Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ആകസ്മികമായി സംവിധായകനായി; ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണ്? എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോട് കടപ്പാട്'; 'ബ്രോ ഡാഡി'യുടെ സംവിധാനത്തെ കുറിച്ച് പൃഥ്വിരാജ്

'ഞാൻ ആകസ്മികമായി സംവിധായകനായി; ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണ്? എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോട് കടപ്പാട്'; 'ബ്രോ ഡാഡി'യുടെ സംവിധാനത്തെ കുറിച്ച് പൃഥ്വിരാജ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ബുധനാഴ്ച റിലീസാകുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ എന്നതിനാൽ എല്ലാവരും ആകാംക്ഷയിലാണ്. ബ്രോ ഡാഡി ചിത്രത്തിൽ പൃഥ്വിരാജ് മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.

ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ ജനുവരി 26ന് ചിത്രം പ്രേക്ഷകരിലേക്കെത്തുന്ന വേളയിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ആകസ്മികമായി സംവിധായകനായ വ്യക്തിയാണ് താനെന്നും തന്നിൽ വിശ്വസിച്ച മോഹൻലാലിനോടും ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും കടപ്പെട്ടിരിക്കുന്നതായും പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫൺ-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്.

മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദർശനാണ്. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണനാണ്.

പൃഥ്വിയുടെ കുറിപ്പ്

ഒന്നിലധികം കാരണങ്ങൾ കൊണ്ട് ഞാൻ ആകസ്മികമായി സംവിധായകനായ വ്യക്തിയാണ്. എനിക്ക് സ്വന്തമായി സിനിമകൾ ചെയ്യാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലൂസിഫറിനെ ഞാൻ നയിക്കണമെന്ന് മുരളിഗോപി കരുതിയതുകൊണ്ടാണ് എന്റെ ആദ്യ സംവിധാന സംരംഭം സംഭവിച്ചത്. മറ്റാരേക്കാളും എന്നെ അദ്ദേഹം വിശ്വസിച്ചു. സമാനമായി, ഞങ്ങളുടെ സുഹൃത്തായ വിവേക് രാമദേവൻ വഴി ശ്രീജിത്തും ബിബിനും ബ്രോഡാഡിയുടെ തിരക്കഥയുമായി എന്റെ അടുത്തെത്തി. ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല, പക്ഷേ അവർ അങ്ങനെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്!

ഒരു സിനിമ എന്ന നിലയിൽ, ലൂസിഫറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ബ്രോ ഡാഡി അതാണ് എന്നെ ഇത് സംവിധാനം ചെയ്യാൻ പ്രേരിപ്പിച്ചത്. പൂർണമായും പുനർവിചിന്തനം ചെയ്യാനും ലൂസിഫറിൽ നിന്നും എംമ്പുരാനിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ചലച്ചിത്ര നിർമ്മാണ ഭാഷ പരീക്ഷിക്കാൻ എനിക്ക് അത് ആവശ്യമായിരുന്നു. എപ്പോഴത്തെ പോലെയും ഇത് എടുക്കുന്നത് വളരെ ആവേശകരമായ റിസ്‌ക് ആണെന്ന് ഞാൻ കരുതി, ഞാൻ അത് ചെയ്തു!

എല്ലായ്‌പ്പോഴും എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോടും തികഞ്ഞ ബോധ്യത്തോടെ എന്നോടൊപ്പം നിന്നതിന് ആന്റണി പെരുമ്പാവൂരിനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ടെക്‌നീഷ്യന്മാർ, അസിസ്റ്റന്റുകൾ, എന്റെ യൂണിറ്റിലെ സുഹൃത്തുക്കൾ, പ്രൊഡക്ഷൻ അംഗങ്ങൾ എല്ലാവർക്കും വലിയ അഭിനന്ദനം. കൂടാതെ, ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടിലും എന്നെക്കൊണ്ട് ഇതിന് സാധിക്കുമെന്നും വിശ്വസിച്ച കഴിവുറ്റ അഭിനേതാക്കളെ സംവിധാനം ചെയ്യാൻ സാധിച്ചത് ഒരു അംഗീകാരമായി കാണുന്നു. ബ്രോ ഡാഡി ഒരുക്കുന്നത് ഏറെ രസകരമായിരുന്നു. നിങ്ങൾക്കും അത് ഇഷ്ടമാവുമെന്ന് വിശ്വസിക്കുന്നു. പൃഥ്വിരാജ് കുറിച്ചു.

കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP