Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയാണെങ്കിൽ അത് അവരുടെ സമ്മതം കൂടി നേടിയാവണം; വീഡിയോ ട്വീറ്റുമായി സോണിയാ ​ഗാന്ധി

വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയാണെങ്കിൽ അത് അവരുടെ സമ്മതം കൂടി നേടിയാവണം; വീഡിയോ ട്വീറ്റുമായി സോണിയാ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

നീറ്റ് - ജെഇഇ പരീക്ഷകൾക്കെതിരായി രാജ്യമാകെ പ്രതിഷേധം ഉയരവെ വിദ്യാർത്ഥികളുടെ സമ്മതം തേടണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. 'വിദ്യാർത്ഥികളാണ് നമ്മുടെ ഭാവി. മികച്ച ഇന്ത്യ കെട്ടിപ്പടുക്കാൻ അവരെയാണ് നാം ആശ്രയിക്കേണ്ടത്. അവരുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയാണെങ്കിൽ അത് അവരുടെ സമ്മതം കൂടി നേടിയാവണം'. സോണിയാ ട്വീറ്റ് ചെയ്തു. വീഡിയോ ട്വീറ്റിലൂടെയാണ് സോണിയ ഇക്കാര്യം ഉന്നയിച്ചത്.

സർവ്വകലാശാല അവസാന വർഷ പരീക്ഷകൾ യുജിസി നിർദ്ദേശിച്ച സമയത്തു തന്നെ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി വിധി വരികയും നീറ്റ്-ജെഇഇ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷസംഘടനകൾ പ്രതിഷേധം തുടരുകയും ചെയ്യുന്നതിനിടെയാണ് സോണിയാ ​ഗാന്ധിയുടെ വീഡിയോ ട്വീറ്റ്. സെപ്റ്റംബർ 30നുള്ളിൽ എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് പറഞ്ഞത്. യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ല. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബഞ്ചിൻറേതാണ് വിധി.

സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. എൻഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയും നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് എതിരാണ്. തമിഴ്‌നാട്ടിലിപ്പോൾ, പ്രവേശന പരീക്ഷകൾ നടത്താൻ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരിക്കുന്നത്. ഇത്തവണ നീറ്റ് ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ല. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പളനിസ്വാമി പറഞ്ഞു.

കോവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, വലിയ കോവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാനടത്തിപ്പിനെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ തുടങ്ങിയ എൻ.എസ്.യു.ഐ-യുടെ സത്യഗ്രഹ സമരവും തുടരുകയാണ്.

അതിനിടെ, നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാരിന് അനുമതി നൽകിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാർ സുപ്രീം കോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകി. വിദ്യാർത്ഥികൾക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താൻ അനുവദിച്ച വിധിയെന്ന് ഹർജിയിൽ പറയുന്നു.പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരായാണ് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്.

കോവിഡ് മൂലം വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രവേശന പരീക്ഷകൾ നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിൽ സുപ്രീം കോടതി അനുമതി നൽകിയത്. കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുപോവേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സായന്തൻ ബിശ്വാസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP