Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വംശനാശ ഭീഷണി നേരിടുന്ന പനാമേനിയൻ സ്വർണ്ണത്തവളകളുടെ ഘാതകനായത് കൈട്രിഡിയോ മൈകോസിസ് എന്ന രോഗം; രോഗകാരിയായ ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം; കൊറിയയിൽ ആവിർഭവിച്ച് കൊറിയൻ യുദ്ധകാലത്ത് ലോകമാകെ പടർന്ന രോഗകാരിയായ ഫംഗസിനെ കുറിച്ച് അറിയാം

വംശനാശ ഭീഷണി നേരിടുന്ന പനാമേനിയൻ സ്വർണ്ണത്തവളകളുടെ ഘാതകനായത് കൈട്രിഡിയോ മൈകോസിസ് എന്ന രോഗം; രോഗകാരിയായ ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം; കൊറിയയിൽ ആവിർഭവിച്ച് കൊറിയൻ യുദ്ധകാലത്ത് ലോകമാകെ പടർന്ന രോഗകാരിയായ ഫംഗസിനെ കുറിച്ച് അറിയാം

മറുനാടൻ മലയാളി ബ്യൂറോ

വെട്ടിത്തിളങ്ങുന്ന സ്വർണ്ണ നിറത്തോടുകൂടിയ പനാമേനിയൻ സ്വർണ്ണ തവളകൾ ഇന്ന് ലോകമെമ്പാടുമായുള്ളത് 1500 എണ്ണം മാത്രം. അതും മൃഗശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രം. ഈ തവളകളുടെ ത്വക്കിൽ നിന്നും സ്രവിക്കപ്പെടുന്ന വിഷാംശമുള്ള സ്രവത്തിന് 1,200 എലികളെ വരെ കൊല്ലാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് തന്നെ മദ്ധ്യ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ഈ തവളകളെ കർഷകന്റെ സുഹൃത്തായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ മനുഷ്യർക്ക് ഏറെ സഹായകമായ ഈ സ്പീഷീസ് അതിവേഗം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു.

ഞരമ്പുകൾ വലിഞ്ഞു മുറുകുകയും, മാംസപേശികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ദഹനം ശരിയാകാതെ വരികയും ഒക്കെ ചെയ്യുന്ന കൈട്രിഡിയോമൈകോസിസ് എന്ന രോഗമായിരുന്നു ഈ വംശത്തിന്റെ അന്തകനായി എത്തിയത്. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അതിന്റെ ത്വക്കിന്റെ കാഠിന്യം അതിന്റെ പാരമ്യതയിലെത്തുകയും ചുറ്റുപാടുകളിൽ നിന്നും പോഷകമൂല്യങ്ങൾ ആഗിരണം ചെയ്യുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു. അധികം വൈകാതെ തന്നെ രോഗബാധിതയായ തവള മരണപ്പെടുകയും ചെയ്യും.

ഒരല്പം നടകീയതയും എന്നാൽ ഏറെ വേദനാജനകവുമായ ഒരു രോഗമാണിതെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. ലോകത്ത് ഉഭയജീവികൾ ഉള്ളയിടങ്ങളിലെല്ലാം ഈ രോഗവും ഉണ്ടെന്നാണ് അവർ പറയുന്നത്. ലോകത്താകമാനമുള്ള ഉഭയ ജീവികളുടെ വിവിധ സ്പീഷീസുകളെ ഏകദേശം 30 ശതമാനത്തോളം കുറയ്ക്കുവാൻ ഈ രോഗത്തിന് കഴിഞ്ഞിട്ടുമുണ്ട്. 1987-ൽ മദ്ധ്യ അമേരിക്കയിലായിരുന്നു ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് ആസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലേക്ക് പടർന്നു.

ഈ രോഗത്തിന് കാരണമായ ബാട്രോകോകൈടിയം ഡെൻഡ്രോബാറ്റിഡിസ് എന്ന ഫംഗസിനെയാണ് ഇപ്പോൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഫംഗസ് ഉണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇത് സ്വാഭാവികമായി ഉണ്ടായ ഫംഗസാണോ മനുഷ്യനിർമ്മിതമാണോ എന്ന കാര്യത്തിലും തർക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ഫംഗസുകളുടെ ജനിതകഘടന പരിശോധിച്ച ശാത്രജ്ഞർ എത്തിച്ചേർന്നത് ഇത് 1950 കളിൽ കൊറിയയിലാണ് ആവിർഭവിച്ചത് എന്നാണ്. പിന്നീട് കൊറിയൻ യുദ്ധകാലത്ത് മനുഷ്യരിലൂടെ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.

ഇത്തരത്തിലുള്ള ഫംഗസുകളെ ലബോറട്ടറികളിൽ സൃഷ്ടിക്കുക അസാദ്ധ്യമാണെന്നാണ് ഗവേഷണത്തിന്റെ ഭാഗമായിരുന്ന എപിഡെർമോളജിസ്റ്റ് മാത്യൂ ഫിഷർ പറയുന്നത്. ഫ്രഞ്ച് ഗയാനയിലെ മഴക്കാടുകളിൽ ആഴ്‌ച്ചകളോളം താമസിച്ച് ഇത്തരം തവളകളെ കണ്ടെത്തി അവയെ ബയോപ്സിക്ക് വിധേയമാക്കുകയായിരുന്നു. 450 ഓളം മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച ആ യാത്രയിൽ ഫംഗസുകളുടെ മൂന്ന് ഐസൊലേറ്റുകൾ നേടാനായി എന്നും അദ്ദേഹം പറഞ്ഞു.

1990-ൽ പനാമയിലാണ് കൈട്രിഡിയോമൈകോസിസ് ആദ്യമായി കാണപ്പെട്ടത്. തദ്ദേശ വന്യജീവി ജീവിതത്തിന് ഒരു ഭീഷണിയായി വളർന്ന ഈ ഫംഗസ് രോഗം ഉഭയജീവികളല്ലാത്തവയേയും ബാധിച്ചിരുന്നു. വനനശീകരണവും അന്തരീക്ഷ മലിനീകരണവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ, സ്വർണ്ണത്തവളകളെ അതീവ ഗുരുതരമായി വംശനാശം നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 2.5 ഇഞ്ച് വലിപ്പം മാത്രം വരുന്ന ഈ കുഞ്ഞൻ തവളകൾ സാധാരണയായി മദ്ധ്യ-പടിഞ്ഞാറൻ പനാമയിലെ മഴക്കാടുകളിലെ നീർച്ചോലകളിലാണ് കണ്ടുവരുന്നത്.എന്നാൽ 2009 ന് ശേഷം ഈ ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണുവാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ ഈ രോഗത്തിന് പ്രതിവിധികളില്ല. അതേസമയം ബുൾഫ്രോഗ് പോലുള്ള സ്പീഷീസുകളിൽ പെട്ട തവളകൾ ഈ രോഗത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതും ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. ഇപ്പോൾ വിവിധ ഗവേഷണകേന്ദ്രങ്ങളിലുള്ള സ്വർണ്ണത്തവളകളെ കൃത്രിമ പ്രത്യ്ദ്പാദനത്തിന് വിധേയമാക്കി അവയുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ജീവികളെ എന്നന്നേക്കുമായി ബന്ധനസ്ഥരാക്കി വയ്ക്കാനല്ല, മറിച്ച് അവയുടെ എണ്ണം വർദ്ധിപ്പിച്ച് സ്വാഭാവിക ആവസ വ്യവസ്ഥയിൽ ജീവിക്കാൻ സഹായിക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നതെന്നും ഇതിന് നേതൃത്വം നൽകുന്നവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP