Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ സംഘത്തിലെ ശാസ്ത്രജ്ഞക്കു നേരെയും സൈബർ ആക്രമണം; സംഘത്തിലെ കമ്പ്യൂട്ടർ വിദഗ്ധ കാത്തി ബോമാൻ നേരിടുന്നത് അനർഹമായ അംഗീകാരം നേടുന്നു എന്ന വിമർശനം; പാളിയത് കേസ് സ്റ്റഡി പോലെ അവതരിപ്പിക്കാനുള്ള ശ്രമവും സ്ത്രീ ശാക്തീകരണം എന്ന യുക്തിയും

തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ സംഘത്തിലെ ശാസ്ത്രജ്ഞക്കു നേരെയും സൈബർ ആക്രമണം; സംഘത്തിലെ കമ്പ്യൂട്ടർ വിദഗ്ധ കാത്തി ബോമാൻ നേരിടുന്നത് അനർഹമായ അംഗീകാരം നേടുന്നു എന്ന വിമർശനം; പാളിയത് കേസ് സ്റ്റഡി പോലെ അവതരിപ്പിക്കാനുള്ള ശ്രമവും സ്ത്രീ ശാക്തീകരണം എന്ന യുക്തിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മാനവ ചരിത്രത്തിലാദ്യമായി തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്ര ലോകം പകർത്തുകയും പുറത്തുവിടുകയും ചെയ്തതിന് പിന്നാലെ അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞക്കു നേരെ സൈബർ ആക്രമണം ശക്തമാകുന്നു. ദൗത്യത്തിന്റെ ഭാഗമായ കാത്തി ബോമാൻ എന്ന കമ്പ്യൂട്ടർ വിദഗ്ധയാണ് സൈബർ ആക്രമണത്തിന് വിധേയയാകുന്നത്. തമോഗർത്തത്തിന്റെ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് കാത്തി ബോമാൻ എന്ന പേര് ഉയർന്നുവരുന്നത്. ഇവർ ജോലി ചെയ്യുന്ന എംഐടി- സിഎസ്എഐഎൽ ഒരു ട്വീറ്റ് ഇട്ടതോടെയാണ് ഇവർ വാർത്തയിൽ നിറയുന്നത്.

കാത്തി ബോമാനാണ് തമോഗർത്തത്തിന്റെ ചിത്രം രൂപപ്പെടുത്താൻ സഹായിച്ച കമ്പ്യൂട്ടർ അൽഗോരിതം ഡിസൈൻ ചെയ്തത് എന്നായിരുന്നു ട്വീറ്റ്. കാത്തിയെ ഈ ചരിത്ര സംഭവത്തിന്റെ മുഖമായി അവതരിപ്പിച്ച ട്വീറ്റിൽ തന്നെ തമോഗർത്തത്തിന്റെ ചിത്രം രൂപപ്പെടുത്താൻ സഹായിച്ച മൂന്ന് ടീമുകളിൽ ഒന്നിന്റെ നേതൃത്വമാണ് കാത്തിക്കെന്നും ഇത് ഒരാളുടെ നേട്ടമല്ലെന്നും അവർ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പ്രത്യേകിച്ച് ശ്രദ്ധ നേടിയില്ല. കാത്തിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്നു എന്ന് വ്യക്തമായപ്പോൾ ഈ ദൗത്യത്തിലെ മറ്റ് അംഗങ്ങളിൽ ചിലർ 200 പേർ അടങ്ങുന്ന ഈ ദൗത്യത്തിലെ മുഴുവൻ പേരുടെയും ചിത്രം പ്രസിദ്ധീകരിച്ചു.

ഇതോടെ ഇത് സൈബർ ലോകം ഏറ്റെടുത്തു. വൈകാതെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇവർ നിറഞ്ഞു. മാധ്യമപ്രവർത്തക ഫ്‌ളോറ ഗ്രാഹാം ചെയ്ത ട്വീറ്റിൽ ഇവർ 1969ലെ അപ്പോളോ ദൗത്യത്തിന്റെ കോഡ് രൂപപ്പെടുത്തിയ മാർഗറ്റ് ഹാമിൽട്ടണോട് ഉപമിച്ചിരുന്നു. ഇതോടെ ബ്ലാക്‌ഹോൾ ചിത്രത്തിന് പിന്നിലെ ദൗത്യത്തിന്റെ മുഖമായി കാത്തി മാറി. ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം തന്റെ കമ്പ്യൂട്ടറിൽ തെളിഞ്ഞപ്പോൾ ഉള്ള കാത്തിയുടെ ചിത്രം ലോകത്തിന്റെ ഹൃദയം കവർന്നു.

കാര്യങ്ങൾ പക്ഷെ അവിടെ അവസാനിച്ചില്ല. ചർച്ച ചൂട് പിടിച്ചതോടെ കാത്തിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചു. പ്രധാനമായും അനർഹമായ അംഗീകാരം നേടുന്ന എന്നതരത്തിലായിരുന്നു സൈബർ ആക്രമണം. തമോഗർത്തത്തിന്റെ ചിത്രം രൂപപ്പെടുത്തുക എന്ന പ്രക്രിയയിൽ കാത്തിയുടെ പങ്ക് 6 ശതമാനം പോലും ഇല്ലെന്ന തരത്തിൽ വ്യാപക ട്വീറ്റുകൾ ഉണ്ടായി. ഇത് ഒരു വ്യക്തിഹത്യയിലേക്ക് നീങ്ങുകയാണ്. അതേ സമയം ടീമിലെ അംഗങ്ങൾ തന്നെ കാത്തിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

കാത്തിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. അതേ സമയം ഇത്രയും വലിയ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഒരോ വ്യക്തിക്കും റോൾ ഉണ്ടെന്നും. അതിൽ കാത്തിയുടെ അനുഭവം ലോകത്തിന് മുന്നിൽ എത്തി. അതിന്റെ പേരിൽ അവരെ വേട്ടയാടുന്ന സൈബർ യുക്തി എന്താണെന്നാണ് സൈബർ ലോകത്ത് നിന്നും ഉയരുന്ന ചോദ്യം.

സംഭവത്തെ പറ്റി വിശദീകരണവുമായി പാശ്ചാത്യ മാധ്യമങ്ങളും രംഗത്ത് വന്നിട്ടുണ്ട്. വലിയൊരു ടീമിന്റെ പ്രയത്‌നമാണ് യാഥാർത്ഥ്യമായത്. അതിലെ എല്ലാവരുടെയും ദൗത്യം കാണിക്കുക എന്നതിന് പകരം ഒരാളുടെ അനുഭവം ഒരു കേസ് സ്റ്റഡി പോലെ അവതരിപ്പിക്കാൻ ആണ് നോക്കിയത്. അതിന് തിരഞ്ഞെടുത്തത് കാത്തിയെ. സ്ത്രീശാക്തീകരണം എന്ന യുക്തിയും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് അവതരിപ്പിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആയതോടെ കൈവിട്ടുപോയി.

പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്റെ ചിത്രം എടുക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്റെ ചിത്രം എടുത്തത്. ഈ ദൂരദർശിനി സമുച്ചയത്തെ ഈവൻറ് ഹോറിസോൺ ടെലസ്‌കോപ്പ് എന്നാണ് പറയുന്നത്.

വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ?ഗർത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസൻ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

എം87 എന്നു പേരായ ഗാലക്‌സിയിൽ സ്ഥിതി ചെയ്യുന്ന തമോഗർത്തത്തിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയത്. ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോഗർത്തം. ആസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിലാണ് ഈ ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോഗർത്തമെന്ന് ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോഗർത്തത്തിന്റെ പിണ്ഡം. മറ്റൊരർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ തമോഗർത്തങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്. ബഹിരാകാശ പര്യവേഷണ രംഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം. ഭൂമിയിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പകർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP