Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ മുഴുവൻ പേരെയും കോടീശ്വരന്മാരാക്കാൻ കഴിയുന്ന നിധിയുമായി ഒരുകൊച്ചു ഗ്രഹം; 16 സൈക്കിയെന്ന ഛിന്ന ഗ്രഹത്തിൽ സഹസ്രകോടികളുടെ സ്വർണ്ണവും പ്ലാറ്റിനവും; ചൊവ്വയുടെയും വ്യാഴത്തിന്റെ ഇടയിലുള്ള ഛിന്ന ഗ്രഹത്തിലേക്ക് 2022 ഓടെ നാസ പര്യവേഷണ പേടകം അയക്കും; 50 വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്താൻ കഴിയുമെന്നും പ്രതീക്ഷ; അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തലിൽ ആവേശത്തോടെ ശാസ്ത്രകുതുകികൾ

ലോകത്തിലെ മുഴുവൻ പേരെയും കോടീശ്വരന്മാരാക്കാൻ കഴിയുന്ന നിധിയുമായി ഒരുകൊച്ചു ഗ്രഹം; 16 സൈക്കിയെന്ന ഛിന്ന ഗ്രഹത്തിൽ സഹസ്രകോടികളുടെ സ്വർണ്ണവും പ്ലാറ്റിനവും; ചൊവ്വയുടെയും വ്യാഴത്തിന്റെ ഇടയിലുള്ള ഛിന്ന ഗ്രഹത്തിലേക്ക് 2022 ഓടെ നാസ പര്യവേഷണ പേടകം അയക്കും; 50 വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്താൻ കഴിയുമെന്നും പ്രതീക്ഷ; അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തലിൽ ആവേശത്തോടെ ശാസ്ത്രകുതുകികൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ങ്ടൺ: പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു കൊച്ചു ഗ്രഹത്തിൽ സഹസ്രകോടികളുടെ സ്വർണ്ണവും രത്നവും ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് പറഞ്ഞാൽ അത് പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. പക്ഷേ സയൻസ് ഫിക്ഷനൊ ഹാരിപോർട്ടർ മോഡൽ കഥയോ അല്ല ഇത്. സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര സത്യമാണ്. ഭൂമിയിലെ സകലമനുഷ്യരെയും കോടീശ്വരന്മാർ ആക്കാൻ കഴിയുന്ന 'സ്വത്ത്' ഒരു ഛിന്നഗ്രഹത്തിൽ ഉണ്ടെന്ന് പറയുന്നത് സാക്ഷാൽ നാസ തന്നെയാണ്. ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരന്മാരാക്കാൻ ശേഷിയുള്ളതാണത്രേ 'ഗോൾഡൺ അസ്ട്രോയിഡ്' എന്ന് അറിയപ്പെടുന്ന 16 സൈക്കിയെന്ന ഛിന്ന ഗ്രഹത്തിന്റെ സ്വർണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും അളവ് . ശരിക്കും ഒരു ബഹിരാകാശ നിധി. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലുള്ള ഈ ഛിന്നഗ്രഹത്തിൽ 8000 ക്വാഡ്രില്യൺ ഡോളർ മൂല്യം വരുന്ന 'നിധി'യുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അതായത് ആയിരം ട്രില്ലണിലധികം വിപണിമൂല്യം വരുന്ന സ്വത്ത്! ഇത് കിട്ടിയാൽ ലോകത്തിന്റെ സാമ്പത്തിക മുഖഛായ തന്നെ മാറുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇനി ഈ സ്വത്ത് ഭൂമിയിലേക്ക് എത്തിക്കാൻ കഴിയില്ലെന്നും പറയുവാൻ ആവില്ല. ഇതിലേക്ക് ഒരു പേടകത്തെ 2022 ഓടെ അയയ്ക്കാനാണു നാസയുടെ തീരുമാനം. 2026ൽ പേടകം ഈ ഛിന്നഗ്രഹത്തിലിറങ്ങി ഗവേഷണം നടത്തും. സാധാരണ ഐസും പാറപ്പൊടിയും തൊട്ട് വാതക ധൂളികൾവരെ മാത്രമാണ് ഇത്തരം ഛിന്നഗ്രഹങ്ങളിൽ കാണുക. എന്നാൽ 16 സൈക്കിയാവട്ടെ സ്വർണ്ണവും പ്ലാറ്റിനവും കൊണ്ട് നിറഞ്ഞിരിക്കയാണ്. സൈക്കിയുടെ ഉപരിതലത്തിലുള്ള ഈ നിധി ഭൂമിയിലെത്തിക്കാൻ ഭാവിയിൽ സാധ്യതയുണ്ട്. മുമ്പ് പല ഛിന്ന ഗ്രഹങ്ങളിലും സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിരുന്നെങ്കിലും, ഖനനത്തിന് ആവശ്യമായത്ര വലുപ്പം ഇവക്കൊന്നും ഇല്ലായിരുന്നു. എന്നാൽ 16 സൈക്കിക്ക് 252 കിലോമീറ്ററോളം വ്യാസമുണ്ട്. ഭൂമിയിൽ നിന്ന് സൂര്യൻ എത്ര ദൂരെയാണോ അതിനും മൂന്നിരട്ടി ദൂരെയാണ് ഇതിന്റെ സ്ഥാനം.
അത്തരം ഛിന്നഗ്രഹങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഗോൾഡൻ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ തന്നെ 25 വർഷമെടുക്കുമെന്നും വാണിജ്യാടിസ്ഥാനത്തിൽ ഖനനം തുടങ്ങാൻ പിന്നെയും 50 വർഷം കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഗവേഷകർ പറയുന്നത്.

നാസയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇതുസംബന്ധിച്ച സംവാദങ്ങളും ശാസ്ത്രലോകത്ത് സജീവമാണ്. പക്ഷേ കേവലം സമ്പത്ത് ലക്ഷ്യമിട്ടല്ല നാസയുടെ പര്യവേഷണം. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട കാലത്തു പൊട്ടിത്തെറിക്കപ്പെട്ട അവശിഷ്ടങ്ങളാണ് ഛിന്നഗ്രഹങ്ങളെന്നാണു കരുതുന്നത്. അതിനാൽത്തന്നെ ഭൂമിയുടെ ഉൾപ്പെടെ ഉദ്ഭവം സംബന്ധിച്ച് നിർണായക വിവരങ്ങളായിരിക്കും ആസ്റ്ററോയ്ഡ് സാംപിളുകളിൽ നിന്നു ലഭിക്കുക. നിലവിൽ അത്തരമൊരു സാംപിൾ ശേഖരണമാണ് നാസയുടെ ഉദ്ദേശം. സുവർണ്ണ ഗ്രഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ഇതുസംബന്ധിച്ച് ധനകാര്യ വിദഗ്ധരും പ്രതികരിക്കുന്നുണ്ട്. ഇങ്ങനെ അനന്തമായ കോടികളുടെ സ്വർണം ഭൂമിയിൽ എത്തിയാൽ അത് നിലവിലുള്ള സാമ്പത്തിക മേഖലയെ തകർക്കുകയാണ് ഉണ്ടാവുകയെന്ന് പ്രതികരിക്കുന്നവർ ഉണ്ട്. നാണയപ്പെരുപ്പത്തിനും സ്വർണം അടക്കമുള്ള സകലതിനും വില കുറയാനേ ഇത് ഇടയാക്കൂ. മാത്രമല്ല ലോകത്തിലെ എല്ലാ മനുഷ്യരെയും ഇത് സമ്പന്നരാക്കുമെന്നത് എങ്ങനെ സംഭവിക്കും എന്നും അവർ ചോദിക്കുന്നു. നാസയുടെ ഗവേഷണ പേടകം കൊണ്ടുവരുന്ന സ്വത്ത് അമേരിക്കയ്ക്ക് മാത്രമല്ലേ പോവുകയെന്നും ഇവർ ചോദിക്കുന്നു. അമ്പത് വർഷം കഴിഞ്ഞ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്വത്തിനെക്കുറിച്ചാണെങ്കിലും, ലോകത്ത് ചർച്ചകൾക്ക് പഞ്ഞമൊന്നുമില്ല.

ഇരുമ്പുഗ്രഹം സുവർണ ഗ്രഹമായപ്പോൾ

1852ൽ ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞനായ ആനിബേൽ ഡി ഗസ്സ്പിരസാണ് ചൊവ്വക്കും വ്യാഴത്തിനിടയിലുള്ള ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിന് പൗരാണിക ഗ്രീക്് ദേവതയുടെ പേരായ സൈക്കി എന്ന് നാമകരണം ചെയ്തതും അദ്ദേഹമാണ്. പക്ഷേ അടുത്തകാലത്താണ് ഇതേക്കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായി നാസ രംഗത്തെത്തിയത്. ആദ്യകാലത്തെ പഠനങ്ങളിൽ കണ്ടത് പ്രധാനമായും ഇരുമ്പും നിക്കലുമാണ് സൈക്കിയിൽ കാണപ്പെടുന്ന ലോഹങ്ങൾ എന്നതായിരുന്നു. പിന്നീടുള്ള പഠനങ്ങളിലാണ് സ്വർണ്ണത്തിന്റെ വൻ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഇരുമ്പു ഗ്രഹം എന്ന് അറിയപ്പെട്ടിരുന്ന ഇത് സുവർണ്ണ ഗ്രഹമായി അറിയപ്പെടാൻ തുടങ്ങുന്നത്.

ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഇതിൽ ലോഹത്തിന്റെ ഉപരിതലം ഉണ്ടെന്നതു തന്നെയായിരുന്നു. വ്യാഴവും ശനിയും പോലുള്ള വാതക ഭീമന്മാാരെ ഒഴിച്ചുനിർത്തിയാൽ മനുഷ്യൻ കണ്ടെത്തിയ എല്ലാ ഗ്രഹങ്ങളിലും സാധാരണ ഐസും പാറയും ചേർന്ന ഉപരിതലമാണ് ഉണ്ടാവുക.

നമ്മുടെ ക്ഷീരപഥം ഉണ്ടായകാലത്തെ കൂട്ടിയിടിയുടെ അവശേഷിപ്പുകൾ 16 സൈക്കിയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.അങ്ങനെയാണെങ്കിൽ പ്രഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള നിർണ്ണായ വിവരങ്ങളും ഇതിൽനിന്ന് ലഭിക്കുന്നമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. അന്നത്തെ കൂട്ടിയിടിയിൽ ഒരുഗ്രഹം ഏതാണ്ട് പൂർണ്ണമായി തന്നെ തകരുകയും ഉൾകാമ്പ് മാത്രമായി അവശേഷിക്കുകയും ചെയ്തുവെന്നും ഇതാണ് സൈക്കി 16 എന്നും കരുതുന്ന ഗവേഷകരുണ്ട്. ഈ ദൗത്യത്തോടെ ഇതിന്റെ കൃത്യമായ രൂപവും വൈദ്യുതി കാന്തിക മണ്ഡലവും വ്യക്തമായി മനസ്സിലാക്കാമെന്നും ഗവേഷകർ കരുതുന്നു. ഭൂമി നിർമ്മിക്കപ്പെട്ടതിന് സമാനമായാണോ ഈ ഛിന്നഗ്രഹവും ഉണ്ടായതെന്ന ചോദ്യത്തിനുള്ള ഉത്തരവും ലഭിച്ചേക്കും.

എന്താണ് ഛിന്ന ഗ്രഹങ്ങൾ

പൂർണ ഗ്രഹങ്ങളായി രൂപപ്പെടാൻ ആവാതെ വലിയപാറകൾപോലെ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹ ശകലങ്ങളാണ് ഛിന്ന ഗ്രഹങ്ങൾ എന്ന് ലളിതമായി പാറയാം. ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നത്. ലോഹ മൂലകങ്ങൾഅടങ്ങിയ പാറകളും മഞ്ഞുമാണ് ഇവയിലെ പ്രധാന ഘടകങ്ങൾ. അവിടെയാണ് സ്വർണ്ണവും പ്ലാറ്റിനവും അടങ്ങിയ നമ്മുടെ സൈക്കി വ്യത്യസ്മാവുന്നത്.

വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം കാരണം ഒന്നായി ചേർന്ന് ഗ്രഹമാകാനാകാതെ പോയ സൗരയൂഥ പദാർത്ഥങ്ങൾ ഒരു വലയമായാണ് കാണപ്പെടുന്നത്. ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് (Ceres), 4 വെസ്റ്റ (4 Vesta), 2 പാളസ് (2 Pallas), 10 ഹൈഗീയ (10 Hygiea) എന്നീ അംഗങ്ങളുടെ ഭാഗമാണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്. നമ്മുടെ സൈക്കി 16ആകട്ടെ ഇത്രയൊന്നും എത്തില്ല. വെറും 252 കിലോമീറ്ററാണ് ഇതിന്റെ വ്യാസം.

അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്. ഇതിൽ താഴോട്ട് വലിപ്പം കുറഞ്ഞ് പൊടിപടലങ്ങൾ വരെ ഈ മേഖലയിലുണ്ട്. ഇവയ്ക്കിടയിലെ വലിയ അംഗങ്ങൾ തമ്മിൽ കൂട്ടിയിടികൾ നടക്കാറുണ്ട്, തൽഫലമായി സമാന പരിക്രമണ സ്വഭാവങ്ങളും ഘടനകളുമുള്ള ഒരു ഛിന്നഗ്രഹ കുടുംബം രൂപം കൊള്ളും. കൂട്ടിയിടികൾ ഫലമായി നേർത്ത ധൂളികളും രൂപം കൊള്ളാറുണ്ട്. രാശി പ്രഭഉണ്ടാവാൻ ഈ ധൂളികളും കാരണക്കാരാണെന്ന് നാസയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഛിന്ന ഗ്രഹങ്ങൾ മൊത്തം എത്രയെണ്ണമുണ്ടെന്നും പറയാൻ കഴിയില്ല. പുതിയ പുതിയ സാധനങ്ങൾ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞവർഷം കണ്ടെത്തിയ മലാല ഛിന്നഗ്രഹം. ഈ ഛിന്നഗ്രഹത്തിന് മലാലയുടെ പേരിട്ടത് ഇതിനെ കണ്ടെത്തിയ നാസയിലെ ജെറ്റ് പ്രൊപ്പൽഷൻ ലാബിലെ ഡോ. അമി മെയ്ൻസർതന്നെയാണ്. അഞ്ചരവർഷംകൊണ്ടാണ് ഈ ഛിന്നഗ്രഹം സൂര്യനെ ഒരുതവണ വലംവയ്ക്കുന്നത്.1997ൽ പാക്കിസ്ഥാനിൽ ജനിച്ച മലാല പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ താലിബാന്റെ ആക്രമണത്തിനിരയായിരുന്നു. നൊബേൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ മലാല പഠനത്തിനും അറിവുസമ്പാദനത്തിനും നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് പുതിയ ഛിന്ന ഗഹത്തിന് അവരുടെ പേര് നൽകിയത്.

എന്നാൽ എല്ലാ ഛിന്നഗ്രഹങ്ങളും ഇങ്ങനെയല്ല. ഭൂമിയെ തകർക്കുമെന്ന് കരുതുന്ന ഒരു ഛിന്നഗ്രഹത്തിന്റെ ഭീതിയും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. അതാണ് ബെന്നു എന്ന ഓമനപ്പേരിൽ അറിപ്പെടുന്നവൻ.. 150 വർഷത്തിനുള്ളിൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറ്റവുമധികം സാധ്യതകൾ കൽപ്പിച്ചിരിക്കുന്നതാണ് ഇത്. ഇതോടെ ഭൂമി തകരുമെന്ന നിഗമനത്തെ തുടർന്ന് ബെന്നുവിനെ നിർവീര്യമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.ബഹിരാകാശത്ത് വച്ച് തന്നെ ഇവനെ തകർക്കാനുള്ള സാധ്യതകളാണ് നാസ പരിശോധിക്കുന്നുണ്ട്.

ഈ വിഷയങ്ങൾ എല്ലാം മനസ്സിൽ കണ്ടാണ് നാസ ഒസിരിസ് എന്ന പേടകം 2016 സെപ്തബറിൽ വിക്ഷേപിച്ചത്്. എന്നാൽ ജീവന് പിന്തുണയേകാൻ സാധ്യതയുള്ള ജൈവീക പദാർത്ഥങ്ങൾ കാണാനുള്ള സാധ്യതകൾ കൂടി ഈ ഛിന്നഗ്രഹത്തിൽ ഉണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ജീവന് പിന്തുണയാകുമോയെന്നതിൽ വസ്തുകൾ കണ്ടെത്താനുള്ള നിർണായക നീക്കത്തിലാണ് ഒസിരിസ് റെക്സ്. അപ്പോഴും കൂട്ടിയിടി ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ഈ ഛിന്നനെ ഭൂമിക്ക് പരിക്കില്ലാതെ എങ്ങനെ നശിപ്പിക്കാം എന്ന വിഷയത്തിലും ചർച്ചകൾ പുരോഗമിക്കയാണ്. ഇതിനിടയിലാണ് സുവർണ്ണ ഗ്രഹം കയറിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP