Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

1959 ൽ സോവിയറ്റ് യൂണിയന്റെ പേടകം ചന്ദ്രനിലെത്താൻ എടുത്തത് 34 മണിക്കൂർ; അപ്പോളോ 11 ന് വേണ്ടി വന്നത് നാലു ദിവസം; എന്നിട്ടും ചന്ദ്രയാൻ 2 ന് ചന്ദ്രനെ തൊടാൻ ഒരു മാസത്തോളം സമയം എന്തിനായിരിക്കും?

1959 ൽ സോവിയറ്റ് യൂണിയന്റെ പേടകം ചന്ദ്രനിലെത്താൻ എടുത്തത് 34 മണിക്കൂർ; അപ്പോളോ 11 ന് വേണ്ടി വന്നത് നാലു ദിവസം; എന്നിട്ടും ചന്ദ്രയാൻ 2 ന് ചന്ദ്രനെ തൊടാൻ ഒരു മാസത്തോളം സമയം എന്തിനായിരിക്കും?

മറുനാടൻ ഡെസ്‌ക്‌

1959 ൽ സോവിയറ്റ് യൂണിയന്റെ പേടകം ലൂണ - 2 ചന്ദ്രനിലെത്താൻ എടുത്തത് വെറും 34 മണിക്കൂർ. പത്ത് വർഷങ്ങൾക്കിപ്പുറം 1969 ജൂലൈ 20 ന് നാസയുടെ അപ്പോളോ 11 മനുഷ്യരുമായി ചന്ദ്രപ്രതലത്തിൽ ഇറങ്ങാൻ എടുത്തത് നാല് ദിവസവും ആറ് മണിക്കൂറും 45 മിനിട്ടും. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ചന്ദ്രനിലെത്താൻ ഇന്ത്യയുടെ ചന്ദ്രയാൻ 2 ഒരു മാസത്തോളം സമയമെടുക്കുന്നത് എന്തുകൊണ്ടായിരിക്കും?

ചന്ദ്രയാന്റെ യാത്ര വൈകിപ്പിക്കുന്നതും അപ്പോളൊയെ ചന്ദ്രനിലേക്ക് കുതിപ്പിച്ചതും പ്രധാനമായും മൂന്നു ഘടകങ്ങളാണ്. റോക്കറ്റ്, അത് വഹിച്ച ഇന്ധനത്തിന്റെ അളവ് പിന്നെ ചാന്ദ്രപേടകത്തിന്റെ വേഗത. ഇതിൽ റോക്കറ്റിന് പ്രധാന്യമേറുന്നു. ബഹിരാകാശത്ത് കൂടുതൽ ദൂരം സഞ്ചരിക്കുന്നതിന് ഉയർന്ന വേഗതയും നേർരേഖയിലുള്ള പാതകളും ആവശ്യമാണ്. അപ്പോളോ -11 നായി നാസ ഉപയോഗിച്ചത് സൂപ്പർ ഹെവി-ലിഫ്റ്റ് ലോഞ്ചറായ, മണിക്കൂറിൽ 39,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള സാറ്റേൺ V ആയിരുന്നു. സാറ്റേൺ V യും ചാന്ദ്ര പേടകവും ഉപയോഗിച്ചത് വെറും നാല് ദിവസത്തിനുള്ളിൽ 3.8 ലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ മാത്രം അതിശക്തമായ എഞ്ചിനുകളും.

പക്ഷേ 1969 നും 1971 നും ഇടയിലുണ്ടായ ഓരോ അപ്പോളോ മിഷനും പണമൊഴുക്കുകയായിരുന്നു നാസ. ശീതയുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന സമയം. ആദ്യ കൃത്രിമോപഗ്രഹവും ആദ്യ ബഹിരാകാശ യാത്രികനെയും സോവിയറ്റ് യൂണിയൻ സ്വന്തമാക്കിയപ്പോൾ എങ്ങനെയും ചന്ദ്രനെ കൈപ്പിടിയിലൊതുക്കേണ്ടത് അമേരിക്കയുടെ ആവശ്യമായി മാറി. ഇന്നത്തെ കണക്കുകൾ അനുസരിച്ച് 1.2 ബില്ല്യൺ ഡോളർ ഓരോ ദൗത്യത്തിനും നാസയ്ക്ക് നൽകാൻ അമേരിക്കൻ ഭരണകൂടം തയ്യാറായി. അതിൽ 690 മില്ല്യൺ ഡോളറും സാറ്റേൺ V എന്ന റോക്കറ്റിന്റെ നിർമ്മാണത്തിനാണ് നാസ വിനിയോഗിച്ചത്.

സോവിയറ്റ് യൂണിയനും ശീതയുദ്ധവുമെല്ലാം ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ് ഇന്ന്. ആരോടുമുള്ള മത്സരവുമല്ല ചന്ദ്രയാൻ 2. അതുകൊണ്ടു തന്നെ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ മാർഗങ്ങളാണ് ചന്ദ്രയാൻ 2 നു വേണ്ടി ഇന്ത്യ സ്വീകരിച്ചത്. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലം പരമാവധി മുതലെടുത്തായിരിക്കും ചന്ദ്രയാൻ 2 ന്റെ ചാന്ദ്ര പേടകം ചന്ദ്രനിലെത്തുക. പേടകത്തിനായി ഇസ്രോ സർക്യൂട്ട് റൂട്ട് തിരഞ്ഞെടുത്തതിന്റെ കാരണവും ഇതുതന്നെ. ഈ വർഷം ആദ്യം ഇസ്രയേലിന്റെ ബെറെഷീറ്റ് ദൗത്യവും ചന്ദ്രനിലേക്കുള്ള വഴിയായി തിരഞ്ഞെടുത്തത് ചെലവ് കുറഞ്ഞ ഈ രീതിയാണ്.

നാസയുടെ 1.2 ബില്ല്യൺ ഡോളറിന്റെ സ്ഥാനത്ത് ഇസ്‌റോ ചിലവഴിച്ചത് 138 മില്ല്യൺ (978 കോടി) മാത്രമാണ്. അതിൽ 375 കോടിയും ജിഎസ്എൽവി എംകെ - 3 യുടെ നിർമ്മാണത്തിനായിരുന്നു. നാസ സാറ്റേണിനു വേണ്ടി ചിലവഴിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്.
ആദ്യ ശ്രമത്തിൽ തന്നെ മാർസ് ഓർബിറ്റർ മിഷൻ പോലുള്ള ഇന്റർപ്ലാനറ്ററി ദൗത്യങ്ങൾ വിജയിപ്പിക്കാനായ ഇസ്‌റോ ലോകമെങ്ങും പ്രശസ്തിയാർജിച്ചത് തീരെ ചെലവ് കുറഞ്ഞ മാർഗങ്ങൾ ബഹിരാകാശ ദൗത്യങ്ങൾക്ക് സ്വീകരിക്കുന്നതിലൂടെയുമാണ്.

ഇസ്രോയുടെ 'ബാഹുബലി' എന്നറിയപ്പെടുന്ന ജിഎസ്എൽവി എംകെ 3 യാണ് ചന്ദ്രയാൻ 2 നെ വഹിച്ചത്. ഈ ത്രീ സ്‌റ്റേജ് റോക്കറ്റിന് 4 ടൺ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. ഇത് മൊഡ്യൂളിനെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയി. 14 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് പക്ഷേ അപ്പോളോ 11 ൽ ഉപയോഗിക്കപ്പെട്ട സാറ്റേൺ V യോടുള്ള താരതമ്യത്തിൽ ചെറുതാണ. 36 നില കെട്ടിടത്തിന്റെ ഉയരമുള്ള സാറ്റേൺ V ന് 140 ടൺ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്നും ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായി സാറ്റേൺ V തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP