Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസുഖകരമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കി സ്ത്രീയ്ക്ക് എതിരെ വിവേചനം കാണിച്ചാൽ അതു സെക്ഷ്വൽ ഹരാസ്‌മെന്റ് ആയി കണക്കാക്കാം; ശാരീരികമോ ലൈംഗികമോ ആയ പീഡനം ആയി മാത്രം വ്യാഖ്യാനിച്ചാൽ ആശയക്കുഴപ്പമുണ്ടാകും; ബിആർപി ഭാസ്‌കറിനെ വിമർശിച്ച സംസ്‌കാര സമ്പന്നന് കോടതി ഉത്തരവു ചൂണ്ടിക്കാട്ടി ഒരു സാധാരണക്കാരന്റെ മറുപടി

അസുഖകരമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കി സ്ത്രീയ്ക്ക് എതിരെ വിവേചനം കാണിച്ചാൽ അതു സെക്ഷ്വൽ ഹരാസ്‌മെന്റ് ആയി കണക്കാക്കാം; ശാരീരികമോ ലൈംഗികമോ ആയ പീഡനം ആയി മാത്രം വ്യാഖ്യാനിച്ചാൽ ആശയക്കുഴപ്പമുണ്ടാകും; ബിആർപി ഭാസ്‌കറിനെ വിമർശിച്ച സംസ്‌കാര സമ്പന്നന് കോടതി ഉത്തരവു ചൂണ്ടിക്കാട്ടി ഒരു സാധാരണക്കാരന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂസ് 18 കേരളയിൽ മാനേജ്‌മെന്റിന്റെ പീഡനത്തിന് ഇരയായ വനിതാ മാധ്യമ പ്രവർത്തകയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിനെ വിമർശിച്ചവർക്കു മറുപടി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന പദം ഉപയോഗിക്കുന്നതിനു പിന്നിലെ നിയമവശം സോമരാജൻ പണിക്കർ എന്നയാളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സുപ്രീകോടതിയുടെ സുപ്രധാന ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബിആർപിയെ വിമർശിച്ച 'സംസ്‌കാരസമ്പന്നന്' സോമരാജൻ മറുപടി നൽകിയിരിക്കുന്നത്.

സെക്ഷ്വൽ ഹരാസ്‌മെന്റിനെ ശാരീരിക പീഡനമോ ലൈംഗിക പീഡനമോ ആയി കരുതി വിയോജിച്ച ഒരു പോസ്റ്റിൽ മറുപടി പറഞ്ഞവർ ഉപയോഗിച്ച ഭാഷ പ്രബുദ്ധരായ മലയാളികൾക്കു ഒട്ടും യോജിക്കുന്നതായിരുന്നില്ലെന്നും സോമരാജൻ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂർണരൂപം ചുവടെ

സ്വതന്ത്രമായ അഭിപ്രായ പ്രകടനം, അതു നമുക്കു യോജിക്കാവുന്നതോ വിയോജിക്കാവുന്നതോ എതിർക്കാവുന്നതോ ആവട്ടെ അതിനു മറുപടി പറയുമ്പോൾ ഉപയോഗിക്കേണ്ട ഭാഷ നമ്മളുടെ അടയാളം തന്നെയാണെന്നു പലപ്പോഴും ഫേസ്‌ബുക്കിൽ അനാരോഗ്യകരമായ വ്യക്തിഹത്യ നടത്തുന്നതു കണ്ടു മനംനൊന്തു എഴുതിയിട്ടുണ്ട്.

സ്വകാര്യ ഇടങ്ങളിൽ പോലും ഉപയോഗിക്കാൻ മടിക്കുന്ന ഭാഷ ഒരു പൊതുവിടത്തിൽ ഒരു വ്യക്തിയേ ഒരഭിപ്രായം എഴുതിയതിന്റെ പേരിൽ ഒരു മടിയും മര്യാദയും ഇല്ലാതെ എഴുതി വിടുന്നതു കണ്ടു ഞാൻ അൽഭുതപ്പെട്ടു പോയിട്ടുണ്ട്. നൂറു ശതമാനം സാക്ഷരത, പ്രബുദ്ധത, അഭ്യസ്ത വിദ്യർ, സാംസ്‌കാരിക സമ്പന്നർ, പുരോഗമന ആശയക്കാർ, ഫാസിസ്റ്റ് വിരുദ്ധർ, മാനവികതയിൽ വിശ്വസിക്കുന്നവ, വിശ്വ സാഹോദര്യത്തിൽ അഭിമാനം കൊള്ളുന്നവർ, സാഹോദര്യത്തിന്റെ മതത്തിൽ വിശ്വസിക്കുന്നവർ, ആർഷ ഭാരതം എന്നു അഭിമാനം കൊള്ളുന്നവർ, സ്ത്രീ ദേവതയാണു എന്നു വിശേഷിപ്പിക്കുന്നവർ, ദളിതു മുന്നേറ്റം സാമൂഹ്യ പുരോഗതി ആണെന്നു ഉറച്ചു വിശ്വസിക്കുന്നവർ, അങ്ങിനെ എത്രയോ ഉയർന്ന ബൗദ്ധിക നിലവാരം ഉള്ള നമ്മൾ മലയാളികൾ ഫേസ് ബുക്കിൽ വ്യത്യസ്ത അഭിപ്രായമോ നിരീക്ഷണമോ ആശയമോ പങ്കു വച്ചാലുടൻ അതിനെ നല്ല ഭാഷ കൊണ്ടു ഖണ്ഡിക്കുന്നതിനു പകരം നിലവാരമില്ലാത്ത ഭാഷയോ അസഭ്യമോ വ്യക്തിപരമായ അവഹേളനമോ കൊണ്ടു പ്രതിരോധിക്കുന്ന ഒരു രീതി ഇന്നു ഫേസ് ബുക്കിൽ വ്യാപകം ആണു .

ഞാൻ എറ്റവും അധികം ശ്രദ്ധിക്കുകയും ആദരിക്കുകയും ചെയ്യുന്ന ധാരാളം വ്യക്തികൾ എഴുതുന്ന പോസ്റ്റുകളിലെ വാദങ്ങളോടു എനിക്കു പലപ്പോഴും യോജിക്കാൻ പറ്റുന്നില്ല എന്നു മാത്രമല്ല നേർ വിപരീത അഭിപ്രായവും ആയിരിക്കും. എങ്കിൽ പോലും അവർക്കു അവരുടെ സ്വതന്ത്ര അഭിപ്രായം എഴുതാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തേ മാനിച്ചും അംഗീകരിച്ചും മാത്രമേ ഞാൻ എന്റെ വിയോജനക്കുറിപ്പു എഴുതുകയുള്ളൂ. അവരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു വാചകം പോലും അവരുടെ എത്ര കടുത്ത വിരോധി ആണേങ്കിൽ കൂടി എഴുതുന്നതിനെ ഒട്ടും അനുകൂലിക്കുന്നുമില്ല .

അതു ഫേസ് ബുക്കിൽ പ്രശസ്തരായ എഴുത്തുകാർ ആയ സർവ്വശ്രീ സച്ചിതാനന്ദൻ, പിഎം മനോജ്, അശോകൻ ചരുവിൽ, ഡോ. ഇക്‌ബാൽ, ബിനോയ് വിശ്വം, അനിൽ കുമാർ, ഹരീഷ് വാസുദേവൻ, ബി ആർ പീ ഭാസ്‌കർ, സേതു, ബന്യാമിൻ, എന്റെ അടുത്ത സുഹൃത്തുക്കൾ ആയ ചന്ദ്രശേഖരൻ നായർ, റെജി കുമാർ, ബീന, ഗീതാ നസീർ, ജയശ്രീ തോട്ടക്കാട്ട്, സരിതാ വർമ്മ, ഷാഹിന, തുടങ്ങി എണ്ണമറ്റ വ്യത്യസ്തവും സ്വതന്ത്രവും ആയ രാഷ്ട്രീയ ആശയക്കാർ വരെ എന്തു എഴുതിയാലും അവരെ അങ്ങിനെ എഴുതി എന്ന കാരണത്താൽ ആക്ഷേപിക്കാൻ ഞാൻ ഒരുക്കമല്ല എന്നു മാത്രമല്ല അവരെ വ്യത്യസ്തമായ ചിന്താശേഷി ഉള്ളവരായി അംഗീകരിക്കാൻ ആണു എനിക്കിഷ്ടം. വെറും ഒരു സാധാരണക്കാരനായ എനിക്കു അത്തരം ഉന്നത ബൗദ്ധിക നിലവാരം പുലർത്തുന്ന സുഹൃത്തുക്കളുമായി യോജിക്കാനും വിയോജിക്കാനും സംവദിക്കാനും അവസരം ഫേസ്‌ബുക്ക് ഒരുക്കിത്തന്നതിൽ നന്ദി പറയാനാണു എനിക്കു ഇഷ്ടം .

ഞാൻ ഇന്നു ഇതു ഒരിക്കൽ കൂടി എഴുതാൻ കാരണം മുതിർന്ന മാധ്യമ പ്രവർത്തകൻ ആയ ശ്രീ . ബീ ആർ പീ ഭാസ്‌കറിനെ( Brp Bhaskar) വിമർശിച്ചു കൊണ്ടു എഴുതിയ ഒരു പോസ്റ്റിൽ സംസ്‌കാര സമ്പന്നർ എഴുതിയ കമന്റുകൾ വായിച്ചതു കൊണ്ടാണ് അദ്ദേഹം എഴുതിയ പോസ്റ്റ് ' sexual harassment at work place ' എന്നതിനെ ശാരീരിക പീഡനമോ ലൈംഗിക പീഡനമോ ആയി കരുതി വിയോജിച്ച ഒരു പോസ്റ്റിൽ മറുപടി പറഞ്ഞവർ ഉപയോഗിച്ച ഭാഷ പ്രബുദ്ധരായ മലയാളികൾക്കു ഒട്ടും യോജിക്കുന്നതായിരുന്നില്ല. അദ്ദേഹം ഉപയോഗിച്ച ആ വാക്കിനു സുപ്രീം കോടതി നൽകിയ മാർഗനിർദ്ദേശക തത്വങ്ങളിൽ എന്താണു പറഞ്ഞിരിക്കുന്നതു എന്നറിയാൻ എനിക്കും കൗതുകം ഉള്ളതിനാൽ ആ ഭാഗം ഇവിടെ ലിങ്ക് ആയി ചേർക്കുന്നു.

ഒരു സ്ത്രീക്കു, അവർ സ്ത്രീ ആയി എന്ന ഒരു കാരണം കൊണ്ടു തൊഴിലിടത്തിൽ അസുഖകരമായ ഒരു തൊഴിൽ അന്തരീക്ഷം മനപ്പൂർവ്വം ഉണ്ടാക്കി വിവേചനം കാണിച്ചാൽ അതു sexual harassment ആയി കണക്കാക്കും എന്നാണു സുപ്രീം കോടതി നിർവചിച്ചിരിക്കുന്നതു .
ആ അർഥം അല്ലാതെ അതു ശാരീരികമോ ലൈംഗികമോ ആയ പീഡനം ആയി മാത്രം വ്യാഖ്യാനിച്ചാൽ അതു വലിയ പ്രകോപനവും ആശയക്കുഴപ്പവും ഉണ്ടാക്കും.

ഈ പരാതിയിലെ നിയമവശം ഞാൻ ചർച്ച ചെയ്യുന്നില്ല . അതു കോടതി പരിഗണിക്കുന്ന വിഷയം ആണു. എന്നാൽ മറുപടി പറയാൻ ഉപയോഗിക്കുന്ന ഭാഷ പ്രബുദ്ധ കേരളത്തിനു ഒട്ടും ഭൂഷണം ആയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP