Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്, എത്രയും ബഹുമാനപ്പെട്ട കാൻസർ; രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു, അതു കോവിഡാണ്; നർമ്മം കൊണ്ട് മഹാമാരിയേയും നേരിടാനുറച്ച് ഇന്നസെന്റ്

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്, എത്രയും ബഹുമാനപ്പെട്ട കാൻസർ; രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു, അതു കോവിഡാണ്; നർമ്മം കൊണ്ട് മഹാമാരിയേയും നേരിടാനുറച്ച് ഇന്നസെന്റ്

മറുനാടൻ ഡെസ്‌ക്‌

തന്റെ ഭാര്യ കോവിഡ് ബാധിതയാണെന്ന് വ്യക്തമാക്കി ഇന്നസെന്റ്. തനിക്ക് മൂന്നാം തവണയും കാൻസർ ബാധ കണ്ടെത്തിയെന്നും വീട്ടിൽ പുതിയ ഒരു അതിഥിയായി കോവിഡും എത്തിയെന്നുമാണ് അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ വ്യക്തമാക്കുന്നത്. ഭാര്യ ആലീസ് രണ്ട് ദിവസമായി കോവിഡ് ബാധിച്ച് ആശുപത്രിയിലാണെന്നും എന്നാൽ ഇതും ആലീസ് നേരിടുമെന്ന് ഇന്നസെന്റ് മലയാള മനോരമ പത്രത്തിലെഴുതിയ ലേഖനത്തിൽ നർമ്മത്തിൽ കലർത്തി പറയുന്നു.

കാൻസർ എന്ന മാരകരോഗം പിടിപെട്ടിട്ടും അതിനെ അതിജീവിച്ച കഥ അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് ഒട്ടേറെപേർക്ക് പ്രേചാദനമായിരുന്നു. ഇപ്പോഴിതാ ഈ കോവിഡ് കാലത്ത് ഇന്നസെന്റിനെ തേടി വീണ്ടും കാൻസർ എന്ന അതിഥി എത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ആലീസിനെ തേടി കോവിഡും. മൂന്നാം തവണയാണ് കാൻസർ അദ്ദേഹത്തിന്റെ ശരീരത്തിൽ പിടിമുറുക്കുന്നത്. ഇപ്പോൾ ചികിത്സയിലാണ്. ഭാര്യ ആലീസാകട്ടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും. ആലീസും മുൻപ് കാൻസർ രോഗി ആയിരുന്നു. ഇപ്പോഴും കാൻസറിനെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഈ താരം പറയുന്നത്..... അതിങ്ങനെയാണ്... 'ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ...... '

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ..

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്ബോൾ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും. ഡോക്ടർമാർ എന്റെ ദേഹത്തൊളിച്ച കാൻസറിനെ കണ്ടുപിടിക്കും;

കക്ഷി പുതിയ സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും 'കോമഡി' വന്നല്ലോ എന്നാണ്.

രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്.

കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു, ചിരിച്ച്‌ എല്ലാവരെയും ഫോൺ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാൻസർ. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും.

6 മാസത്തിനിടെ എനിക്കു വലിയ സങ്കടമുണ്ടായിട്ടുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതുകൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്ബോൾ വരുന്ന സങ്കടമാണ്.

സ്കൂളിൽ പോവുകയേ വേണ്ട. പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ.

വള്ളത്തോൾ നാരായണ മേനോൻ മരിച്ചത് എനിക്കോർമയുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിൽ കിടന്നുറങ്ങുമ്ബോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു കുട്ടികൾ പറയുന്നത് സ്കൂളില്ല, വള്ളത്തോൾ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കൾ ആശുപത്രിയിലായി എന്നു കേൾക്കുമ്ബോൾ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്ബോൾ ഓർമകളുണ്ടാകില്ല.

കോവിഡ് വന്ന ഒരാളുടെ വീടിനുനേരെ കല്ലെറിഞ്ഞുവെന്നൊരു വാർത്ത കേട്ടു. 6 മാസത്തിനിടെ എന്നെ ഏറെ വേദനിപ്പിച്ചത് അതാണ്. കോവിഡ് ബാധിതനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്പോൾ ഓർക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോൾ വേണമെങ്കിലും മുട്ടിയേക്കാം.

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ, സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ടുമാത്രം കിട്ടുന്ന സന്തോഷം എത്രയെന്ന് എനിക്കറിയാം. അതു മരുന്നുപോലെ ശക്തിയുള്ളതാണ്. ഇപ്പോൾ ആശുപത്രിയിലുള്ള എല്ലാവരോടും എനിക്കു ചോദിക്കാനുള്ളത് അതാണ് - 'സുഖമല്ലേ.' നമുക്കു വീണ്ടും കാണാം. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. 'ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ…' നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാൻ പലതവണ ചാടിയതാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP