Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരികളും സംഗീതവും പിറന്നത് തീവണ്ടി യാത്രക്കിടെ; മലയാളിക്ക് നെഞ്ചിൽ വിങ്ങൽ സമ്മാനിച്ച നഷ്ട സ്വർഗ്ഗങ്ങളെ എന്ന ഗാനത്തിന് 40 വയസ്സ്; പാട്ടിന്റെ പിറവിക്ക് പിന്നിലെ കഥ

വരികളും സംഗീതവും പിറന്നത് തീവണ്ടി യാത്രക്കിടെ;  മലയാളിക്ക് നെഞ്ചിൽ വിങ്ങൽ സമ്മാനിച്ച നഷ്ട സ്വർഗ്ഗങ്ങളെ എന്ന ഗാനത്തിന് 40 വയസ്സ്; പാട്ടിന്റെ പിറവിക്ക് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലാതിവർത്തിയായ നിരവധി ഗാനങ്ങൾ മലയാളിക്കുണ്ട്.പൊതുവേ സന്തോഷവും സമാധാനവും തരുന്ന പാട്ടുകളോടാണ് ശ്രോതാക്കൾക്ക് പ്രിയമെങ്കിലും മനസിനെ മദിക്കുന്ന അല്ലെങ്കിൽ ഒരു നോവായി പടരുന്ന ചില പാട്ടുകളും മലയാളി കാലങ്ങളായി നെഞ്ചേറ്റിയിട്ടുണ്ട്.അത്തരം ഗാനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയാൽ അതിൽ മുൻപന്തിയിലായിരിക്കും വീണപൂവ് എന്ന ചിത്രത്തിലെ നഷ്ടസ്വർഗ്ഗങ്ങളെ എന്നു തുടങ്ങുന്ന നിത്യഹരിത ഗാനത്തിന്റെ സ്ഥാനം.

മലയാളി നെഞ്ചേറ്റിയ ആ അനശ്വരഗാനത്തിന് ഇപ്പോൾ 40 വയസ്സ് പൂർത്തിയായിരിക്കുകയാണ്.ഒരു തീവണ്ടി യാത്രക്കിടെയാണ് ഈ പാട്ടിന്റെ വരികളും അതിന്റെ സംഗീതവും ജനിക്കുന്നത്.. ആ കഥ ഇങ്ങനെ..1983 ജനുവരി 23-നായിരുന്നു ആ അനശ്വരഗാനം പിറന്നത്. ഒരൊറ്റ ദിവസം കൊണ്ട് പിറവിയെടുത്ത ഗാനം എന്ന പ്രത്യേകത 'നഷ്ടസ്വർഗങ്ങൾ'ക്കുണ്ട്. ശ്രീകുമാരൻ തമ്പിയുടേതാണ് വരികൾ. അദ്ദേഹം അന്ന് ചെന്നൈയിലായിരുന്നു.

സംവിധായകൻ അമ്പിളി പാട്ട് ആവശ്യപ്പെട്ട് ചെന്നൈയിലേക്ക് വിളിച്ചു.പ്രേമനൈരാശ്യം കലർന്ന വരികളായിരിക്കണമെന്നും കേൾക്കുന്ന ആരുടെയും മനസ്സിനെ സ്പർശിക്കണമെന്നും അമ്പിളി വിനയപൂർവം ആവശ്യപ്പെട്ടിരുന്നു.സംഗീത സംവിധായകൻ ആരാണെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ചോദ്യം. വിദ്യാധരനെപ്പറ്റി അദ്ദേഹത്തിന് അറിയില്ലായിരുന്നു.

അദ്ദേഹം ഫോണിൽ പാട്ടിന്റെ പല്ലവി പറഞ്ഞുകൊടുത്തു. രാത്രിയിൽ ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് തീവണ്ടിയിൽ വരുന്ന സുഹൃത്ത് മുഖേന ബാക്കി വരികൾ എഴുതി കൊടുത്തയക്കാമെന്നും അദ്ദേഹം പറഞ്ഞു.അനുപല്ലവിയും ചരണവും കിട്ടാൻ വിദ്യാധരൻ തന്നെ വെളുപ്പിന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തി. ബാക്കി വരികൾ കൈപ്പറ്റി. അതുമായി നേരെ തിരുവനന്തപുരത്തേക്ക്. തീവണ്ടിയിലെ സാധാരണ കമ്പാർട്ടുമെന്റിലിരുന്ന് അദ്ദേഹം വരികൾ വായിച്ചു.

ഈണങ്ങൾ പലതും കയറിവന്നു. ഹാർമോണിയത്തിന്റെ സഹായമില്ലാതെ ആഭേരിരാഗത്തിൽ തീവണ്ടിയിലേക്ക് ആ പാട്ട് ജനിച്ചുവീഴുകയായിരുന്നു. പിറ്റേന്ന്, പാട്ടുപാടാൻ തയ്യാറായി യേശുദാസ് 'തരംഗിണി' സ്റ്റുഡിയോയിലേക്ക് റെക്കോർഡിങ്ങിനെത്തുകയാണ്.വരികളും സംഗീതവും മാത്രമല്ല, യേശുദാസിന്റെ മാന്ത്രിക ആലാപനം കൂടിയായപ്പോൾ, 'നഷ്ടസ്വർഗ്ഗങ്ങളേ' അനശ്വരമായി.

വീണപൂവിന്റെ ഷൂട്ടിങ് ഭൂരിഭാഗവും തൃശ്ശൂർ ജില്ലയുടെ പല ഭാഗങ്ങളിലായിട്ടായിരുന്നു. ' നഷ്ടസ്വർഗ്ഗങ്ങളേ.. 'ഗാനം ചിത്രീകരിച്ചത് മഞ്ചേരി പൂങ്കുടി മനയിലായിരുന്നു. മാനസികചികിത്സ നടത്തുന്ന സ്ഥലമാണ്. അവിടെ ഒരു ഇരുട്ടുമുറിയിലിരുന്ന് ഒരു ഭ്രാന്തൻ പാടുന്നത് സിനിമയിലെ രംഗം. തൃപ്രയാർ സ്വദേശിയായ രഘുവാണ് ഭ്രാന്തന്റെ വേഷമിട്ടത്. ശങ്കർമോഹനായിരുന്നു നായകൻ. ഉമാ ഭരണി നായികയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP