Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗരയൂഥ വീഥിയിൽ ഏകയായി അലഞ്ഞിരുന്ന കന്യാ ഭൂമി; ആ ഭൂമിയിലേക്ക് ജീവന്റെ ആദ്യ കണികകൾ പെയ്തിറങ്ങിയത് ഇടിമിന്നലിലൂടെ; ഭൂമിയിലെ ജീവോല്പത്തിയെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി അമേരിക്കൻ ഗവേഷകർ

സൗരയൂഥ വീഥിയിൽ ഏകയായി അലഞ്ഞിരുന്ന കന്യാ ഭൂമി; ആ ഭൂമിയിലേക്ക് ജീവന്റെ ആദ്യ കണികകൾ പെയ്തിറങ്ങിയത് ഇടിമിന്നലിലൂടെ; ഭൂമിയിലെ ജീവോല്പത്തിയെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി അമേരിക്കൻ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

ദൈവ സൃഷ്ടി എന്ന മതസങ്കല്പങ്ങൾ മുതൽ പരിണാമ സിദ്ധാന്തം വരെ ഭൂമിയിലെ ജീവോല്പത്തിയെ കുറിച്ച് നിരവദി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഒന്നിനും ഇക്കാര്യത്തിൽ സംശയരഹിതമായ ഒരു ഉത്തരം നൽകാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ജീവോല്പത്തിയെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങൾക്കൊപ്പം ഒരു പുതിയ സിദ്ധാന്തം കൂടി എത്തുന്നു. ഭൂമിയിൽ ജീവന്റെ ആവിർഭാവത്തിനു കാരണം ഇടിമിന്നലണെന്ന വാദവുമായി എത്തിയിരിക്കുന്നത് ഒരു കൂട്ടം അമേരിക്കൻ ഗവേഷകരാണ്.

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ജീവന്റെ ഒരു സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. വെറും 4 ബില്ല്യൺ വർഷം മാത്രം പ്രായമുള്ള കന്യകയായ ഭൂമിയിൽ പതിച്ച നിരവധി ഇടിമിന്നലുകൾ ഭൂമിയിലെ ഫോസ്ഫറസിന്റെ ഖനി തുറന്നു നൽകുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. കോശങ്ങളുടെ കോശസ്തരങ്ങളുയും അടിസ്ഥാനമായ തന്മാത്രകൾ രൂപം കൊള്ളാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫോസ്ഫറസ്. മാത്രമല്ല ഡി എൻ എ, ആർ എൻ എ എന്നിവയിലെ പ്രധാന ഘടകവും ഇതുതന്നെ. ഈ പഠനത്തിനു നേതൃത്വം നൽകിയ യേൽ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസിലെ ഗവേഷക വിദ്യാർത്ഥിയായ ബെഞ്ചമിൻ ഹെസ്സ് പറയുന്നു.

ഫോസ്ഫറസ് ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും മറ്റ് ധാതുക്കളുമായി ചേർന്ന് ഒളിഞ്ഞു കിടക്കുകയായിരുന്നു. ഇത്തരത്തിൽ ധാതുക്കളുമായി ചേർന്നു കിടക്കുന്ന ഫോസ്ഫറസ് അലേയവും നിഷ്‌ക്രിയവുമാണ്. അതായത്, ജൈവതന്മാത്രകൾ രൂപപ്പെടുത്താൻ ഇവയെ ഉപയോഗപ്പെടുത്താനാവില്ല. എന്നാൽ, ഇടിമിന്നൽ ഭൂമിയിൽ ഏൽക്കുമ്പോൾ ഈ ഫോസ്ഫറസ് ശേഖരത്തിന്റെ സ്വഭാവം മാറും. ഇവ മറ്റു ധാതുക്കളുടേ കെട്ടുപാടുകളിൽ നിന്നും പുറത്തുവന്ന് സജീവമാകുന്നു. നേച്ചർ കമ്മ്യുണിക്കേഷൻ എന്ന ശാസ്ത്ര ജേർണലിൽ ചൊവ്വാഴ്‌ച്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഹെസ്സ് പറയുന്നു.

ഭൂമിയിൽ ജീവന്റെ തുടിപ്പ് മുളയ്ക്കാൻ കാരണമായ ഫോസ്ഫറസ് ഇവിടെ എത്തിച്ചത് ഭൂമിയിൽ പതിച്ച ഉൽക്കകളായിരിക്കാം എന്ന് വിശ്വസിച്ചിരുന്നു. ജലത്തിൽ ലയിക്കുന്ന ഫോസ്ഫറസ് അടങ്ങിയ ഷെറിബെർസൈറ്റ് എന്ന ധാതു ഉൽക്കകളിൽ ധാരാളമായിട്ടുണ്ട്. ആവശ്യത്തിന് ഉൽക്കകൾ ഭൂമിയിൽ പതിച്ചാൽ അവയ്ക്ക് ജീവോല്പത്തിക്ക് ആവശ്യമായത്ര ഫോസ്ഫറസ് ഭൂമിക്ക് ലഭിക്കും. എന്നാൽ, ജീവന്റെ ഉല്പത്തി നടന്നിരിക്കുന്നത് 3.5 ബില്ല്യൺ മുതൽ 4.5 ബില്ല്യൺ വർഷങ്ങൾക്ക് മുൻപാണെന്നാണ് ഇപ്പോഴുള്ള നിഗമനം. ആ കാലഘട്ടത്തിൽ ഭൂമിയിലേക്ക് എത്തിയിരുന്നത് വളരെ കുറച്ചു ഉൽക്കകൾ മാത്രമായിരുന്നു.

ഷെരിബെർസൈറ്റിന്റെ മറ്റൊരു സ്രോതസ്സ് ഫൾഗുറൈറ്റ് എന്നൊരു പദാർത്ഥമാണ്. ഇടിമിന്നൽ ഭൂമിയെ സ്പർശിക്കുമ്പോഴാണ് ഈ പദാർത്ഥം രൂപം കൊള്ളുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ പാറകളിൽ മിന്നലേൽക്കുമ്പോൾ മോചിപ്പിക്കപ്പെടുന്ന ഫോസ്ഫറസാണ് ഫൾഗുറൈറ്റിൽ കാണപ്പെടുന്നത്. ഇതും വെള്ളത്തിൽ ലയിക്കുന്ന തരത്തിലുള്ള ഫോസ്ഫറസാണ്. ഉൽക്കകൾ കാലക്രമേണ ക്ഷയിച്ചു വരും എന്നാൽ, ഇടിമിന്നൽ അങ്ങനെ ക്ഷയിക്കുന്ന ഒരു പ്രതിഭാസമല്ല. അതുകൊണ്ടുതന്നെ ഉൽക്കകൾ ഭൂമിയെ സ്പർശിക്കുന്നത് അപൂർവ്വമായ ഒരു സാഹചര്യത്തിൽ ഭൂമിയിലെ ജീവന്റെ ഉല്പത്തിക്ക് കാരണമായത് ഇടിമിന്നൽ തന്നെയെന്ന് ഹെസ്സ് തറപ്പിച്ചു പറയുന്നു.

ജീവന്റെ ആവിർഭാവത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്മാർക്ക് എന്നും പ്രിയപ്പെട്ട ഒരു വിഷയമായിരുന്നു ഇടിമിന്നൽ. കാരണം, ജീവന്റെ ആവിർഭാവത്തിനുള്ള നൈട്രജൻ പോലുള്ള വാതകങ്ങളെ ഇത് ഉദ്പാദിപ്പിക്കുന്നു എന്നതാണ്. ഭൂമിയിൽ ഉണ്ടാകുന്ന ഇടിമിന്നലുകളുടെ നിരക്കും ഇതിനായി ഹെസ്സും കൂട്ടുകാരും വിശദമായി പഠിച്ചു. ഇന്ന് ഭൂമിയിൽ ഒരു വർഷം ഏകദേശം 560 മില്ല്യൺ ഇടിമിന്നലുകളാണ് ഉണ്ടാകുന്നത്. നേരത്തേ ഇത് 1 മുതൽ 5 ബില്ല്യൺ വരെ ആയിരിക്കാം. അതിൽ 100 മില്യൺ മുതൽ 1 ബില്ല്യൺ വരെ മിന്നലുകൾ ഭൂമിയെ സ്പർശിക്കാൻ ഇടയുണ്ട്.

അങ്ങനെ ഒരു ബില്ല്യൺ വർഷത്തിൽ 1 ക്വിൻടില്യൺ ഇടിമിന്നലുകൾ ഭൂമിയെ സ്പർശിച്ചിട്ടുണ്ടാകും. അക്കാലത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അംശം വളരെ കൂടുതലായതിനാൽ കൂടുതൽ ഇടിമിന്നലുകൾക്ക് സാധ്യതയുണ്ട്. തത്ഫലമായി ധാരാളം ലായക ഫോസ്ഫറസുകൾ ഭൂമിയിൽ ലഭ്യമായി. ഇടിമിന്നൽ ഭൂമിയെ സ്പർശിക്കുമ്പോൾ സക്രിയ ഫോസ്ഫറസ് രൂപപ്പെടുന്നു എന്ന ശാസ്ത്ര സത്യമാണ് തങ്ങളുടെ പുതിയ സിദ്ധാന്തത്തിന്റെ അടിത്തറ എന്ന് ഹെസ്സ് പറയുന്നു.

ഇത് മറ്റേതൊരു ഗ്രഹത്തിനും ബാധകമാണ്. ഇടിമിന്നൽ ഉണ്ടാകാനുള്ള അന്തരീക്ഷ സാഹചര്യവും ഫോസ്ഫറസിന്റെ സ്രോതസ്സുമുണ്ടെങ്കിൽ ഏതൊരു ഗ്രഹത്തിലും ജീവൻ പൊട്ടിമുളയ്ക്കും എന്നും ഹെസ്സ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP