Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊറോട്ടയെ തോൽപ്പിക്കാൻ ആവില്ല മക്കളെ; ജിഎസ്ടി 18 ശതമാനമാക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ നിങ്ങൾ കഴിക്കുന്ന പൊറോട്ടക്കല്ല നികുതി കൂട്ടിയതെന്ന് കേന്ദ്രസർക്കാർ; ജിഎസ്ടി വർധനവ് ഫ്രോസൺ പൊറോട്ടക്ക് മാത്രം

പൊറോട്ടയെ തോൽപ്പിക്കാൻ ആവില്ല മക്കളെ; ജിഎസ്ടി 18 ശതമാനമാക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ നിങ്ങൾ കഴിക്കുന്ന പൊറോട്ടക്കല്ല നികുതി കൂട്ടിയതെന്ന് കേന്ദ്രസർക്കാർ; ജിഎസ്ടി വർധനവ് ഫ്രോസൺ പൊറോട്ടക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പൊറോട്ടക്ക് മുന്നിൽ ജിഎസ്ടിയും മുട്ടുമടക്കി. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന് ഒടുവിൽ സർക്കാരിന്റെ വിശദീകരണം. പൊറോട്ട പ്രേമികളുടെ പ്രതിഷേധം കനത്തോടെയാണ് നിങ്ങൾ കഴിക്കുന്ന പൊറോട്ടക്കല്ല നികുതി കൂട്ടിയതെന്ന് വിശദീകരിച്ച് അധികൃതർ രം​ഗത്തെത്തിയത്. തണുപ്പിച്ച, പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്കാണ് നികുതി കൂട്ടിയതെന്ന് സർക്കാർ വ്യക്തമാക്കിയത്. കടകളിൽ ചൂടോടെ വിൽക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കർണാടക അഥോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങിന്റെ കുറിപ്പിൽ പറയുന്നു.

പ്രിസർവേറ്റീവസ് ചേർത്ത് പാക്കറ്റിൽ ശീതീകരിച്ച് എത്തുന്ന പൊറോട്ട വാങ്ങുന്നവർ സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവരാണെന്നും 18 ശതമാനം ജിഎസ്ടി താങ്ങാൻ അവർക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചതെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സാദാ പൊറൊട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയെന്ന വാർത്ത തെറ്റിദ്ധാരണയെ തുടർന്ന് പ്രചരിച്ചതാണെന്നും കുറിപ്പിൽ പറയുന്നു. പൊറോട്ട റൊട്ടിയുടെ വിഭാഗത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം കർണാടക തീരുമാനിച്ചത്.

പൊറോട്ടയുടെ വില കുത്തനെ കൂട്ടാനുള്ള തീരുമാനം സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയത്. #handsoffporotta എന്ന പേരിൽ പ്രചരിച്ച ഹാഷ്​ടാഗ് കേരള ടൂറിസം വരെ ഏറ്റെടുത്ത് ട്വീറ്റ് ചെയ്തു. ഫുഡ് ഫാസിസമാണിതെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററേനിയൻസ് വലിയ പ്രതിഷേധം ഉയർത്തി. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്ടിയും പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയും നിശ്ചയിച്ച എഎആറിന്റെ തീരുമാനത്തിനെതിരെ ബംഗളുരുവിലെ ഭക്ഷ്യ വിതരണ കമ്പനിയാണ് ആദ്യം രംഗത്ത് വന്നത്.നികുതി കുറയ്ക്കണമെന്ന ആവശ്യം എഎആർ അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ക്യാംപെയിൻ തുടങ്ങിയത്.

പൊറോട്ടയും ബീഫുമില്ലാത്ത ഒരു കേരളത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് വിലപിക്കുന്നവർ മുതൽ തൊട്ട് പോകരുത് എന്റെ പൊറോട്ടയെ എന്ന് ആക്രോശിക്കുന്നവരും ഫുഡ് ഫാസിസം എന്ന് താത്വിക അവലോകനം നടത്തുന്നവരും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തി രം​ഗത്തെത്തി. ഒട്ടേറെ അടിച്ചമർത്തലുകൾക്കും ചുരുട്ടി കൂട്ടലുകൾക്കും ശേഷം ആണ് പൊറോട്ട ഉണ്ടാകുന്നതെന്നും ഇതുകൊണ്ടൊന്നും തളരില്ലെന്നും തളർന്നാൽ രുചിയും ഉണ്ടാകില്ലെന്നും പൊറോട്ട വാദികൾ കാവ്യാത്മകമായി പറയുന്നു. "പോട്ടേ പൊറോട്ടെ, സാരമില്ല എന്തു സംഭവിച്ചാലും നിനക്ക് ഞങ്ങളുണ്ട്" - സൈബർ പ്രക്ഷോഭകാരികൾ പറയുന്നു.

തിന്നാൻ തയ്യാർ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനമാണ് പൊറോട്ട പ്രശ്നം ആദ്യം ഉയർത്തിയത്. ഇവർ പൊറോട്ട റൊട്ടിവിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്. എന്നാൽ, പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നായിരുന്നു എഎആറിന്റെ ഉത്തരവ്.

അതേസമയം, റസ്റ്റോറന്റിൽ വിളമ്പുന്ന പൊറോട്ടക്ക് ഇത് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ നേരത്തേ തന്നെ രം​ഗത്തെത്തിയിരുന്നു. പായ്ക്ക് ചെയ്ത് വിൽക്കുന്ന പൊറോട്ടക്ക് മാത്രമാണ് ഉയർന്ന ജിഎസ്ടി നൽകേണ്ടിവരികയെന്ന് ഉദാഹരണ സഹിതം ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രോസൻ പൊറോട്ട പ്രിസർവ്ഡ് ആണെന്ന് മാത്രമല്ല, സീൽ ചെയ്തതും പായ്ക്ക് ചെയ്തതും ബ്രാൻഡ് ചെയ്തതുമാണ്. അതുകൊണ്ട് തന്നെ ഇത് ഉയർന്ന നിരക്കിൽ വിൽക്കാവുന്നതാണ്. ഇത് ഒരു മുഖ്യാഹാരം അല്ല. അതുകൊണ്ട് തന്നെ ടാക്സ് നൽകാൻ പറ്റുന്നവർ മാത്രമായിരിക്കും ഇത് വാങ്ങുക. ബിസ്കറ്റ്, പേസ്ട്രി, കേക്കുകൾ എന്നിവയ്ക്ക് പോലും 18 ശതമാനം ജി എസ് ടി ഉണ്ട്. ശീതീകരിച്ച പൊറോട്ടകൾ സാധാരണ റൊട്ടിയുമായോ റസ്റ്റോറന്റിൽ വിളമ്പുന്ന പൊറോട്ടയുമായോ താരതമ്യം ചെയ്യാൻ കഴിയില്ല.

റൊട്ടിയും, പൊറോട്ടയും ഒരു റസ്റ്റോറന്റിൽ വിളമ്പുകയോ, ടേക്ക് എവേയിൽ നൽകുകയോ ചെയ്യുമ്പോൾ 5ശതമാനം ജി എസ് ടിയാണ് ഈടാക്കുന്നതെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. പ്രൊസസ് ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾക്ക് ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്നത് ലോകവ്യാപകമാണ്. പാൽ നികുതിരഹിതമാണ്, എന്നാൽ, ടെട്രാപാക്ക് പാലിന് അഞ്ച് ശതമാനവും കണ്ടൻസ്ഡ് പാലിന് 12 ശതമാനവും ടാക്സ് ഈടാക്കുന്നുണ്ട്. അതുകൊണ്ട്, റസ്റ്റോറന്റിൽ പോയി പൊറോട്ട ഓർഡർ ചെയ്യാൻ മടിക്കേണ്ടെന്നും റൊട്ടിയുടെ അതേ ജി എസ് ടി മാത്രമാണ് റസ്റ്റോറന്റിൽ പൊറോട്ടയ്ക്ക് ഈടാക്കുകയെന്നും ഇക്കൂട്ടർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP