്റൈൻ സൗകര്യങ്ങൾ ഒറ്റയടിക്ക് ഒരുക്കേണ്ടി വന്നതുകൊണ്ടുണ്ടായ ഒരു ബുദ്ധിമുട്ടല്ല ഇപ്പോൾ നേരിടുന്നത്. മറിച്ച്, കേരളത്തിലെവിടെയും ആവശ്യമായ അളവിൽ ക്വാറന്റൈൻ സൗകര്യം തയ്യാറാക്കാൻ സർക്കാരിന് ഒരു ഘട്ടത്തിലും കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആരോഗ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ എല്ലാ ദിവസത്തേയും കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങൾ അതിൽ നിന്നെടുത്തതാണ്. ഇന്നത്തെ ദിവസം (06/06/2020) പോലും ആകെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം നൽകുന്നത് വെറും 21,987 ആളുകൾക്കാണ്. അതായത് സർക്കാർ അവകാശപ്പെട്ടിരുന്ന രണ്ടര ലക്ഷത്തിന്റെ വെറും 8.7% മാത്രം. എന്നിട്ടും അത് നിർത്തുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ഇതുകൊണ്ടൊക്കെയാണ് സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളൂ, ബാക്കി 90% വും തള്ള് മാത്രമാണ് എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നത്.

കേരളത്തിൽ ഇന്നേവരെ പുറത്തുനിന്ന് വന്നത് 1,79,294 ആളുകളാണ്. അവരിൽ 1,54,446 ആളുകളും, അതായത് 86% വും വീട്ടിലാണ് ക്വാറന്റീനിൽ പോയത്. സർക്കാർ വക ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നേരത്തെപ്പറഞ്ഞ പോലെ 21,987 ത്തിന്, അതായത് 12.26% ആളുകൾക്ക് മാത്രമേ നിലവിൽ നൽകുന്നുള്ളൂ. വെറും 0.5% പേർക്ക് ഐസൊലേഷൻ സൗകര്യം വേണ്ടിവരുന്നുണ്ട്. ഇപ്പോൾ നൽകുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ എന്നതുതന്നെ പ്രയോഗ തലത്തിൽ സന്നദ്ധ സംഘടന / പഞ്ചായത്ത് വക സൗകര്യമാണ്. പലയിടത്തും ഭക്ഷണമടക്കം പ്രധാന ചെലവുകളൊന്നും വഹിക്കുന്നത് സംസ്ഥാന സർക്കാരല്ല. അതുപോലെത്തന്നെ, ഈപ്പറയുന്ന 21,987 ൽ രണ്ടായിരത്തോളം ആളുകൾ ഹോട്ടലുകളിലും റിസോർട്ടുകളിലുമൊക്കെയായി പേയ്ഡ് ക്വാറന്റൈൻ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവർക്കായും സർക്കാരിന് നയാപൈസയുടെ ചെലവ് ഇല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി ക്വാറന്റൈൻ സൗജന്യം നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച മെയ് 26ന് കണക്കുകൾ ഇതിലും എത്രയോ കുറവായിരുന്നു. അന്ന് വരെ കേരളത്തിലേക്ക് പുറത്തുനിന്ന് വന്നത് 1,02,279 ആളുകളായിരുന്നു. അവരിൽ 13,638 ആളുകൾക്ക് മാത്രമായിരുന്നു ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്, അതായത് 13.33% ആളുകൾക്ക് മാത്രം. അതിപ്പോൾ 12.26 % ആയി കുറഞ്ഞു എന്നത് തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ തന്നെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റിനെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്.

സാമൂഹ്യ വ്യാപന സാധ്യത വർദ്ധിച്ചു വരുന്ന ഈ ദിവസങ്ങളിൽ സർക്കാർ വക ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യങ്ങൾ നിർത്തലാക്കി/ പരിമിതപ്പെടുത്തി എല്ലാവരേയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP