Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംബുലൻസിൽ പായുന്ന ആ കുരുന്ന് ജീവനെ നാം കാക്കണേ; കെഎൽ 60 എസ്‌പി 7739 ആംബുലൻസ് കണ്ടാൽ ഉടൻ വഴിമാറിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി; 15 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്ത് നിന്നും ശസ്ത്രക്രിയയ്‌ക്കെത്തിക്കുന്നതു കൊച്ചി അമൃതയിലേക്ക്; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

ആംബുലൻസിൽ പായുന്ന ആ കുരുന്ന് ജീവനെ നാം കാക്കണേ; കെഎൽ 60 എസ്‌പി 7739 ആംബുലൻസ് കണ്ടാൽ ഉടൻ വഴിമാറിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി; 15 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്ത് നിന്നും ശസ്ത്രക്രിയയ്‌ക്കെത്തിക്കുന്നതു കൊച്ചി അമൃതയിലേക്ക്; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആ കുരുന്നിന്റെ ഹൃദയമിടിപ്പ് നിലനിർത്താൻ കേരളക്കര ഒന്നാകെ ബാധ്യസ്ഥരാണ്. കെ.എൽ 60 എസ്‌പി 7739 ആംബുലൻസ് കണ്ടാൽ ഉടൻ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് പിണറായി നിർദ്ദേശം നൽകിയിരിക്കുന്നത്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും.

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അമൃത ആശുപത്രിയിൽ ഡോക്ടർമാരായ ബ്രിജേഷ്, കൃഷ്ണകുമാർ എന്നിവർ കുഞ്ഞിനെ പരിശോധിക്കും. ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലൻസ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.

തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കെ.എൽ 60 എസ്‌പി 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാൽ എയർ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാർഗ്ഗം ഉപേക്ഷിച്ചത്.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL - 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

ആംബുലൻസ് വരുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കണേ

1.ദൂരെ നിന്നും ആംബുലൻസ് സൈറൺ കേൾക്കുമ്പോൾത്തന്നെ ജാഗരൂഗരായിരിക്കുക. അടുത്തുവരുമ്പോൾ നോക്കാം എന്ന മനോഭാവം കാണിക്കരുത്.

2.ആംബുലൻസ് നിങ്ങളുടെ വാഹനത്തെ പിന്നിൽ നിന്നും സമീപിച്ചാൽ വണ്ടി ഒതുക്കുന്നതിനു മുൻപ് മറക്കാതെ റിയർ വ്യൂ മിററിൽ (പിൻവശം കാണാനുള്ള കണ്ണാടി ) നോക്കി ഏത് സൈഡിലൂടെയാണ് ആംബുലൻസ് വരുന്നത് എന്ന് ശ്രദ്ധിക്കുക.

3.ഏത് സൈഡിലൂടെയാണോ ആംബുലൻസ് വരുന്നത് അതിന്റെ എതിർവശത്തേക്ക് വാഹനം ഒതുക്കി ആംബുലൻസിനുപോകാൻ വഴിയൊരുക്കുക.

4.യാതൊരു കാരണവശാലും വേഗത കൂട്ടാൻ ശ്രമിക്കുകയോ, അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുകയോ ചെയ്യരുത്.

5. സൈറൺ ഇട്ടു വരുന്ന ആംബുലൻസിന് ഒരു പൈലറ്റ് വാഹനം ആവശ്യമില്ല. ഇത്തരത്തിൽ ആംബുലൻസിന് മുന്നിൽ അതിവേഗം വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

6.ട്രാഫിക് സിഗ്‌നലുകളിൽ വലതുവശം ഒഴിവാക്കി ഒരു വാഹനത്തിന് കടന്നുപോകാവുന്ന രീതിയിൽ നിർത്തുക.

7.നിങ്ങൾ ട്രാഫിക് സിഗ്‌നലിൽ കിടക്കുമ്പോൾ പിന്നിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടാൽ ഇരുവശത്തേക്കും നോക്കി സുരക്ഷിതമാണെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോയി ആംബുലൻസിനു വഴിയൊരുക്കാം.

8.നിങ്ങൾ ട്രാഫിക്കിൽ കിടക്കുമ്പോൾ മറ്റു റോഡിൽ നിന്നും ആംബുലൻസ് വരുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക..
ആംബുലൻസിനു വഴി ഒരുക്കാൻ മറ്റു വാഹനങ്ങൾ ഒരുപക്ഷെ സിഗ്‌നൽ ലംഘിച്ചേക്കാം.

9.യാതൊരു കാരണവശാലും ഓടുന്ന ആംബുലൻസിനു തൊട്ടുപിന്നാലെ വണ്ടിയുമായി പായരുത്.
ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ നിങ്ങളുടെ കുടുംബം അനാഥമാവാനുള്ള സാധ്യത ഏറെയാണ്.

10.രാത്രിയിൽ നിങ്ങൾക്കെതിരെ ഒരു ആംബുലൻസ് വന്നാൽ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.ആംബുലൻസ് ഡ്രൈവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. വാഹനം ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിക്കുമ്പോൾ മുന്നിൽ നിന്നോ ,പിന്നിൽ നിന്നോ വശങ്ങളിൽ നിന്നോ മറ്റുവാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസുകളും വേഗതയിലാകാം വരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP