Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ ചുറ്റും ഉണ്ടായിരുന്നു; അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല; കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എ ആർ കണ്ണൻ

മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ ചുറ്റും ഉണ്ടായിരുന്നു; അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല; കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എ ആർ കണ്ണൻ

മറുനാടൻ ഡെസ്‌ക്‌

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവൻ മണി ഓർമ്മയായിട്ട് നാല് വർഷം പിന്നിട്ടു. മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യ ഭാഷകൾക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു.ദുരൂഹത ഉയർത്തിയ മരണം കഴിഞ്ഞിട്ട് നാല് വർഷമായി. ഇന്നും എങ്ങനെയാണ് മരണമെന്നുള്ളത് സംബന്ധിച്ച് സത്യം പുറംലോകത്തിന് വ്യക്തമായിട്ടില്ല. ഇപ്പോഴിതാ, കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എ ആർ കണ്ണൻ ചില വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ്. മണിക്ക് വിനയായത് ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കളാണെന്ന് കണ്ണൻ ചൂണ്ടിക്കാട്ടുന്നു.

മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു. അവരുടെ ഇടയിൽ മണി പെട്ടുപോവുകയായിരുന്നുവെന്ന് കണ്ണൻ പറയുന്നു. ആരോഗ്യത്തെയും അസുഖത്തെയും അവഗണിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചതെന്നും കണ്ണൻ വ്യക്തമാക്കുന്നു.

'മണിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു. അതിൽ മണി വീണുപോയി. സുഹൃദ ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ആളായിരുന്നു കലാഭവൻ മണി. താഴേക്കിടയിൽ നിന്ന് സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടുവന്ന ആളല്ലേ മണി. എന്നാൽ അതിനനുസരിച്ചുള്ള വലിപ്പം, മണി സ്വന്തം ജീവിതത്തിൽ ഉണ്ടാക്കിയെടുത്തില്ല. ചാലക്കുടിയിൽ തിരിച്ചു പോയാൽ മാത്രമേ ഉറങ്ങൂ എന്ന മാനസികാവസ്ഥിയലായിരുന്നു മണി എന്നും. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. മണിക്ക് അസുഖമുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് നോക്കാതെയുള്ള മണിയുടെ ജീവിതശൈലി തന്നെയായിരുന്നു മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചത്'.- കണ്ണൻ പറയുന്നു.

1971 ജനുവരി ഒന്നിന് ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ രാമന്റെയും അമ്മിണിയുടെയും മകനായി ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മണി സിനിമയിലെത്തുന്നത് സ്വപ്രയത്‌നത്തിലൂടെയായിരുന്നു. ജീവിക്കാനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് മണി കലാഭവൻ മിമിക്സ് ട്രൂപ്പിലെത്തുന്നത്. അങ്ങനെ മണി മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയായി. മിമിക്രി വേദികളിലെയും നാടകങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു മണി. പ്രായ വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തെ മണി ചേട്ടനെന്ന് വിളിച്ചു. കൊച്ചു കുട്ടികൾ മുതൽ വയസായവരുടെ വരെ ഇഷ്ടം മണി നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു.

നാടൻപാട്ടിനെ ജനകീയമാക്കിയതിൽ മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടൻ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ മണി നടത്തിയിട്ടുണ്ട്. നാടൻപാട്ടിന്റെ ശീലുകളുള്ളതായിരുന്നു മണിയുടെ ഗാനങ്ങൾ. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകൾ. കണ്ണി മാങ്ങ പ്രായത്തിൽ, ചാലക്കുടി ചന്ത, പാവാട പ്രായത്തിൽ, ഞാൻ കുടിക്കണ കഞ്ഞിലേന്തിന് തുടങ്ങി മലയാളി ഇന്നും പാടുന്ന ഒരു പിടി ഗാനങ്ങൾ മണിയുടെ സൃഷ്ടിയാണ്.

2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം, മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP