Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്ലാസുകളിൽ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രതികരിച്ചവർക്കെതിരേ നിയമ നടപടി; സൈബറിടങ്ങളിലെ ഇത്തരം പ്രതികരണങ്ങൾ വേദനാജനകമാണെന്ന് വിക്ടേഴ്സ് സിഇഒ അൻവർ സാദത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ക്ലാസുകളിൽ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രതികരിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അൻവർ സാദത്ത് വ്യക്തമാക്കി. ജൂൺ ഒന്നിന് ഫസ്റ്റ് ബെൽ എന്ന പേരിലാണ് വിക്ടേഴ്സ് ചാനലിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലുടെ സംപ്രേഷണം ചെയ്ത വീഡിയോകളോടും ചിലർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു.

സൈബറിടങ്ങളിലെ ഇത്തരം പ്രതികരണങ്ങൾ വേദനാജനകമാണെന്ന് കെ അൻവർ സാദത്ത് ഫേസ്‌ബുക്ക് കുറിപ്പിൽ വിശദമാക്കി. നിരവധിപ്പേരാണ് അദ്ധ്യാപികമാരോട് സമൂഹമാധ്യമങ്ങളിൽ നടത്തിയ അസഭ്യ പരാമർശങ്ങളെക്കുറിച്ച് രൂക്ഷ വിമർശനം ഉയർത്തിയത്.

കൊച്ചു കുട്ടികൾക്ക് മനസ്സിലാകാൻ വേണ്ടി എൽ.പി സ്‌ക്കൂൾ അദ്ധ്യാപകർ അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ക്ലാസ്സുകൾ എടുക്കാറുള്ളത്. പാട്ടുപാടിയും കഥകൾ പറഞ്ഞും അഭിനയിച്ച് പ്രതിഫലിപ്പിച്ചും പഠനം നടത്തുമ്പോൾ കുരുന്നുകൾക്ക് അനായാസം കാര്യങ്ങൾ മനസ്സിലാവുകയും പഠനത്തിൽ ശ്രദ്ധ പുലർത്തുകയും ചെയ്യും. ഇതിനായി പ്രത്യേകം പരിശീലനവും അദ്ധ്യാപകർക്ക് നൽകുന്നുണ്ട്. ഇത്തരത്തിൽ പരിശീലനം നേടി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകുന്ന സായി അന്ന അദ്ധ്യാപിക സോഷ്യൽ മീഡിയയിൽ താരമാവുകയും ചെയ്തു. സായിയെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ പരിഹസിച്ചു കൊണ്ട് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അദ്ധ്യാപകരെ മാനസികമായി തളർത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവിശ്യം.

സംസ്ഥാനത്ത് ഇന്നാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനത്തെ പഠന, അദ്ധ്യാപന രീതികളിൽ കാതലായ മാറ്റവുമായാണ് പുതിയ അധ്യയന വർഷം തുടങ്ങിയത്. വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓൺലൈൻ ക്ലാസിന് തുടക്കമായത്.

രാവിലെ 8.30 മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂറാണ് സമയം. വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസിലുള്ള നാല്? വിഷയങ്ങളും രാത്രി ഏഴ്? മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയാകും.

കൈറ്റ് വിക്ടേഴ്‌സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫേസ്‌ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvicters സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.

വിക്ടേഴ്സ് സിഇഒ കെ അൻവർ സാദത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലിൽ ' അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിർദ്ദോശമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും.

കെ. അൻവർ സാദത്ത്
സിഇഒ , കൈറ്റ് വിക്ടേഴ്സ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP