Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കരകയറുന്ന കെഎസ്ആർടിസി കരകയറ്റാതെ ജീവനക്കാർ..! ബസ് നിർത്തി കൂട്ടുകാരോട് പല തവണ കുശലം പറച്ചിൽ; ഗതികെട്ട് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ യാത്രക്കാരുടെ പരാതി; 'ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സിയുടെ യൂണിയനുകളിൽപെട്ട മഹാന്മാർ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈലിൽ വിളി തുടങ്ങിയിട്ടുണ്ട്; വൈറലായി യാത്രക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കരകയറുന്ന കെഎസ്ആർടിസി കരകയറ്റാതെ ജീവനക്കാർ..! ബസ് നിർത്തി കൂട്ടുകാരോട് പല തവണ കുശലം പറച്ചിൽ; ഗതികെട്ട് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ യാത്രക്കാരുടെ പരാതി; 'ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സിയുടെ യൂണിയനുകളിൽപെട്ട മഹാന്മാർ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈലിൽ വിളി തുടങ്ങിയിട്ടുണ്ട്; വൈറലായി യാത്രക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പാലാ: കൂട്ട പിരിച്ചുവിടലും സർവീസുകൾ വെട്ടിച്ചുരുക്കിയും പ്രതിസന്ധികളിൽ തട്ടിമുന്നോട്ട് നിങ്ങുമ്പോഴും കെഎസ്ആർടിസിയെ രക്ഷപ്പെടാൻ സമ്മതിക്കില്ല എന്ന വാശിയിൽ ഉറച്ചു നിൽക്കുകയാണ് ചില ജീവനക്കാർ. ദുരിതക്കിടക്കയിൽ ശ്വാസം മുട്ടുമ്പോഴും യാത്രക്കാരന് നേർക്ക് കെഎസ്ആർടിസി ഡ്രൈവറുടെ അതിക്രമം. എറണാകുളം- പാലാ റൂട്ടിൽ ഓടുന്ന ആർഎസ്എ 869-ാം നമ്പർ ബസിന്റെ ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി നൽകിയ യുവാവ് പരാതി ഉൾപ്പടെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ഇന്നലെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് പാലായിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ തലയോലപ്പറമ്പിന് അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി കൂട്ടുകാരോട് കുശലം പറഞ്ഞതാണ് സംഭവങ്ങളുടെ ആരംഭം. ഇത് പലപ്പോഴി ആവർത്തിച്ചപ്പോൾ ബസിലെ യാത്രക്കാർ ഇത് ചോദ്യം ചെയ്തു.

Stories you may Like

ബസിന്റെ മുൻസീറ്റിൽ ഇരുന്ന ഒരാൾ ഉച്ചത്തിൽ തന്നെ ബസ് എടുക്കാൻ ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവർ ബസ് എടുക്കാൻ തയാറായത്. പിന്നീട് ഏറ്റുമാനൂരിൽ ബസ് എടുക്കാൻ ആവശ്യപ്പെട്ട യാത്രക്കാരൻ ഇറങ്ങിയപ്പോൾ ഡ്രൈവർ ഇദ്ദേഹത്തെ ഇറങ്ങി വന്ന് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അപ്പോൾ ബസിലുണ്ടായിരുന്ന ബാലു മഹേന്ദ്ര എന്ന യുവാവാണ് പാലാ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയത്. മർദിച്ച ശേഷം സൗകര്യമുള്ളവൾ ബസിൽ യാത്ര ചെയ്താൻ മതിയെന്നും അല്ലാത്തവർ ഇവിടെ ഇറങ്ങിക്കോണം എന്ന് ഭീഷണി മുഴക്കിയ ശേഷവുമാണ് ഡ്രൈവർ ബസ് എടുത്തതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഈ സംഭവങ്ങൾ വിശദീകരിച്ച് ബാലു മഹേന്ദ്ര ഫേസ്‌ബുക്കിൽ കുറിപ്പിട്ടതോടെ കെഎസ്ആർസി ഡ്രൈവറുടെ അതിക്രമത്തിനെതരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.മർദനത്തിന്റെ വീഡിയോ കിട്ടാനായി ഏറ്റുമാനൂരിലെ കടക്കാരോട് സിസിടിവി ദൃശ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും പരാതിയിൽ ഉറച്ച് നിൽക്കാനാണ് തീരുമാനമെന്നും ബാലു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഡ്രൈവർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പാലാ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെ.എസ്.ആർ.ടി.സി രക്ഷപ്പെടുത്താൻ തച്ചങ്കരി കിടന്ന് എന്ത് പുലികളി നടത്തിയാലും ആ സ്ഥാപനം രക്ഷപെടില്ല.. ആദ്യം ജീവനക്കാരുടെ മനോഭാവം മാറണം. കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്ന ഒരോയാത്രികനുമാണ് ജീവനക്കാർക്ക് അരിവാങ്ങാനുള്ള കാശ് നൽകുന്നത്. അതിനാൽ യാത്രക്കാരൻ തന്നെയാണ് കെ.എസ്.ആർ.ടി.സിയിലെ രാജാവ്..

ഇതു ഇപ്പോൾ പറയുന്നത് ഇന്നലെ ഉണ്ടായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രിസ്മസിന്റെ തലേന്നായ ഇന്നലെ ഞാൻ വൈകിട്ട് ആറുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഓടിയെത്തിയാണ് കലൂരിൽ നിന്ന് പ്രൈവറ്റ് ബസിൽ വൈറ്റില ഹബിൽ എത്തുന്നത്. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങി മണിക്കൂറുകൾ വൈകിയാണ് ബസ് ഹബ്ബിലെത്തിയത്.. ഈ സമയം പാലായിലേക്കുള്ള പതിവ് ബസുകളെല്ലാം പോയിരുന്നു. ചില ബസുകൾ ജീവനക്കാരുടെ കുറവ് മൂലം റദ്ദാക്കിയെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

തുടർന്ന് കോട്ടയം ബസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് രാത്രി 7.50ന് പാലാ ഡിപ്പോയിലെ ആർ.എസ്.എ 869 -ാം നമ്പർ ബസ് ഹബ്ബിൽ എത്തുന്നത്. തൃപ്പൂണിത്തറ, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ, കിടങ്ങൂർ വഴി പാലായിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ഇത്.. വൈറ്റിലയിൽ നിരവധി യാത്രക്കാർ ബസിൽ കയറി.. എനിക്ക് ഇരിക്കാനുള്ള സീറ്റും കിട്ടി.. ടിക്കറ്റ് എടുത്ത് തൃപ്പൂണിത്തറ കഴിഞ്ഞപ്പോൾ തന്നെ ഉറങ്ങിപ്പോയിരുന്നു... തുടർന്ന് ഒരു ബഹളം കേട്ടാണ് ഏഴുന്നേറ്റത്.. അന്നേരം ബസ് തലയോലപ്പറമ്പിന് സമീപമുള്ള റോഡ് അരുകിൽ നിർത്തിയിട്ട് ഡ്രൈവർ കൂട്ടുകാരോട് കുശലം പറയുകയാണ്..

മിനിട്ടുകൾ കഴിഞ്ഞതോടെ യാത്രക്കാർ ഈ സംഭവം ചോദ്യം ചെയ്തു. എല്ലാവർക്കും വീട്ടിൽ പോകണം.. പലരും പാലായിൽ നിന്നുള്ള കണക്ട് ബസുകളിൽ കയറികൂടാനാണ് ഫാസ്റ്റ്ബസിൽ ടിക്കറ്റ് എടുത്ത് കയറിയത്.. ഇത് ഇക്കാര്യം ബസിലുണ്ടായിരുന്ന വനിത കണ്ടക്ടറോട് പറഞ്ഞെങ്കിലും അവർ കൈമലർത്തി.. തുടർന്ന് ബസിന്റെ മുൻപിലിരുന്ന ഒരാൾ ഡ്രൈവറോട് ബസ് എടുക്കാൻ ഉച്ചത്തിൽ തന്നെ ആവശ്യപ്പെട്ടു.. ബസിലുള്ള യാത്രക്കാരെ എല്ലാവരെയും പള്ള് വിളിച്ച് ഡ്രൈവർ ബസ് എടുത്തു.

വീണ്ടും ബസിൽ കിടന്ന് ഉറങ്ങി, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എത്തിയപ്പോൾ വീണ്ടും ബഹളമായി.. ഡ്രൈവറെ ചോദ്യം ചെയ്ത ആൾ ആ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ഡ്രൈവർ ഇറങ്ങി ചെന്ന് അയാളെ ക്രൂരമായി മർദ്ദിച്ചു.. എല്ലാവരുടെയും മുന്നിൽ കിടന്ന് അടിവാങ്ങിയതുകൊണ്ടുള്ള അപമാനം കൊണ്ടാണോ എന്ന് അറിയില്ല അയാൾ കരഞ്ഞ് കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് സൗകര്യമുള്ളവൾ ബസിൽ യാത്ര ചെയ്താൻ മതിയെന്നും അല്ലാത്തവർ ഇവിടെ ഇറങ്ങിക്കോണം എന്ന തിട്ടൂരവും പുറപ്പെടുവിച്ച് ഡ്രൈവർ ബസ് എടുത്ത്. എന്നാൽ, ഞാൻ അടക്കമുള്ള ചിലർ ഡ്രൈവറുടെ ഈ തോന്ന്യവാസം ചോദ്യം ചെയ്തു. ബസിൽ ബഹളമായി.. ഇതോടെ ബസിൽ ഇരുന്ന സ്ത്രീകളും കുട്ടികളും പറഞ്ഞു പ്രശ്നമുണ്ടാക്കരുത്, അവർ എല്ലാം പാലായിലെത്തി മറ്റുമ ബസുകളിൽ കയറിപോകാൻ ഇരിക്കുന്നതാണെന്ന്. എന്തെങ്കിലും കാരണത്താൽ ഈ ബസ് താമസിച്ചാൽ ഞങ്ങൾക്ക് വീടുകളിൽ ചെന്നെത്താൻ കഴിയില്ലെന്നും.

ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.. ഇതിനിടെ തന്നെ കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലും കോർപറേഷൻ സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ ഓഫീസിലും വിളിച്ച് പരാതി അറിയിച്ചു. തുടർന്ന് ഇവരുടെ നിർദ്ദേശ പ്രകാരം പാലാ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് എത്തി രേഖമൂലം പരാതി നൽകുകയും ചെയ്തു. ബസ് താമസിച്ച് ഡിപ്പോയിൽ എത്തിയതിനാൽ പലർക്കും ഇന്നലെ വീടുകളിൽ എത്താനുള്ള ബസുകൾ കിട്ടിയില്ല. ക്രിസ്മസ് ആയിട്ടും ഞാനും യാത്രക്കാരായ നാലു പേരും ചേർന്ന് ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.. ഇവരെ പരസ്പരം എനിക്ക് അറിയുകകൂടി ഇല്ല.. ഇന്നലെ ആ ബസിൽ ഉണ്ടായിരുന്ന ആരെങ്കിലും ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ ഇൻബോക്സിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു..

ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സിയുടെ യൂണിയനുകളിൽപെട്ട മഹാന്മാർ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈൽ ഫോണിൽ വിളി തുടങ്ങിയിട്ടുണ്ട്.. ഏതായാലും അടികൊണ്ട പേരറിയാത്ത ആ സഹോദരനുവേണ്ടി പരാതി ഉറച്ചു നിൽക്കാൻ തന്നെയാണ് തീരുമാനം.. മർദ്ദനത്തിന്റെ വീഡിയോ കിട്ടാനായി ഏറ്റുമാനൂരിലെ കടക്കാരോട് സി.സി.ടി.വി ദൃശ്യങ്ങൾ തരാമോയെന്നും രാവിലെ ചോദിച്ചിട്ടുണ്ട്. ഈ ഗുണ്ടായിസം ഇന്ന് പൂട്ടിയില്ലെങ്കിൽ നാളെ എനിക്കും നിങ്ങൾക്കും നേരെ ഇവന്മാർ കൈ ഉയർത്തും... അതിനാൽ കുറച്ച് നാൾ വെള്ളം കുടിച്ച് നടക്കട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP