Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നസെന്റേ ജയിക്കൂ..ബെറ്റിനുണ്ടോ ? അച്ഛാ ഇന്നസെന്റ് ജയിക്കില്ലേ...? ചാലക്കുടിയിലെ പോരാട്ടത്തിൽ ഇന്നസെന്റ് ജയിക്കില്ല എന്ന് പറഞ്ഞ് അമ്മായിമാർ ചൂടു കയറ്റിയപ്പോൾ പ്രിയതാരത്തിന് വേണ്ടി വാദിച്ച് അഞ്ചു വയസുകാരൻ; അരിവാൾ ചുറ്റിക നക്ഷത്രം എന്ന് ആവേശത്തോടെ പറയുന്നതിനൊപ്പം താമര വെട്ടികളയുമെന്നും കമന്റ്; കുരുന്നിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കു വച്ചതിന് പിന്നാലെ വീട്ടിലെത്തി സന്ദർശിച്ച് പ്രിയതാരം

ഇന്നസെന്റേ ജയിക്കൂ..ബെറ്റിനുണ്ടോ ? അച്ഛാ ഇന്നസെന്റ് ജയിക്കില്ലേ...? ചാലക്കുടിയിലെ പോരാട്ടത്തിൽ ഇന്നസെന്റ് ജയിക്കില്ല എന്ന് പറഞ്ഞ് അമ്മായിമാർ ചൂടു കയറ്റിയപ്പോൾ പ്രിയതാരത്തിന് വേണ്ടി വാദിച്ച് അഞ്ചു വയസുകാരൻ; അരിവാൾ ചുറ്റിക നക്ഷത്രം എന്ന് ആവേശത്തോടെ പറയുന്നതിനൊപ്പം താമര വെട്ടികളയുമെന്നും കമന്റ്; കുരുന്നിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കു വച്ചതിന് പിന്നാലെ വീട്ടിലെത്തി സന്ദർശിച്ച് പ്രിയതാരം

മറുനാടൻ ഡെസ്‌ക്‌

അങ്കമാലി തുറവൂർ തലക്കോട്ടുപറമ്പിലെ നടേപ്പിള്ളി ബിജുവിന്റെ മകൻ ശ്രീദേവിന് അഞ്ചു വയസ്സ് ആകുന്നതേയുള്ളു. വോട്ടവകാശം ഇല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ ഇന്നലെ വോട്ടെടുപ്പു ദിവസത്തിന്റെ തിരക്കിന്റെ നടുവിലും ഇന്നസെന്റ് തുറവൂരിലെ അവന്റെ വീട്ടിൽ ശ്രീദേവിനെ കാണാൻ വന്നു. രാവിലെ 7 മണിക്കു തന്നെ താൻ പഠിച്ച ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിൽപ്പോയി കുടുംബസമേതം വോട്ടു ചെയ്ത ഇന്നസെന്റിന് പിന്നീട് മണ്ഡലത്തിലെ വിവിധ മേഖലകളിലെ ബൂത്ത് സന്ദർശനം നടത്താൻ മാത്രമായിരുന്നു പ്ലാനുണ്ടായിരുന്നത്. പക്ഷേ ഇന്നലെ സിപിഎം തുറവൂർ തലക്കോട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി സുഗതൻ കുന്നുംപുറം പോസ്റ്റു ചെയ്ത വിഡിയോ എല്ലാം മാറ്റി മറിച്ചു.

കുസൃതിയായ ശ്രീദേവിനെ മൂച്ചുപിടിപ്പിക്കാൻ വേണ്ടി അവന്റെ ആന്റിമാർ ഇന്നസെന്റ് തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് പറയുന്നതും കുഞ്ഞുശ്രീദേവിന് ദേഷ്യം വരുന്നതുമാണ് വിഡിയോയിൽ കാണുന്നത്. കുറച്ചു ദിവസം മുമ്പ് ഇന്നസെന്റ് പര്യടനവുമായി പരിസരത്തു വന്നപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറും സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ തുറവൂർ മേഖലാ സെക്രട്ടറിയുമായ അച്ഛൻ ബിജുവിന്റെ കൂടെ കുഞ്ഞുശ്രീദേവ് ഇന്നസെന്റിനെ കാണാൻ പോയിരുന്നു. ഇടതുപക്ഷ കുടുംബത്തിന്റെ ആവേശത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയോടുള്ള സ്നേഹം അങ്ങനെ അവനിലും ആവേശമുണർത്തുകയായിരുന്നു.

 ഒപ്പം തെരഞ്ഞെടുപ്പ് പ്രമാണിച്ച് ചുറ്റും നടന്ന പാർട്ടി പരിപാടികളെല്ലാം കണ്ടതോടെ അവൻ ഇന്നസെന്റിന്റെ കടുത്ത ആരാധകനായി മാറി. അരിവാൾ ചുറ്റിക നക്ഷത്രം എന്നൊന്നും സ്ഫുടതയോടെ പറയാനായിട്ടില്ലെങ്കിലും ഇന്നസെന്റ് തോൽക്കുമെന്ന് പറയുന്ന അമ്മായിമാരോട് അവൻ തിരിച്ച് ചൂടാവുന്നത് കാണേണ്ട കാഴ്ചയാണ്. ഉറപ്പാണ് തോൽക്കും എന്ന് ആന്റിമാർ പറയുമ്പോൾ ഉറപ്പല്ല ഉറപ്പല്ല എന്നാണ് അവന്റെ മറുപടി. താമരപ്പൂ ജയിക്കും എന്നുപറയുമ്പോൾ അതിനെ വെട്ടിക്കളയും എന്നാണ് കുഞ്ഞുവായിലെ ആവേശം. അച്ഛാ ഇന്നസെന്റ് ജയിക്കില്ലേ എന്ന നിഷ്‌കളങ്ക ചോദ്യവുമുണ്ട്. അല്ലെങ്കിൽ ബെറ്റിനുണ്ടോ എന്നാണ് അവൻ ആന്റിമാരെ വെല്ലുവിളിക്കുന്നത്. ഇന്നസെന്റ് ജയിക്കും ജയിക്കും ജയിക്കും എന്ന് അവൻ ആവർത്തിക്കുകയാണ്.

ഇന്നസെന്റിന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തപ്പോൾ രണ്ടു ലക്ഷത്തോളം പേരാണ് ഒരു പകൽ കൊണ്ട് വിഡിയോ കണ്ടത്. ഇന്നസെന്റിന്റെ എതിരാളികൾക്കുപോലും കണ്ടു ചിരിക്കാവുന്ന നിഷ്‌കളക്ഷങ്കത ഇന്നസെന്റിനെ ഏറെ സന്തോഷിപ്പിച്ചു എന്നത് പറയേണ്ടതില്ലല്ലോ. അങ്ങനെ അമ്പട മിടുക്കാ ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ എന്ന തലക്കെട്ടോടെയാണ് ഇന്നസെന്റ് വിഡിയോ ഷെയർ ചെയ്തത്.

 

വോട്ടെടുപ്പു ദിവസം മുൻ മന്ത്രി ജോസ് തെറ്റയിൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ജെ വർഗീസ്, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി തുടങ്ങിയ എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് ഇന്നസെന്റ് ശ്രീദേവിന്റെ വീട്ടിലെത്തിയത്. താൻ ജയിക്കുമെന്ന് വാശിപിടിക്കുന്നതിലുപരി അവന്റെ സ്പിരിറ്റാണ് തന്നെ ആകർഷിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞു. അസ്സലായി അവനത് ചെയ്തു. പഠിക്കുന്നതിലും അവനാ സ്പിരിറ്റുണ്ടാകും. ഇത്തരം ആത്മാർത്ഥമായ ആവേശം ജീവിതത്തിൽ ഉയരാൻ സഹായിക്കും. ഇങ്ങനെ സ്പിരിറ്റുണ്ടാകുന്നവർ ചുരുക്കമാണ്. അവൻ നല്ലൊരു കലാകാരൻ കൂടിയാണെന്ന് അവന്റെ പ്രകടനം തെളിയിക്കുന്നു.

യാതൊരു റിഹേഴ്സലുമില്ലാതെയാണ് അവന്റെ ഈ രസികൻ പെർഫോർമൻസ്. ഇന്നസെന്റിന്റെ കൂടെയുണ്ടായിരുന്ന കൊച്ചുമകൻ ഇന്നസെന്റ് ജൂനിയർ താൻ ശ്രീദേവിന് സമ്മാനമായി കൊണ്ടുവന്ന ക്രിക്കറ്റ് ബാറ്റും ബോളുകളും അവന് സമ്മാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഇന്നസെന്റ് ഞാൻ ഉണ്ണാൻ നിൽക്കണോ എന്നവനോട് ചോദിക്കുന്നുണ്ട്. ഞാൻ ഉണ്ടു എന്നാണ് അവന്റെ ഉത്തരം. ഇനി അവരോടൊന്നും ചൂടാവാൻ പോണ്ടാട്ട എന്നാണ് ഇന്നസെന്റ് അവന് തമാശയായി നൽകിയ ഉപദേശം. ഇവനാണ് ഇ്ന്നത്തെ ഹീറോ എന്നു പറഞ്ഞ് ഇന്നസെന്റ് പടിയിറങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP