Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

40,000 വർഷം പഴക്കമുള്ള ചെന്നായുടെ തല ഒരു കുഴപ്പവുമില്ലാത്ത നിലയിൽ കണ്ടെത്തി; ഇപ്പോഴത്തെ ചെന്നായകളെക്കാൾ ഇരട്ടി വലുപ്പം കണ്ട് കൗതുകം കൂറി ശാസ്ത്രലോകം; ഐസ് ഏജിന്റെ രഹസ്യം തുറക്കാനുള്ള താക്കോലെന്ന് കരുതി ചരിത്രകാരന്മാർ

40,000 വർഷം പഴക്കമുള്ള ചെന്നായുടെ തല ഒരു കുഴപ്പവുമില്ലാത്ത നിലയിൽ കണ്ടെത്തി; ഇപ്പോഴത്തെ ചെന്നായകളെക്കാൾ ഇരട്ടി വലുപ്പം കണ്ട് കൗതുകം കൂറി ശാസ്ത്രലോകം; ഐസ് ഏജിന്റെ രഹസ്യം തുറക്കാനുള്ള താക്കോലെന്ന് കരുതി ചരിത്രകാരന്മാർ

മറുനാടൻ ഡെസ്‌ക്‌

ലിയ തലയും രൂപവുമുള്ള ജീവികളെ നാം അധികവും കണ്ടിരിക്കുക ഐസ് ഏജ് സിനിമകളിലാവും. എന്നാൽ, ആ കാഴ്ചകൾ സത്യമാണെന്ന് തെളിയിക്കുകയാണ് സൈബീരിയയിലെ മഞ്ഞുമലകളിൽനിന്ന് ലഭിച്ച ചെന്നായുടെ തല. 40,000 വർഷമെങ്കിലും പഴക്കമുള്ള ഈ തല യാതൊരു കേടുപാടുമില്ലാതെ മഞ്ഞിലുറഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോഴത്തെ ചെന്നായകളുടേതിനെക്കാൾ ഇരട്ടിയെങ്കിലും വലുപ്പമുള്ളതാണ് സൈബീരിയയിലെ യാക്കൂട്ടിയയിൽനിന്ന് ലഭിച്ച തല.

16 ഇഞ്ച് നീളമാണ് ഈ തലയ്ക്കുള്ളത്. തലച്ചോർ പോലും കേടുകൂടാതെയിരിക്കുന്നുവെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒമ്പതുമുതൽ 11 ഇഞ്ചുവരെയാണ് ഇപ്പോഴത്തെ ചെന്നായകളുടെ തലയുടെ നീളം. 2018-ലെ ഒരു വേനൽ ദിനത്തിൽ നാട്ടുകാരനായ പാവേൽ എഫിമോവാണ് കൂറ്റൻ ചെന്നായത്തല കണ്ടെത്തിയത്. ടിറേഖാത്ത് നദിക്കരയിൽ ചെന്നായത്തല കണ്ടെത്തിയ കാര്യം ഇപ്പോൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് മാത്രം.

തല ഛേദിക്കപ്പെട്ട നിലയിലാണുള്ളത്. എങ്ങനെയാണ് തല ഛേദിക്കപ്പെട്ടതെന്നതിന്റെ സൂചനകളൊന്നുമില്ല. ചിലപ്പോൾ അന്നത്തെ വേട്ടക്കാരന് സമ്മാനമായി നൽകിയതാകാം ഈ തലയെന്നും കരുതുന്നു. ഈ മേഖലയിൽ മനുഷ്യർ താമസത്തിനായി എത്തിയിട്ട് 32,500 വർഷം മാത്രമേ ആയിട്ടൂള്ളൂ. അതിനും എണ്ണായിരം വർഷം മുമ്പ് ഇവിടെ വേട്ടയ്‌ക്കെത്തിയിരിക്കാൻ സാധ്യതയുണ്ടോ എന്ന കാര്യവും ശാസ്ത്രലോകം കൗതുകത്തോടെ പരതുകയാണിപ്പോൾ.

പൂർണവളർച്ചയെത്തിയ പ്ലെസ്റ്റോസെൻ ചെന്നായയുടെ തല ഇത്തരത്തിൽ കേടുപാടുകളില്ലാതെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് റഷ്യൻ ശാസ്ത്രകാരൻ ഡോ. ആൽബർട്ട് പ്രോട്ടോപ്പോവ് പറഞ്ഞു. ഇത് സുപ്രധാനമായ കണ്ടെത്തലാണ്. ഇപ്പോഴത്തെ തരം ചെന്നായകളുമായി താരതമ്യം ചെയ്ത് ഇവയുടെ പിറവിയും ഇപ്പോഴത്തെ രീതിയിലേക്ക് എത്തിയതുമൊക്കെ കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാമത്തിനെപ്പോലെ വലിയ ദൃംഷ്ടയുള്ളതാണ് ഈ ചെന്നായയ്ക്ക്.

സൈബീരിയൻ ചെന്നായകളുടെ വർഗത്തിൽപ്പെട്ടതാണ് ഇതെന്നും കരുതുന്നു. തലയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഡിഎൻഎ സ്വീഡിഷ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ശാസ്ത്രകാരന്മാർ പരിശോധിക്കുംമെന്ന് സൈബീരിയൻ ടൈംസ് വ്യക്തമാക്കി. ടോക്യോയിൽ നടന്ന പ്രദർശനത്തിനിടെയാണ് ചെന്നായത്തല കിട്ടിയ കാര്യം ശാസ്ത്രകാരന്മാർ പ്രഖ്യാപിച്ചത്. നേരത്തെ മേഖലയിൽനിന്ന് സിംഹക്കുട്ടിയുടെ ശരീരം കണ്ടെത്തിയിരുന്നു. സ്പാർട്ടക്ക് എന്നാണ് ഇതിന് പേരിട്ടിരുന്നത്. ഇവ രണ്ടും ഒരുമിച്ചാണ് ടോക്യോയിലെ പ്രദർശനത്തിൽ പ്രദർശിപ്പിച്ചത്.

ചെന്നായയുടെയും സിംഹക്കുട്ടിയുടെയും പേശികൾക്കും അവയവങ്ങൾക്കും തലച്ചോറിനും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ടോക്യോയിലെ ജിക്കേയ് സ്‌കൂൾ ഓഫ് മെഡിസിൻ സർവകലാശാലയിലെ പാലിയന്റോളജി പ്രൊഫസ്സർ നവോക്കി സുസൂക്കി പറഞ്ഞു. ചെന്നായത്തലയും സിംഹക്കുട്ടിയുടെ ശരീരവും സി.ടി സ്‌കാനിങ്ങിന് വിധേയമാക്കിത് നവോക്കിയാണ്. ശാരീരിക ശേഷിയും മറ്റ് വിശദാംശങ്ങളും ഇപ്പോഴത്തെ ചെന്നായകളുമായും സിംഹങ്ങളുമായും താരതമ്യം ചെയ്ത് കണ്ടെത്താനാകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP