Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്

'ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: എറണാകുളം, ആലപ്പുഴ ജില്ലകളുടെ ജനകീയ കലക്ടറും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഔഷധി ചെയർമാനുമായിരുന്ന ഡോ. കെ.ആർ. വിശ്വംഭരൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടൻ മമ്മൂട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു വിശ്വംഭരൻ.

ലോ കോളെജിൽ വച്ച് തുടങ്ങിയ സൗഹൃദത്തിന്റെ ഇഴയടുപ്പം ഒരാളുടെ വിയോഗം വരേയ്ക്കും നീണ്ടു. പ്രിയസുഹൃത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കുടുംബത്തിനൊപ്പം മമ്മൂട്ടി എത്തിയിരുന്നു.

ഇരുവർക്കുമിടയിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴത്തെപ്പറ്റി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ചലച്ചിത്ര നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്റോ ജോസഫ്.

സൗഹൃദം എന്ന വാക്കിെന്റ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞെന്ന് ആൻേറാ ജോസഫ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ആന്റോ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ ആർ വിശ്വംഭരൻ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ ആർ വിശ്വംഭരൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളിൽ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട, ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവർഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയിൽ ഒരാൾ നഷ്ടപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും വിശ്വംഭരൻ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാൻ വീണുപോയിട്ടുണ്ട്. അപ്പോൾ ഒരു കൈത്താങ്ങുമായി വിശ്വംഭരൻ കൂടെയുണ്ടായിരുന്നു. ഞാൻ വീണ്ടും എഴുന്നേല്കുന്നതും കൂടുതൽ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാളും വിശ്വംഭരൻ തന്നെ. വിശ്വംഭരന്റെ കുടുംബത്തിൽ ഞാനുണ്ടായിരുന്നു, എന്റെ കുടുംബത്തിൽ വിശ്വംഭരനും. വിശ്വംഭരൻ ഇനിയില്ല...' സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതർ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളിൽ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തിൽ കൈകോർത്തുനിൽക്കുന്ന സൗഹൃദത്തിന്റെ വേരുകൾ. രണ്ടു കൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലർപ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയിൽ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരൻ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോൾ വന്നു. വിതുമ്പി വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാൻ പിന്നെ കണ്ടത്. ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോൾ.. ആന്റോ ജോസഫ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് കെ.ആർ. വിശ്വംഭരന്റെ സംസ്‌കാരം നടന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലിയർപ്പിക്കാനും അവസാനമായി ഒരുനോക്കു കാണാനുമായി കൊച്ചി ഇടപ്പള്ളി അഞ്ചുമനയിലെ വീട്ടിലെത്തിയിരുന്നു. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ ജാഫർ മാലിക് പുഷ്പചക്രം അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP