Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അടിച്ചു പൊളിക്കുക' എന്ന ന്യൂജൻ പ്രയോഗത്തിന്റെ ശരിയായ അർഥം ഇപ്പോഴാണ് മനസ്സിലായത്; ആരാന്റ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലെന്നോ? കഷ്ടം! കയ്യടിക്കുന്നു, ആർപ്പുവിളിക്കുന്നു, ഇവർക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ്? മരട് പൊളിക്കലിലെ മലയാളി ആഹ്ലാദത്തെ കുറ്റപ്പെടുത്തി ബാലചന്ദ്ര മേനോൻ

'അടിച്ചു പൊളിക്കുക' എന്ന ന്യൂജൻ പ്രയോഗത്തിന്റെ ശരിയായ അർഥം ഇപ്പോഴാണ് മനസ്സിലായത്; ആരാന്റ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലെന്നോ? കഷ്ടം!  കയ്യടിക്കുന്നു, ആർപ്പുവിളിക്കുന്നു, ഇവർക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ്? മരട് പൊളിക്കലിലെ മലയാളി ആഹ്ലാദത്തെ കുറ്റപ്പെടുത്തി ബാലചന്ദ്ര മേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മരടിൽ ഫ്‌ളാറ്റുകൾ പൊളിഞ്ഞു വീഴുന്നത് ശരിക്കും മലയാളികൾ ആഘോഷിക്കുകയായിരുന്നു. നിയമം ലംഘിച്ചു അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ സെക്കറ്റുകൾക്കുള്ളിൽ ഇടിഞ്ഞു വീഴുന്ന കാഴ്‌ച്ചയാണ് മലയാളികൾ ആഘോഷമാക്കിയത്. ചാനലുകൾ തത്സമയ സംപ്രേഷണം ഒരുക്കിയാണ് കോടതി ഉത്തരവ് നടപ്പിലാക്കുന്നത് ആഘോഷിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ നാല് ഫ്ലാറ്റുകളാണ് രണ്ട് ദിവസങ്ങളിലായി സ്ഫോടനം നടത്തി തകർത്തത്. ഓരോ ഫ്ലാറ്റുകളും പൊളിഞ്ഞുവീഴുന്നത് വളരെ ആവേശത്തോടെയും കരഘോഷങ്ങളോടെയുമാണ് ആളുകൾ സ്വീകരിച്ചത്. ഇപ്പോൾ ഇതിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.

സർക്കാരിനേയും രാഷ്ട്രീയനേതാക്കളേയും, മാധ്യമങ്ങളേയും ജനങ്ങളേയും വിമർശിക്കുകയാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം. വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് നിലംപൊത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. മരട് ഫ്ലാറ്റിനെകൂടാതെ പാലാരിവട്ടം മേൽപ്പാലത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മരട് ഫ്ലാറ്റിനും പാലാരിവട്ടം പാലത്തിന്റേയും ദുർവിധിക്കു കാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ മുഖംനോക്കാതെ ശിക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്രമേനോന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

രണ്ടു ദിവസമായി നമ്മൾ മലയാളികൾ വലിയ ആഹ്ലാദത്തിലാണ്. 'അടിച്ചു പൊളിക്കുക' എന്ന ന്യൂജൻ പ്രയോഗത്തിന്റെ ശരിയായ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത് . മാസങ്ങളുടെയോ ഒരുപക്ഷേ വർഷങ്ങളുടെയോ കഠിനാദ്ധ്വാനം കൊണ്ടും 'കരക്കാരുടെ' കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടും നൂറു കണക്കിന് മനുഷ്യരുടെ അദ്ധ്വാനം കൊണ്ടും നാം പടുത്തുയർത്തിയ ഏതാനും രമ്യ ഹർമ്യങ്ങൾ നാം നിഷ്‌ക്കരുണം നിമിഷങ്ങൾക്കുള്ളിൽ നിലം പരിശാക്കുകയാണ്. ആർക്കും ഒരു മനഃപ്രയാസവുമില്ല എന്ന് മാത്രമല്ല 'സുപ്രീം കോടതിയുടെ ' കൽപ്പന അതേപടി പ്രവൃത്തികമാക്കുമെന്നുള്ള തൃപ്തിയാണ് മനസ്സിൽ .

നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല , മറിച്ചു എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് എന്ന പരമമായ സത്യം ആരും തിരിച്ചറിയുന്നില്ല . ജീവനും സ്വത്തിനും സംരക്ഷണം നല്കുമെന്ന ഭരണഘടനയിലെ വകുപ്പ് ആരും ഓർക്കുന്നില്ല എന്നാണോ ? പരീക്ഷയ്ക്കു പഠിക്കുന്ന കുഞ്ഞുങ്ങൾ , ദിനവും ഡയാലിസിസ് നടത്തുന്ന വാർധക്യം ബാധിച്ചവർ, ഇന്നോ നാളെയോ സ്വന്തം വീട്ടിൽ കിടന്നു പ്രസവിക്കുവാൻ തയ്യാറെടുക്കുന്നവർ...അവരൊക്കെ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിക്കുന്നത് ഭരണാഘടനാലംഘനമാവില്ലല്ലോ ....

നമ്മുടെ നാട്ടിൽ ഒരു കെട്ടിടം കെട്ടിപ്പൊക്കുന്നതിനു ചില നിയമങ്ങൾ ഉള്ളത് സർക്കാർ ഓഫിസിലെ ഏതു ബന്ധപ്പെട്ട മണ്ടനാണ് അറിയാൻ വയ്യാത്തത് ? അതോ തീരദേശ നിയമം ഇന്നലെ പാതിരക്കാണോ നിലവിൽ വന്നത് ? ഒരു പ്രവാസിയാണെങ്കിലും നാട്ടിൽ വരുമ്പോൾ ജീവിതത്തിലെ ഗൃഹാതുരത്വത്തിന്റെ പ്രേരണയിൽ ഒരു ഫ്‌ളാറ്റ് വാങ്ങുമ്പോൾ നികുതി ഞങ്ങളിൽ നിന്നും പതിവായി വാങ്ങുന്ന സർക്കാർ 'ഞങ്ങളുടെ താൽപ്പര്യം കാത്തു സൂക്ഷിക്കുമെന്ന'വിശ്വാസമാണ് അവന്റെ മനസ്സിലുള്ളത്.

ഒരു സുപ്രഭാതത്തിൽ അവൻ കാണുന്നത് വീട് നിലം പരിശാക്കാൻ വന്നു നിൽക്കുന്ന സർക്കാരുദ്യോഗസ്ഥനാണ് . ഇതിനിടയിൽ രാഷ്ട്രീയമേലാളന്മാർ വന്നു അവർക്ക് മോഹങ്ങൾ വിൽക്കുന്നു . ഒരു സർക്കാരും ഒരു ചുക്കും ചെയ്യില്ലെന്നും അങ്ങിനെ ചെയ്താൽ അവരുടെ നെഞ്ചിൽ കൂടി കേറിയേ പോകൂ എന്ന് പറയാൻ അവർക്കു ഒരു ഉളിപ്പുമില്ല .ഒടുവിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോൾ ആരെയും കണ്ടില്ല

ഒടുവിൽ അനുഭവിക്കുന്നത് പാവം പൗരൻ! അവൻ എന്ത് തെറ്റ് ചെയ്തു? ഈ ദുർവിധിക്കു കാരണക്കാരായ സർക്കാർ മേലാളന്മാർ നെഞ്ചും വിരിച്ചു നടക്കുന്നു ...എന്താ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ചുപോയാൽ ആരെയും കുറ്റംപറയാനാവില്ല ...

ഇനി, സമുച്ചയം അടിച്ചുപൊളിക്കുന്നതു ആരെങ്കിലും കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും നഷ്ടമാകരുതെന്ന നിർബന്ധത്തോടെ മത്സരബുദ്ധിയോടെ ചാനലുകൾ രംഗത്തുണ്ട്. ഫ്‌ളാറ്റുകൾ തകർന്നു തരിപ്പണമാകുമ്പോൾ അത് കണ്ടാസ്വദിക്കാൻ മാലോകർ കൂട്ടം കൂടി നിൽക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. സമുച്ചയം നിലം പരിശാകുമ്പോൾ മാലോകർ കയ്യടിക്കുന്നു... ...ആർപ്പു വിളിക്കുന്നു ....ഇവർക്കു മനുഷ്യത്വവും ഇല്ലാതായോ ? അതോ , ആരാന്റ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലെന്നോ ? കഷ്ടം !

ഫ്‌ളാറ്റിന്റെ കാര്യത്തിന് മുൻപ് പൗരനെ ചതിച്ച പാലാരിവട്ടം പാലം അടുത്ത ക്രൂരമായ അനുഭവമാണ് .പാലം പണിഞ്ഞത് ഇവിടുത്തെ പൗരന്മാരല്ല ..റോഡിൽ കുഴികൾ സുലഭമായി വിതരണം ചെയ്തതും പൗരന്മാരല്ല .ഇതൊക്കെ പരിഹരിക്കാൻ ഉത്തരവാദിത്വമുള്ള സർക്കാർ ഏമാന്മാർ ഇവിടെയില്ലേ ?ബന്ധപ്പെട്ട മന്ത്രിയെ പ്രോസിക്യൂട്ടു ചെയ്യാൻ ഗവർണറുടെ സമ്മതത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി ..കുഴികളിൽ ജീവിതങ്ങൾ ദിനവും കെട്ടടങ്ങുമ്പോഴും ഇരു ചക്രവാഹങ്ങളിൽ സഞ്ചരിക്കുന്നവർ ' എന്തിനു ഗതാഗത മന്ത്രി പറയുന്നതുപോലെ വില കുറഞ്ഞ ഹെൽമെറ്റുകൾ ധരിക്കണം?' എന്ന് നികുതി കൊടുക്കുന്ന പൗരൻ തിരിച്ചു ചോദിച്ചാൽ അവനെ കുറ്റംപറയാനാവില്ല .

സർക്കാരിൽ പൊതുജനത്തിന് വിശ്വാസം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം എങ്കിൽ മാത്രമേ ഭരണഘടന അർഥവത്താവുകയുള്ളൂ . അതുണ്ടാകണമെങ്കിൽ മരട് ഫ്‌ളാറ്റിന്റെയും പാലാരിവട്ടം പാലത്തിന്റെയും ദുർവിധിക്കുകാരണക്കാരായ ,സർക്കാർ ഉദ്യോഗസ്ഥന്മാരെ മുഖം നോക്കാതെ ശിക്ഷിക്കണം .അത് ജനങ്ങൾക്കു ബോധ്യപ്പെടുകയും വേണം. ആ നിലപാട് എടുക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തരുത് .ഇവിടുത്തെ പൗരന്മാരും നിങ്ങൾ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്നത് പോലെ 'അരിയാഹാരം തന്നെയാണ് കഴിക്കുന്നത്' എന്നോർക്കുക അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത് ... that's all your honour !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP