Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട ഗഫൂറിന് നീതി നിഷേധിച്ച് പൊലീസ്; ആക്രമിച്ചത് ഹോട്ടൽ ഉടമയും ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെട്ട പതിനഞ്ചംഗ സംഘം; നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ

ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട ഗഫൂറിന് നീതി നിഷേധിച്ച് പൊലീസ്; ആക്രമിച്ചത് ഹോട്ടൽ ഉടമയും ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെട്ട പതിനഞ്ചംഗ സംഘം; നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ

കോഴിക്കോട്: ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട സാധാരണക്കാരനായ ഒരു മനുഷ്യന് നീതി നിഷേധിച്ച് പൊലീസ്. ബേപ്പൂർ സ്വദേശിയായ ഗഫൂർ എന്നയാളാണ് ആക്രമണത്തിനിരയായത്. ഈ മാസം 12-ന് ബേപ്പൂർ അങ്ങാടിയിലെ ഹോട്ടൽ ഉടമയും അയാളുടെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെടെ പതിനഞ്ചംഗ സംഘമാണ് ഗഫൂറിനെ ക്രൂരമർദ്ദനത്തിനിരയാക്കിയത്. 

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചെറുവണ്ണൂർ ക്രസന്റ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. എന്നാൽ സംഭവത്തിൽ കേസെടുക്കാനോ ഗഫൂറിന്റെ മൊഴിരേഖപ്പെടുത്താനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണ് പൊലീസ് നിശബ്ദമാകാൻ കാരണമെന്നാണ് സൂചന. ഇതിനിടെ പ്രശ്‌നത്തിലിടപെട്ട ബേപ്പൂർ സ്വദേശിയും സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനുമായ കെ.എം സന്തോഷ് പൊലീസുകാരുമായി സംസാരിച്ചെങ്കിലും ഗഫൂർ നേരത്തെ പല കേസുകളിലും പ്രതിയായിട്ടുണ്ടെന്നായിരുന്നു മറുപടി.

ഇതേത്തുടർന്ന് പരുക്കേറ്റ ഗഫൂറിന്റെ ചിത്രങ്ങളും ആശുപത്രിയിൽ കഴിയുന്ന വീഡിയോയും സന്തോഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണർക്കുള്ള ഒരു തുറന്ന കത്തും സന്തോഷ് ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്.
തൂക്കിക്കൊല്ലാൻ വിധിച്ചവനു പോലും ദയാഹർജി നൽകാൻ അവസരമുള്ള രാജ്യത്ത് ക്രൂരമായി അക്രമിക്കപ്പെട്ട ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പറഞ്ഞ് നീതി നിഷേധിക്കുകയും അക്രമിക്കൾക്ക് സംരക്ഷണം നൽകുയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് സന്തോഷ് കത്തിൽ പറയുന്നു. ഈ കത്ത് പരാതിയായെടുത്ത് അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

കെ.എം സന്തോഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

 ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു തുറന്ന കത്ത്

സർ,
ഇതൊടൊപ്പം അയക്കുന്ന ഫോട്ടോ ആ മാസം 12ന് രാത്രി ബേപ്പൂർ അങ്ങാടിയിൽ വച്ച് തെരുവു പട്ടിയെപ്പോലെ തല്ലിച്ചതക്കപ്പെട്ട ഗഫൂർ എന്ന ബേപ്പൂരുകാരന്റെ ചിത്രങ്ങളാണ്. ചെറുവണ്ണൂർ ക്രസന്റ് ആശുപത്രിയിൽ ഇയാൾ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇന്നലെ വരെ മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു. ബേപ്പൂർ അങ്ങാടിയിലെ എടി ടോപ്പ് ഹോട്ടൽ ഉടമയും അവിടുത്തെ ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘം ഇയാളെ അതിക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

ബേപ്പൂർ സ്വദേശി എന്ന നിലക്കും അന്ന് രാത്രി പ്രശ്നമറിഞ്ഞ് സംഭവസ്ഥലം സന്ദർശിച്ച് ആ വാർത്ത റിപ്പോർട്ട് ചെയ്ത ആൾ എന്ന നിലക്കുമാണ് ഞാൻ ഇക്കാര്യങ്ങൾ കുറിക്കുന്നത്. ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗഫൂറിന്റെ കുറച്ചു ഫോട്ടോകൾ എനിക്ക് വാട്ട്സ് ആപ്പ് ചെയ്തു. പിന്നാലെ അവന്റെ കോളും വന്നു. ഇത്രയും ഗുരുതരമായ പരിക്കു പറ്റിയ ഗഫൂറിന്റെ മൊഴി എടുക്കാൻ പോലും ബേപ്പൂർ പൊലീസ് ഇതുവരെ വന്നിട്ടില്ല. ഇപ്പോൾ കേസ് ഒത്തു തീർപ്പാക്കണമെന്നു പറഞ്ഞ് പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സമ്മർദ്ദമാണെന്നും പറഞ്ഞു. ഇതു കേട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഗഫൂറിന്റെ നമ്പർ വാങ്ങി അയാളെ നേരിട്ട് വിളിച്ചു. മേൽപ്പറഞ്ഞതെല്ലാം അയാളും പറഞ്ഞു. എനിക്കു നീതി കിട്ടണം സാർ, ഞാൻ എന്താണു ചെയ്യേണ്ടത്. ഞങ്ങൾ പാവങ്ങളാണ്. ശുപാർശ ചെയ്യാനും സ്വാധീനിക്കാനും ആരുമില്ല.

 ഗഫൂറിന്റെ വാക്കുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. തുടർന്ന് ഞാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. അപ്പോൾ കിട്ടിയ മറുപടി എന്നെ വല്ലാതെ ഞെട്ടിച്ചു. അയാൾ ക്രിമിനലാണ്. അയാളുടെ ബാക്ക് ഫയൽ അത്ര ശരിയല്ല. മുമ്പും പല കേസുകളിലും പ്രതിയാണിയാൾ എന്നൊക്കെയായിരുന്നു മറുപടി.

എന്റെ ഈ ചോദ്യങ്ങൾ കൂടി കേൾക്കാൻ ദയയുണ്ടാകണം.

1) ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ഇന്ത്യൻ ഭരണ ഘടന അനുശ്വാസിക്കുന്ന നീതി ലഭിക്കാൻ അർഹനല്ലെ?

2) തെരുവുപട്ടിയെപ്പോലെ ഒരാൾ നടുറോഡിൽ ആക്രമിക്കപ്പെട്ടിട്ടും ആക്രമിക്കപ്പെട്ടവരെ സംരക്ഷിക്കുന്നത് എന്തു ന്യായത്തിലാണ്. ആക്രമിക്കപ്പെട്ടയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അക്രമിച്ചവരെ പുണ്യാളന്മാരാക്കി സംരക്ഷിക്കാൻ ഏതു നിയമത്തിലാണ് പറയുന്നത്. അല്ലെങ്കിൽ ഇത് ഏത് ഏമാൻ കൽപ്പിക്കപ്പെട്ടിട്ടാണ് നടപ്പാക്കുന്നത്. അതിക്രൂരമായ ഒരാൾ അക്രമിക്കപ്പെട്ട കേസിൽ അന്നു രാത്രി കസ്റ്റഡിയിൽ എടുത്തവരെ പോലും പിറ്റേന്ന് രാവിലെ നിരുപാധികം വിട്ടയച്ചത് ഏതു നീതിയുടെ ഭാഗമാണ്. ബേപ്പൂർ പോലെ സെൻസിറ്റീവായ ഒരു സ്ഥലത്ത് ഇങ്ങനെ ലാഘവബുദ്ധിയില്ലാതെയാണോ പൊലീസ് പ്രവർത്തിക്കേണ്ടത്. ഇങ്ങനെ നീതി നിഷേധിക്കപ്പെട്ടാൽ അത് ആ നാടിനെ അരാജകത്വത്തിലേക്ക് നയിക്കപ്പെടില്ലെ.

2) തൂക്കിക്കൊല്ലാൻ വിധിച്ചവനു പോലും ദയാഹരജി നൽകാൻ അവസരമുള്ള വിശാല ഇന്ത്യയാണ് നമ്മുടേത്. അഫ്സൽ ഗുരുവിനു പോലും ദയാഹരജി നൽകാൻ ഇവിടെ അവസരമുണ്ടായിട്ടുണ്ട്. അത്തരമൊരു രാജ്യത്ത് ക്രൂരമായി അക്രമിക്കപ്പെട്ട ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പറഞ്ഞ് നീതി നിഷേധിക്കുകയും അക്രമിക്കൾക്ക് സംരക്ഷണം നൽകുയും ചെയ്യുന്നത് ലജ്ജാകരമാണ്.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൽ ഒരു പരാതിയായെടുത്ത് അന്വേഷണം നടത്തി ഇക്കാര്യത്തിൽ നീതി ലഭ്യമാക്കാൻ താൽപര്യം.

എന്ന്
കെ.എം. സന്തോഷ്
ബ്യൂറോ ചീഫ്
മെട്രൊ വാർത്ത - കോഴിക്കോട്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP