Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൾബ് കണ്ടുപിടിച്ചത് എഡിസണനല്ല ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാനാണ്; ഇറ്റലിക്കാരനായ ദരിദ്രശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും പേറ്റന്റ് ഗ്രഹാംബെല്ലിനാണ്; റേഡിയോ കണ്ടുപിടിച്ചത് മാർക്കോണിയുമല്ല; ഗലീലിയോ അല്ല ഡച്ച് കണ്ണട നിർമ്മാതാവായ ഹാൻസ് ലെപ്പർഷേ ആണ് ദൂരദർശിനി കണ്ടുപിടിച്ചത്; ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ: സാബു ജോസ് എഴുതുന്നു

ബൾബ് കണ്ടുപിടിച്ചത് എഡിസണനല്ല ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാനാണ്; ഇറ്റലിക്കാരനായ ദരിദ്രശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും പേറ്റന്റ് ഗ്രഹാംബെല്ലിനാണ്; റേഡിയോ കണ്ടുപിടിച്ചത് മാർക്കോണിയുമല്ല;  ഗലീലിയോ അല്ല ഡച്ച് കണ്ണട നിർമ്മാതാവായ ഹാൻസ് ലെപ്പർഷേ ആണ് ദൂരദർശിനി കണ്ടുപിടിച്ചത്; ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ: സാബു ജോസ് എഴുതുന്നു

സാബു ജോസ്

 ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ

നുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ ഇവയിൽ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങൾ പരിശോധിക്കാം.

വൈദ്യുത ബൾബ്

വൈദ്യുത ബൾബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ തോമസ് അൽവാ എഡിസൺ എന്നാവും മറുപടി. എന്നാൽ ഈ ബഹുമതിക്ക് എഡിസൺ അർഹനാണെന്ന് പറയാൻ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബൾബിന് പറയാനുള്ളത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാൻ ആണ് ആദ്യമായി വൈദ്യുത ബൾബ് നിർമ്മിച്ചത്. ഈ ബൾബിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തുകയായിരുന്നു എഡിസൺ. ഇങ്ങനെ പരിഷ്‌ക്കാരം വരുത്തിയ ഉൽപന്നത്തിന്റെ അമേരിക്കൻ പേറ്റന്റ് ആണ് എഡിസൺ എടുത്തത്. ഇതേസമയം തന്നെ ജോസഫ് സ്വാൻ ഇംഗ്ലണ്ടിലും താൻ കണ്ടുപിടിച്ച വൈദ്യുത ബൾബിൽ പരിഷ്‌ക്കാരങ്ങൾ വരുത്തി വിൽപന നടത്തിയിരുന്നു. കോടതി നടപടികൾ ഭയന്ന് എഡിസൺ ഇംഗ്ലണ്ടിലെത്തുകയും ജോസഫ് സ്വാനിനെ സ്വാധീനിച്ച് സംയുക്തമായി ഇംഗ്ലണ്ടിൽ ഒരു ബൾബ് നിർമ്മാണക്കമ്പനി തുടങ്ങുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി അമേരിക്കയിൽ ബൾബ് വിൽപന നടത്തുന്നതിന് എഡിസന് അനുവാദം നൽകുകയും ചെയ്തു. എഡിസന്റെ പ്രശസ്തി കാരണം വൈദ്യുത ബൾബിന്റെ ഉപജ്ഞാതാവായി എഡിസൺ അറിയപ്പെട്ടത് ചരിത്രം.

ടെലിഫോൺ

ടെലിഫോൺ കണ്ടുപിടിച്ചത് അലക്‌സാണ്ടർ ഗ്രഹാംബെൽ ആണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. 1876 ൽ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടുകയുമുണ്ടായി. എന്നാൽ 2002 ൽ അമേരിക്കൻ കോൺഗ്രസ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിനുള്ള അവകാശം ഗ്രഹാം ബെല്ലിനല്ല എന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരനായ ഒരു ദരിദ്രനായ ശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചത്. ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിന് പതിനാറ് വർഷം മുൻപുതന്നെ മിയൂച്ചി തന്റെ കണ്ടുപിടുത്തത്തിന്റെ ഡെമോൺസ്‌ട്രേഷൻ നടത്തിയിരുന്നു. ടെലിട്രോഫോണോ എന്നായിരുന്നു മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന് നൽകിയ പേര്.

1872 ൽ മിയൂച്ചി തന്റെ ഉൽപന്നം വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിക്ക് അയച്ചുകൊടുക്കുകയും കൂടുതൽ ഉൽപാദിപ്പിച്ച് മാർക്കറ്റിൽ ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കമ്പനി ഇക്കാര്യത്തിൽ താത്പര്യം കാണിച്ചില്ല. രണ്ടുവർഷത്തിനുശേഷം മിയൂച്ചി തന്റെ ഉൽപന്നത്തിന്റെ പ്രോട്ടോടൈപ്പ് തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നഷ്ടപ്പെട്ടു എന്ന മറുപടിയാണ് കമ്പനി നൽകിയത്. മിയൂച്ചിയൂടെ ലാബിൽ സഹപ്രവർത്തകനായിരുന്ന ഗ്രഹാംബെൽ വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിയുമായി ധാരണയിലെത്തുകയും ടെലിഫോണിന്റെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി മിയൂച്ചി കോടതി വ്യവഹാരങ്ങൾ ആരംഭിച്ചെങ്കിലും കേസിന്റെ വിധി വരുന്നതിനുമുൻപേ അദ്ദേഹം മരണപ്പെട്ടതുകൊണ്ട് ടെലിഫോൺ ഗ്രഹാംബെല്ലിന്റെ സ്വന്തമായി.

റേഡിയോ

റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങൾക്ക് നൊബേൽ പുരസ്‌ക്കാരം ലഭിച്ച ശാസ്ത്രജ്ഞനാണ് ഗ്വിൽജെൽമോ മാർക്കോണി. എന്നാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ കണ്ടുപിടുത്തത്തിന് നിരവധി പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് നിക്കോള ടെസ്ല. ടെസ്ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ പ്രക്ഷേപണം നടത്തിയത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം മാർക്കോണി റേഡിയോ പ്രക്ഷേപണത്തിന് അമേരിക്കയിൽ പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷകൾ തള്ളപ്പെടുകയാണുണ്ടായത്. റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് പതിനേഴിലധികം അപേക്ഷകൾ ഇതിനകം നിക്കോള ടെസ്ലയുടേതായി ലഭിച്ചതായിരുന്നു കാരണം. എന്നാൽ മാർക്കേണി തന്റെ പരിശ്രമം തുടർന്നു. കോടീശ്വരന്മാരായ നിക്ഷേപകരുടെ പിൻതുണയും മാർക്കോണിക്കുണ്ടായിരുന്നു ഇവരുടെ സമ്മർദത്തെത്തുടർന്ന് 1904 ൽ റേഡിയോ പ്രക്ഷേപണത്തിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ പേറ്റന്റ് ഓഫീസ് മാർക്കോണിക്ക് നൽകുകയായിരുന്നു. 1943 ൽ തന്റെ മരണം വരെ കേസ് നടത്തിയെങ്കിലും ടെസ്ലയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല.

ലേസർ

ഗോർഡൻ ഗൂൾഡ് എന്ന ബിരുദ വിദ്യാത്ഥിയുടെ പേരാണ് ഇന്ന് ലേസറിന്റെ പേരിനൊപ്പം ചേർത്തുവായിക്കുന്നത്. എന്നാൽ ഈ അവകാശം നേടിയെടുക്കാൻ ഗൂൾഡ് നീണ്ട മുപ്പത് വർഷം നിയമ പോരാട്ടം നടത്തിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായിരിക്കെ തന്റെ ഫിസിക്‌സ് പ്രൊഫസറായ ചാൾസ് ടൗൺസുമായി ഗൂൾഡ് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എങ്ങനെ ലേസർ നിർമ്മിക്കാം എന്നതായിരുന്നു ചർച്ചാവിഷയം. ലേസർ എന്ന പേരും ഗൂൾഡിന്റെ സംഭാവനയാണ്. തന്റെ കണ്ടെത്തലുകൾ ഗൂൾഡ് ഒരു നോട്ടുബുക്കിൽ കുറിച്ചുവച്ചിരുന്നു. പക്ഷെ രണ്ടുവർഷത്തിനു ശേഷം പ്രൊഫസർ ടൗൺസ് ലേസറിന്റെ പേറ്റന്റ് കരസ്ഥമാക്കി. ഗൂൾഡ് നിയമ പോരാട്ടത്തിന് തയ്യാറായി. ഒടുവിൽ 30 വർഷത്തെ നിയമ യുദ്ധങ്ങൾക്കുശേഷം 1988 ൽ ഗൂൾഡിന് ലേസറിന്റെ പേറ്റന്റ് ലഭിച്ചു. ലോകത്തിൽ എവിടെയെങ്കിലും ആരെങ്കിലും ലേസർ നിർമ്മിക്കുന്നതിന് ഗൂൾഡിന് റോയൽറ്റി കൊടുക്കണമെന്നും കോടതി വിധിച്ചു.

ദൂരദർശിനി

ഗലീലിയോയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായി അറിയപ്പെടുന്നത് ദൂരദർശിനിയാണ്. പക്ഷെ ഗലീലിയോ അല്ല ദൂരദർശിനി കണ്ടുപിടിച്ചത്. ഡച്ച് കണ്ണട നിർമ്മാതാവായ ഹാൻസ് ലെപ്പർഷേ ആണ് 1608 ൽ ആദ്യമായി ദൂരദർശിനി നിർമ്മിച്ചതും അതിന്റെ പേറ്റന്റിന് അപേക്ഷ നൽകിയതും. എന്നാൽ അദ്ദേഹത്തിന് ദൂരദർശിനിയുടെ പേറ്റന്റ് ലഭിച്ചില്ല. ഒരു വർഷത്തിനകം ലെപ്പർഷേയുടെ ദൂരദർശിനിയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തി ഗലീലിയോ ഇറ്റലിയിൽ അവതരിപ്പിച്ചു. ദൂരദർശിനിയുടെ ശേഷി വർധിപ്പിക്കുകയും അതിനെ വാനനിരീക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തത് ഗലീലിയോ ആണ്. അതെന്തായാലും ദൂരദർശിനിയുടെ പേറ്റന്റ് ഗലീലിയോയ്ക്കാണ് ലഭിച്ചത്.

വിൻഡ്ഷീൽഡ് വൈപ്പർ

ഒരു കണ്ടുപിടുത്തം കാരണം തന്റെ ജോലി നഷ്ടപ്പെടുകയും വിവാഹ ബന്ധം തകരുകയും ഒടുവിൽ മാനസികരോഗിയാവുകയും ചെയ്ത ഹതഭാഗ്യനാണ് റോബർട്ട് കയേൺസ്. വാഹനങ്ങളുടെ വിൻഡ്ഷീൽഡ് വൈപ്പർ കണ്ടുപിടിച്ചയാളാണ് ഈ നിർഭാഗ്യവാൻ. തന്റെ കണ്ടുപിടുത്തത്തിന്റെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹത്തിന് കേസ് നടത്തേണ്ടി വന്നത് മൂന്ന് ഭീമൻ വാഹന നിർമ്മാതാക്കളുമായാണ്. ഫോർഡ്, ജനറൽ മോട്ടോർസ്, ക്രൈസ്ലർ എന്നീ വാഹനനിർമ്മാതാക്കളുമായി കേസ് നടത്തേണ്ടിവന്നതാണ് കയേൺസിന്റെ ജീവിതം ദുരന്തത്തിൽ കലാശിക്കാൻ കാരണം. കയോൺസ് വിൻഡ് ഷീൽഡ് വൈപ്പറുകൾ നി ർമിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ തന്നെ മേൽപറഞ്ഞ വാഹന നിർമ്മാതാക്കൾ കയോൺസിന്റെ ഉൽപന്നം തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കാനാരംഭിച്ചു. 30ൽ പരം പേറ്റന്റ് അപേക്ഷകൾ അദ്ദേഹം സമർപ്പിച്ചുവെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. നീണ്ട 20 വർഷം നിയമ പോരാട്ടം നടത്തിയെങ്കിലും തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശം കയേൺസിന് ലഭിച്ചില്ല. ജീവിതം താറുമാറായതുതന്നെഫലം.

പേപ്പർബാഗ് മെഷിൻ

19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഇൻവെന്റായിരുന്നു മാർഗരറ്റ് നൈറ്റ്. ഒരു പേപ്പർ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പേപ്പർ ബാഗുകൾ നിർമ്മിക്കുന്ന ആശയം മാർഗരറ്റിന് ഉണ്ടായത്. ഇതിനായി ഒരു യന്ത്രം മാർഗരറ്റ് രൂപകൽപന ചെയ്തു. ഈ ഉപകരണത്തിൽ പരിഷ്‌ക്കാരങ്ങൾ വരുത്തുന്നതിനിടെ ചാൾസ് അനൻ എന്ന മെക്കാനിസ്റ്റ് മാർഗരറ്റിന്റെ യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് മോഷ്ടിക്കുകയും പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി വർഷങ്ങളുടെ നി യമ പോരാട്ടങ്ങൾക്കൊടുവിലാണ് പേപ്പർ ബാഗ് നിർമ്മിക്കുന്ന യന്ത്രത്തിന്റെ ഉടമസ്ഥാവകാശം മാർഗരറ്റ് നൈറ്റിന് ലഭിച്ചത്. ഇന്ന് പേപ്പർ ഇൻഡസ്ട്രിയിൽ മാർഗരറ്റിന്റെ കണ്ടുപിടിത്തത്തിന് വളരെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.

സോക്കറ്റ് റേഞ്ച് കണ്ടുപിടിച്ച പീറ്റർ റോബർട്ടിനും കലനയതന്ത്രം കണ്ടുപിടച്ച ലെബ്‌നിസിനും അതുപോലെ നിരവധി ശാസ്ത്രജ്ഞർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തോമസ് എഡിസണും നിക്കോള ടെസ്ല യും തമ്മിലുള്ള തർക്കം ചരിത്ര പ്രസിദ്ധമാണ്. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ച റുഡോൾഫ് ഡീസലിന്റെയും റബ്ബർ വൾക്കനൈസേഷൻ കണ്ടു പിടിച്ച ഗുഡ് ഇയറിന്റെയും ദുരന്തം ശാസ്ത്രചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.

( ശാസ്ത്ര പ്രഭാഷകനും അദ്ധ്യാപകനുമായ സാബു ജോസ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP