Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ആലങ്കാരികഭാഷയിലാണ് ഖുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ; ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്'; വൈറലായി സി രവിചന്ദ്രന്റെ ട്രോൾ

ആലങ്കാരികഭാഷയിലാണ് ഖുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ; ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്'; വൈറലായി സി രവിചന്ദ്രന്റെ ട്രോൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മതഗ്രന്ഥങ്ങളിൽ നിറയെ ആധുനിക ശാസ്ത്രം പിൽക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് യുക്തിവാദി നേതാവ് ഇ എ ജബ്ബാറും, ഇസ്ലാമിക പണ്ഡിതൻ എം എം അക്‌ബറും തമ്മിൽ ഈയിടെ നടന്ന സംവാദം. ഓഷ്യാനോഗ്രാഫിയിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെ ഖുർആൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് എം എം അക്‌ബർ വ്യാഖ്യാനിച്ച് സമർഥിച്ചത്. എന്നാൽ ആഴക്കടലിൽ ഇരുട്ടാണെന്നത് അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യമായിരുന്നെന്നും, ബാക്കിയുള്ള ഓഷ്യാനോഗ്രഫിയെല്ലാം അക്‌ബറിന്റെ വെറും വാചകക്കസർക്ക് മാത്രമാണെന്നുമാണ് ജബ്ബാർ ഇതിന് മറുപടി നൽകിയത്. പക്ഷേ ഇങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ലോകത്തിലെ ഏത് സംഭവവും മത ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് പറയാൻ കഴിയുമെന്നാണ് എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ കൃഷിയിടമാണെന്ന ഖുർആനിലെ വാചകം വ്യാഖ്യാനിച്ചാൽ , പുതിയ കാർഷിക നിയമം പോലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെന്നന്ന സി രവിചന്ദ്രന്റെ ട്രോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

സി രവിചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

കുർആനും കാർഷികനിയമങ്ങളും

(1) കുർ-ആനിൽ കൃഷിയിടം(tilth) എന്ന വാക്ക് ഒന്നലധികം തവണ കടന്നുവരുന്നുണ്ട്. ഒന്നിതാണ്: ''നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.'' (Surah Al-Baqara Ayah #223)

(2) ഈ വരികളുടെ ശരിയായ അർത്ഥം മനസ്സിലാക്കാൻ കുർ-ആൻ 4.34 കൂടി വായിക്കേണ്ടതുണ്ട്. അതിങ്ങനെയാണ്: ''പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതുകൊണ്ടും, (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാൽ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.''

(3) ആലങ്കാരികഭാഷയിലാണ് കുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ പറയുന്നപോലെ സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ. കൃഷിയിടത്തിൽ വിത്തുവിതച്ച് വിളകൊയ്യുന്നതു ആധുനിക കൃഷിശാസ്ത്രം അംഗീകരിക്കുന്ന കാര്യമാണ്. സത്രീ-പുരുഷ ബന്ധത്തിലൂടെ നവസൃഷ്ടി നടത്തുമ്പോൾ ഇരുകൂട്ടരും അമ്പത് ശതമാനം ജനിതകപദാർത്ഥം കൈമാറുന്നതിനാൽ അക്കാര്യമല്ല കുർ-ആൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പിന്നെയെന്താണ് അവിടെ വിവരിക്കുന്നത്? ന്യായമായും കൃഷിയും കൃഷിയിടവും തന്നെയാണ് വിവക്ഷിക്കപെടുന്നത്.

(4) വിത്തിന്റെ അമ്പത് ശതമാനം കൃഷിയിടം സംഭാവന ചെയ്യും എന്നു പറയുമ്പോൾ സബ്‌സിഡി എന്ന ആധുനിക കൃഷിവ്യാപര സങ്കൽപ്പമാണ് അനാവരണം ചെയ്യപെടുന്നത്. അമ്പത് ശതമാനം സബ്‌സിഡി സർക്കാർ നൽകണം എന്നർത്ഥം. താങ്ങുവില (MSP) എന്ന സങ്കൽപ്പത്തെ ശക്തമായി സാധൂകരിക്കുന്ന ഒരു നിർദ്ദേശമാണിത്. ഏതിനം വിത്തുവിതയ്ക്കണം-എപ്പോൾ വിതയ്ക്കണം എന്നതിനുള്ള അധികാരം കൃഷിക്കാരനാണ് (പുരുഷന്) എന്ന് ആർത്ഥശങ്കയില്ലാതെ വി.ഗ്രന്ഥം പ്രഖ്യാപിക്കുന്നു. സത്യത്തിൽ ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ അതിലംഘിക്കുന്ന സാർവത്രികനീതിയാണ് ഇവിടെ പ്രതിപാദിക്കപെടുന്നത്.

(5) അമ്പതു ശതമാനം സബ്‌സിഡി എന്ന ആശയം കാർഷികനിയമങ്ങളിൽ വരുന്നത് ആധുനികകാലത്താണെങ്കിലും പതിനാല് നൂറ്റാണ്ടിന് മുമ്പ് ഈ കുർആൻ ഇക്കാര്യം തർക്കരഹിതമായ പറഞ്ഞുവെച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് വിത്തിറക്കാനും വിള കൊയ്യാനും വിൽക്കാനും കർഷകന് സ്വാതന്ത്ര്യം വേണം എന്ന കുർആനിക ആശയവും. പിൽക്കാലത്ത് മനുഷ്യർ കണ്ടെത്തുന്ന കാര്യങ്ങൾ വി.ഗന്ഥങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നു എന്നത് നിസ്സാരമായി കാണുന്നവർ ആഴത്തിൽ പഠിക്കട്ടെ. ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക വി.ഗ്രന്ഥം കുർആനാണ്.

(6) ഭാര്യ കൃഷിയിടം ആണെന്ന വിശേഷണത്തിലൂടെ സ്ത്രീക്ക് കുർആൻ നൽകുന്ന സവിശേഷപ്രാധാന്യവും ആദരവും വ്യക്തമാകുന്നുണ്ട്. അന്നംതന്ന് ഊട്ടുന്നതും കൃഷിയിടം തന്നെയാണല്ലോ. കേവലരതിയേയും സന്താനോത്പാദനത്തെയും ഉല്ലംഘിക്കുന്ന മാനവിക മാനങ്ങൾ വി.ഗ്രന്ഥം ആധുനിക മനുഷ്യനെ പഠിപ്പിക്കുകയാണ്.14 നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർക്ക് അജ്ജാതമായിരുന്ന ഒരു കാര്യം പച്ചയക്ക് പറയുകയാണ്. ഇവിടെ ഭാര്യ എന്നാൽ സ്ത്രീ എന്ന പ്രാഥമിക അർത്ഥം തന്നെ സ്വീകരിച്ചാൽ തെറ്റു പറയാനാവില്ല. പക്ഷെ ആരാണ് ആ സ്ത്രീ? അവിടെയാണ് കുർആനിക മഹത്വം ഒളിഞ്ഞുകിടക്കുന്നത്. ആ സ്ത്രീ ഭാര്യയാണോ? അല്ല. സാക്ഷാൽ ഭൂമി തന്നെയാണ് പരാമർശിക്കപെടുന്നത്.

(7) ഈ വരികളുടെ സമഗ്രമായ അർത്ഥം വ്യക്തമാകണമെങ്കിൽ കുർആൻ 4.34 കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അവിടെ വഴങ്ങാത്ത ഭാര്യയെ അടിക്കാമെന്ന് പറയുന്നുണ്ട്. എന്താണർത്ഥം? കൃഷിയിടം ഭൂമിയാണ്, ഭാര്യ സ്ത്രീയാണ്. അപ്പോൾ ഭാര്യയെ അടിക്കാം എന്നാൽ കൃഷിഭൂമിയിൽ അടിക്കാം എന്ന് മനസ്സിലാക്കാം. കൃഷിഭൂമിയിൽ ഒരാൾ എങ്ങനെയാണ് അടിക്കുന്നത്? കൃഷിഭൂമി ഉഴുതുമറിക്കുക, കൃഷിയിറക്കുക...എന്നൊക്കെയുള്ള അർത്ഥം മാത്രമേ അവിടെ സാധുവാകൂ. അതായത് മികച്ച രീതിയിൽ കാർഷികവൃത്തി ഇഹലോകത്ത് നിർവഹിക്കേണ്ടത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് കുർ-ആൻ അറിയിക്കുന്നു. 4.34 ൽ ഭാര്യയെ ആദ്യം ഉപദേശിക്കുക എന്ന വാക്കിന് അറബിമൂലം അനുസരിച്ച് കൃഷിഭൂമിയിൽ വളമിടുക എന്ന വ്യാഖ്യാനമാണ് കൂടുതൽ ഉചിതമായി വരിക.

(8) മനുഷ്യാദ്ധ്വാനത്തിന്റെ വില മനുഷ്യരാശിയെ ബോധ്യപെടുത്താൻ അവതീർണ്ണമായ ഗ്രന്ഥമാണ് കുർ-ആൻ. അദ്ധ്വാനമഹത്വം വർണ്ണിക്കുന്ന ഗ്രന്ഥങ്ങൾ വേറെ കണ്ടെത്താനായേക്കും. പക്ഷെ ഇതുപോലെ നേരിട്ടും ആഴത്തിലുമുള്ള പരാമർശം മറ്റെങ്ങും കണ്ടെത്താനാവില്ല. അവതീർണ്ണമായ കാലത്തെ അറബികൾക്ക് ധാരണയില്ലാതിരുന്ന കാര്യങ്ങളാണ് കാർഷിക സമ്പദ് വ്യവസ്ഥയുമായി ബന്ധപെടുത്തി കുർആൻ നിഷ്‌കർഷിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടപ്പാക്കുന്ന കാർഷികനിയമത്തിന് ശേഷമാണ് ലോകജനതയ്ക്ക് ഇക്കാര്യം തിരിച്ചറിയാനായത്.

(9) ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തെക്കാൾ കഴിവ് അള്ളാഹു നൽകി എന്ന വാചകം ലിംഗനീതി സങ്കൽപ്പത്തിന് വിരുദ്ധമാണ് എന്ന വാദം തെറ്റാണ്. ഒരു നിറച്ച ഗ്യാസ് കുറ്റി ഒറ്റയ്ക്ക് എടുത്തുയർത്താൻ പുരുഷന് സാധിക്കും എന്നതു തിരിച്ചറിഞ്ഞാൽ അള്ളാഹുവിന്റെ കരാമത്ത് തിരിച്ചറിയാം. അടി കൊടുത്തിട്ട് അനുസരിപ്പിക്കുന്നവരെ പിന്നീട് ഉപദ്രവിക്കരുത് എന്ന് വി.ഗ്രന്ഥം പറയുന്നതും ശ്രദ്ധേയമാണ്. കൃഷിക്ക് വഴങ്ങുന്ന ഭൂമി ഊഷരമാക്കി കളയരുത് എന്ന ജാഗ്രതയും കരുതലുമാണ് ഈ വാക്യങ്ങളിൽ നിഴലിക്കുന്നത്. നിങ്ങളുടെ കൃഷിഭൂമി ഇഷ്ടപെട്ട രീതിയിൽ ഉപയോഗിച്ചുകൊള്ളൂ എന്ന കൽപ്പന കർഷകന്റെ സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതുമാണ്. ഇടനിലക്കാരുണ്ടെങ്കിൽ ഇഷ്ടാനുസാരം ഉപയോഗിക്കാനാവില്ലല്ലോ.

(10) യഹൂദരുടെ ലൈംഗിക പാരമ്പര്യവാദത്തെ വിമർശിക്കുന്നതിലൂടെ
(Sahih Bukhari, Volume 6, Book 60) നവീന കൃഷിരീതികളും കാർഷിക ബന്ധങ്ങളും ആധുനികലോകത്തിൽ അനിവാര്യമാണെന്ന സന്ദേശം വ്യക്തമാകുന്നുണ്ട്. കൃഷിയുടെ സമ്പൂർണ്ണവും കാലികവുമായ പരിഷ്‌കരണമാണ് അവിടെ സൂചിപ്പിക്കപെടുന്നത്. ഇന്ത്യയിലെ പുതിയ കാർഷികനിയമം വിഭാവനം ചെയ്യുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ പരിഷ്‌കരണവാദമാണ് കുർ-ആനും ഉന്നയിക്കുന്നത്. ശരിയാണ്, കുർആൻ ആധുനിക രാഷ്ട്രനിർമ്മാണവും നിയമനിർമ്മാണവും പഠിപ്പിക്കാനായി എഴുതപെട്ട ഗ്രന്ഥമല്ല. അത് കൃഷിശാസ്ത്രം പഠിപ്പിക്കാൻ അവതീർണ്ണമായതുമല്ല. പക്ഷെ ആധുനികയുഗത്തിലെ കൃഷി നിയമനിർമ്മാണങ്ങൾക്ക് വിരുദ്ധമായതൊന്നും വി.ഗ്രന്ഥത്തിൽ കണ്ടെത്താനാവില്ല എന്നത് ആരെയും ഇരുത്തി ചിന്തിപ്പിക്കും. അപ്പോഴും അവശേഷിക്കുന്ന ചോദ്യം പ്രസക്തമാണ്-2020 ൽ മനുഷ്യരുടെ നിയമനിർമ്മാണസഭ അംഗീകരിച്ച ഒരു ബില്ല് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് വിഭാവനം ചെയ്യാൻ കുർ-ആൻ രചിച്ച ആൾക്ക് എങ്ങനെ സാധിച്ചു?! ആരാണതിന്റെ പിന്നിൽ പ്രവർത്തിച്ചത്? ഉത്തരം കണ്ടെത്തിയാൽ നിങ്ങൾ നിങ്ങളെ കണ്ടെത്തിയതായി ഉറപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP