Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ മിഷൻ ശക്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയുയർത്തുന്നുവെന്ന് റിപ്പോർട്ട്; കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വർദ്ധിച്ചെന്നും വിലയിരുത്തൽ; ഭാവിയിൽ മനുഷ്യന്റെ ബഹിരാകാശ സന്ദർശനത്തിനും ഇത്തരം പരീക്ഷണങ്ങൾ വിഘാതമാകുമെന്നും; ഇന്ത്യയുടെ നടപടി ഭയാനകമെന്നും നാസ

ഇന്ത്യയുടെ മിഷൻ ശക്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയുയർത്തുന്നുവെന്ന് റിപ്പോർട്ട്; കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വർദ്ധിച്ചെന്നും വിലയിരുത്തൽ; ഭാവിയിൽ മനുഷ്യന്റെ ബഹിരാകാശ സന്ദർശനത്തിനും ഇത്തരം പരീക്ഷണങ്ങൾ വിഘാതമാകുമെന്നും; ഇന്ത്യയുടെ നടപടി ഭയാനകമെന്നും നാസ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: മിഷൻ ശക്തി പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ചു തകർത്തതു ഭയാനകമായ നടപടിയെന്നു നാസ. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങൾക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു നാസ തലവൻ ജിം ബ്രൈഡൻസ്‌റ്റൈൻ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം. ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും ജിം ബ്രൈഡൻസ്‌റ്റൈൻ പറയുന്നു. നൂറുകണക്കിനു ചെറു ഭാഗങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങൾ പൂർണമായി കണ്ടെടുക്കാൻ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 ഭാഗങ്ങൾ മാത്രമാണു ഇതുവരെ കണ്ടെത്താൻ സാധിച്ചത്. അതിനെക്കാൾ ചെറിയ ഭാഗങ്ങൾ ഒരു തരത്തിലും കണ്ടെടുക്കാൻ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികൾ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവിൽ ഉള്ളതെന്നും ജിം ബ്രൈഡൻസ്‌റ്റൈൻ പറഞ്ഞു.

ഭൂമിയിൽനിന്നു 300 കിലോമീറ്റർ മാത്രം അകലെയുള്ള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ചു ഇന്ത്യ തകർത്തത്. ബഹിരാകാശ നിലയത്തിൽനിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 ഭാഗങ്ങൾ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വർധിപ്പിച്ചതെന്നും ജിം ബ്രൈഡൻസ്‌റ്റൈൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. ബഹിരാകാശത്ത് അധികം വലുപ്പമുള്ള 23,000 ഓളം വസ്തുക്കൾ ഒഴുകി നടക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാൽ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാൽ 'ശക്തി ദൗത്യം' പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാൽ പ്രശ്‌നം കുറവാണെന്നാണു ഇന്ത്യയുടെ വിലയിരുത്തൽ.

മിഷൻ ശക്തിയുടെ ഭാഗമായി ഇന്ത്യ നടത്തിയ ഉപഗ്രഹവേധ ബഹിരാകാശ ദൗത്യം മാലിന്യം സൃഷ്ടിച്ചെന്ന യുഎസ് വിമർശനത്തിനു തൊട്ടുപിന്നാലെയാണു ശാസ്ത്രലോകത്തുനിന്നു വിമർശനങ്ങൾ ഉയരുന്നത്. ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ വിമർശനം. ബഹിരാകാശത്തെ കിടമൽസരത്തിന്റെ ലക്ഷണമായി ഇന്ത്യൻ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നിൽക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ മേഖലയിൽ അധികം ഉപഗ്രഹങ്ങൾ ഇല്ല. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്നു ചൈന നടത്തിയ എസാറ്റ് മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായി തകർന്ന ഫെങ് യുൻ-1സി ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ 2013ൽ ഒരു റഷ്യൻ ഉപഗ്രഹത്തിന്റെ തകർച്ചയ്ക്കിടയാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

'മിഷൻ ശക്തി' എന്നു പേരിട്ട ഉപഗ്രഹവേധ മിസൈൽ (എസാറ്റ്) പരീക്ഷണം 3 മിനിറ്റിൽ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങൾ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എസാറ്റ് മിസൈൽ സാങ്കേതികവിദ്യ 2012ൽ ആർജിച്ചിരുന്നെങ്കിലും യഥാർഥ ഉപഗ്രഹത്തെ തകർത്തുള്ള പരീക്ഷണം ആദ്യമാണ്.

ചൈനയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള സംഘർഷം നിലനിൽക്കെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എൽഇഒയിലേക്ക് അയച്ചത് ചർച്ചാവിഷയമായിരുന്നു. പ്രതിരോധ ആവശ്യങ്ങൾക്ക് അയച്ചതാണെന്നായിരുന്നു ഡിആർഡിഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോൾ മിസൈൽ ഉപയോഗിച്ചു തകർത്തതെന്നു കരുതുന്നത്. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകർക്കുകയാണെങ്കിൽ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക.

2013-ൽ ചൈന ഏറ്റവും നവീകരിച്ച ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 2007-ലും ചൈന ഇതു പരീക്ഷിച്ചിട്ടുണ്ട്. അന്ന് 800 കിലോമീറ്റർ മുകളിലുള്ള ഉപഗ്രഹമാണ് തകർത്തത്. ഇത്തരം പരീക്ഷണങ്ങൾ അന്തരീക്ഷത്തിൽ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കാറുള്ളത്. മൂവായിരത്തോളം അപകടകരമായ അവശിഷ്ടങ്ങളാണ് ഓരോ പരീക്ഷണവും അന്തരീക്ഷത്തിൽ അവശേഷിപ്പിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങൾ പിന്നീട് ഉപഗ്രഹങ്ങൾക്കു തന്നെ ഭീഷണിയാകുന്നുണ്ട്.

1950-കളിലാണ് അമേരിക്കയും റഷ്യയും എ സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. നിലത്തു നിന്നു തൊടുക്കാവുന്ന മിസൈലുകളാണ് അന്ന് ഉപയോഗിച്ചത്. 1984-ൽ അമേരിക്ക എ സാറ്റിന്റെ വികസിപ്പിച്ച പതിപ്പ് പരീക്ഷിച്ചു. 1985 സെപ്റ്റംബർ 13-ന് ഇതു വിജയകരമായി പരീക്ഷിച്ചു. എഡ്വേഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന എഫ് 15 വിമാനം 38100 അടി ഉയരത്തിൽ നിന്ന് അമേരിക്കൻ സാറ്റലൈറ്റ് ആയ സോൾവിൻഡ് പി78-1 ലേക്ക് വിജയകരമായി മിസൈൽ തൊടുത്തു. പരീക്ഷണം വിജയിച്ചെങ്കിലും 1988-ൽ തുടർ പരീക്ഷണങ്ങൾ റദ്ദാക്കി. തുടർന്ന് 2008 ഫെബ്രുവരി 21-ന് അമേരിക്കൻ നാവികസേന പ്രവർത്തനരഹിതമായ ചാരഉപഗ്രഹമായ യുഎസ്എ-193 കപ്പലിൽനിന്നു തൊടുത്ത മിസൈൽ കൊണ്ടു തകർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP