Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും; ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും; കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും; അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയെ കടന്നാക്രമിച്ച് എൻഎസ് യു നേതാവ്; എൻ എസ് യു ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും; ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും; കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും; അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയെ കടന്നാക്രമിച്ച് എൻഎസ് യു നേതാവ്; എൻ എസ് യു ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി. എന്നാൽ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് എൻ എസ് യുവിന്റെ ദേശീയ സെക്രട്ടറിയായ അബിൻ വർക്കി കോടിയാട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത ശൈലിയെ വിമർശിക്കുകയാണ് ഈ വിദ്യാർത്ഥി നേതാവ്. കോടിയാട്ടിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്.

അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് ചുവടെ

ഗ്വാളിയോറിലെ ജയ് വിലാസ് പാലസിലെ ഒരു സ്ഥിരം പ്രഭാത കാഴ്ചയുണ്ട്. സിന്ധ്യ രാജകുടുംബത്തിലെ ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും. ഇപ്പോഴത്തെ രാജാവ് ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും. അയാളുടെ കാല് മറ്റൊരു ചെറിയ സ്റ്റൂളിൽ വച്ചിട്ടുണ്ടാവും. കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും ഇതൊന്നും ശ്രദ്ധിക്കാതെ നീളൻ കസേരയിൽ ഇരുന്ന് ജ്യോതിരാദിത്യ സിന്ധ്യ അന്നത്തെ പത്രം വായിക്കും. ഇതാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതം.

ജനകീയനായിരുന്ന അച്ഛൻ മാധവറാവു പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് ചെയ്യുന്നത് കണ്ട് ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മകൻ ജ്യോതിരാദിത്യ ഇരുപതാം നൂറ്റാണ്ടിൽ ഇത് പയറ്റിയപ്പോൾ ആണ് ഗുണ എന്ന കുടുംബ മണ്ഡലത്തിൽ സ്വന്തം പി.എ ആയിരുന്ന ഒരു സാധാരണക്കാരനോട് അമ്പേ പരാജയപ്പെട്ടത്.

2001 തന്റെ പിതാവ് മാധവറാവു സിന്ധ്യ മരിക്കുന്നു. 'അമ്മ ഉൾപ്പെടെ കുടുംബം മുഴുവൻ ബിജെപി ചായവ് കാണിച്ചപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അടിയുറച്ചു നിന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യ. ആ ഒഴിവിലേക്ക് ഹാർവാർഡിലെയും സ്റ്റാൻഫോഡിലെയും വിദ്യാഭ്യാസം കഴിഞ്ഞ് 31 വയസ്സിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ജ്യോതിരാദിത്യക്ക് നേരെ നറുക്ക് വീഴുന്നു. തന്റെ അച്ഛൻ പ്രതിനിധാനം ചെയ്ത ഗുണ മണ്ഡലത്തിൽ മത്സരിക്കുന്നു. അച്ഛന്റെ മരണത്തിന്റെ സഹതാപ തരംഗത്തിൽ , രാജ കുടുംബത്തോടുള്ള കടുത്ത ഭക്തിയിൽ 450000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്നു. അങ്ങനെ പ്രിവി പേഴ്സ് നിർത്തലാക്കിയതിൽ മനം നൊന്ത് ജനസംഘം രൂപീകരിക്കാൻ മുൻകൈ എടുത്ത വിജയ രാജ സിന്ദ്യയുടെ കൊച്ചു മകനും , രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ദ്യയുടെയും മധ്യപ്രദേശിലെ കഴിഞ്ഞ സർക്കാരിലെ മന്ത്രി യശോദ രാജ സിന്ധ്യയുടെയും സഹോദരപുത്രനും ആയ ജ്യോതിരാദിത്യ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു. 2004ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു. 2007ൽ തന്റെ 36 വയസിൽ കേന്ദ്രമന്ത്രി. 2009ൽ വീണ്ടും മന്ത്രി. 2012ൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രി 2014ൽ യു.പി.എ സർക്കാർ പോകുന്നത് വരെ ഇത് തുടരുന്നു. 2014 മുതൽ 2019 വരെ എംപി . 2019ൽ തന്റെ മുൻ പി.എ യോട് മത്സരിച്ച് തോൽക്കുന്നു. ഇതിനിടയിൽ മധ്യപ്രദേശ് സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാം എന്നുള്ള വാഗ്ദ്ധാനം നിരസിക്കുന്നു. പക്ഷെ എ. ഐ.സി.സി ജനറൽ സെക്രട്ടറി ആയി നിയമിക്കുന്നു. ഇങ്ങനെ ഈ പ്രസ്ഥാനത്തിൽ നിന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവിക്കാവുന്നത് മുഴുവൻ ലഭിക്കുന്നു. എന്നിട്ടും സാധാരണക്കാരോട് അടുക്കാത്ത പ്രകൃതം , സാധാരണ പ്രവർത്തകരിൽ നിന്ന് അകലം പാലിക്കുന്നു. പഴയ രാജ പ്രൗഢിയുടെ ഇന്നത്തെ വക്താവും പ്രയോക്താവും.

2020 മാർച്ച് 9ന് ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ രാജി വെക്കുന്നു. മാർച്ച് 10 ന് പാവപ്പെട്ടവന് വേണ്ടി മധ്യപ്രദേശ് സർക്കാർ പ്രവർത്തിക്കുന്നില്ല എന്ന ആരോപിക്കുന്ന ജ്യോതിരാദിത്യ തന്റെ 1.5 കോടി വിലമതിക്കുന്ന റേഞ്ച് റോവർ കാറിൽ മോദിയെ കണ്ട് പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

കമൽനാഥിനെ പോലെ , ദിഗ്‌വിജയ് സിങിനെ പോലെ പവർ പൊളിറ്റിക്‌സ് കൈകാര്യം ചെയ്യാൻ കഴിവുള്ള മുഖ്യമന്ത്രിയെയും നേതാക്കളെയും വീട്ടിൽ ഇരുത്താൻ ഒക്കെ ആവശ്യപെട്ടാൽ അതൊന്നും സമ്മതിച്ചു കൊടുക്കാൻ സാധിക്കുന്നത് അല്ല കോൺഗ്രസ് ഹൈക്കമാന്റിന്. എങ്കിലും കൊടുക്കാവുന്ന ഉപമുഖ്യമന്ത്രി സ്ഥാനം തൊട്ട് എല്ലാം പറഞ്ഞത് ആണ്, പക്ഷെ കുറേ നാളുകൾക്ക് മുന്നേ പറഞ്ഞുറപ്പിച്ച തിരക്കഥ പോലെ ജ്യോതിരാദിത്യ ബിജെപി പാളയിത്തിലേക്ക് പോയി.

ആ തിരക്കഥ വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ അതൃപ്തൻ ആയിരുന്ന ജ്യോതിരാദിത്യ , ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച ജ്യോതിരാദിത്യ , കാശ്മീർ വിഷയത്തിൽ ബിജെപി അനുകൂല നിലപാട് , പൗരത്വ വിഷയങ്ങളിൽ രാജ്യത്ത് പ്രക്ഷോഭം ആളിപടർന്നപ്പോൾ മൗനിയായി നിന്ന ജ്യോതിരാദിത്യ , മൂന്ന് മാസങ്ങൾക്ക് മുന്നേ കോൺഗ്രസ് പ്രവർത്തകൻ എന്ന് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്ത് മധ്യപ്രദേശ് സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന ജ്യോതിരാദിത്യ , വളരെ ചെറുതായ വിഷയങ്ങളിൽ പോലും അനാവശ്യ പരാതികൾ ഉന്നയിച്ച് തനിക്ക് പാർട്ടിയിൽ നിന്ന് നീതി ലഭിക്കുന്നില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു. ഇന്ന് താൻ വിശ്വസിച്ച പ്രസ്ഥാനം തന്നെ കരുതിയില്ല എന്ന് പൊതുബോധം ഉണ്ടാക്കുന്ന വിധത്തിൽ രാജി വച്ച് പുറത്ത് പോകുന്നു. ഇത് ഒക്കെ സമയവും സീനും മുന്നേ എഴുതി വച്ച തിരക്കഥ പോലെ നടപ്പാക്കുന്നു.

പാർട്ടി ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നതിൽ കാര്യമായ വീഴ്ച വരുത്തി എന്നത് വാസ്തവം. തീരുമാനങ്ങൾ എടുക്കുന്നതിൽ പാർട്ടിക്ക് ഉള്ള വേഗത കുറവ് തന്നെയാണ് ഈ കാര്യത്തിലും ദൃശ്യമായത്. രാഹുൽ ഗാന്ധിയോടുള്ള വ്യക്തിപരമായ ബന്ധത്തിൽ മാത്രം കോൺഗ്രസിൽ തുടർന്ന ജ്യോതിരാദിത്യ സിന്ധ്യ, പറ്റിയ അവസരത്തിൽ പാർട്ടി വിടും എന്ന ധാരണ നേതാക്കന്മാർക്ക് ഉണ്ടാകാതെ പോയി.

അവസാനം ,ആരെയും തള്ളി പറയാതെ , ആരെയും ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജി വച്ച് പ്രധാന വാതിലിൽ കൂടി അദ്ദേഹം പുറത്ത് പോയി. ചെറിയ ഗോപുര വാതിൽ തുറന്ന് കിടക്കുന്നു എന്നുള്ള വിശ്വാസവുമായി.

ഇങ്ങനെയുള്ള ഭാഗ്യാന്വേഷികളോട് കോൺഗ്രസിന് ഒന്നേ പറയാനുള്ളു. ഇവർ ഒക്കെ പാർട്ടി വിട്ട് പോയാൽ തീരുന്നത് അല്ല ഈ പാർട്ടി. കോൺഗ്രസ് എന്നത് ഒരു സംസ്‌കാരം ആണ് , അത് ഈ ഭൂമി ഉണ്ടാകുന്നിടത്തോളം കാലം ഇവിടെ തുടരുക തന്നെ ചെയ്യും..

അതുകൊണ്ട് തന്നെ അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയോട് പോടാ മോനെ സിന്ധ്യ എന്ന് വിളിച്ച് അവസാന ശ്വാസം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് എന്ന് വിളിക്കും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP