Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 നെ കാത്തിരിക്കുന്നത് ജലപ്പരപ്പായേക്കുമെന്ന് സൂചന; വെളിച്ചം കടന്നു ചെല്ലാത്ത അഗാധഗർത്തങ്ങളിൽ ഹിമരൂപത്തിൽ ജലം ഉറഞ്ഞുകിടക്കുന്നുവെന്ന് ഗവേഷകർ; ചന്ദ്രനിലെ ജലത്തിന്റെ ഉത്ഭവത്തിലേക്ക് ചന്ദ്രയാൻ 2 വെളിച്ചം വീശിയേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 നെ കാത്തിരിക്കുന്നത് ജലപ്പരപ്പായേക്കുമെന്ന് സൂചന; വെളിച്ചം കടന്നു ചെല്ലാത്ത അഗാധഗർത്തങ്ങളിൽ ഹിമരൂപത്തിൽ ജലം ഉറഞ്ഞുകിടക്കുന്നുവെന്ന് ഗവേഷകർ; ചന്ദ്രനിലെ ജലത്തിന്റെ ഉത്ഭവത്തിലേക്ക് ചന്ദ്രയാൻ 2 വെളിച്ചം വീശിയേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ പോകുന്ന ചന്ദ്രയാൻ 2 റോവറിനെ കാത്തിരിക്കുന്നത് വൻ ജലപ്പരപ്പാകാൻ സാധ്യത. മുൻപ് കരുതപ്പെട്ടിരുന്നതിനെക്കാൾ തണുത്തുറഞ്ഞ വെള്ളം ഇവിടെയുണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സൗരയൂഥത്തിലെ തന്നെ ഏറ്റവും കഠിനമായ അന്തരീക്ഷങ്ങളിലൊന്നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേത്. അഗാധഗർത്തങ്ങളാൽ നിറഞ്ഞ ഇവിടം ഒന്നുകിൽ സൂര്യപ്രകാശത്തിലോ അല്ലങ്കിൽ ഇരുട്ടിലോ നിറഞ്ഞു കിടക്കും. തീവ്രമായ തണുപ്പുമായിരിക്കും ഇവിടെ. ആർട്ടിമിസ് പ്രോഗ്രാമിന്റെ ഭാഗമായി 2024 ൽ ഇവിടേക്ക് മനുഷ്യനെ അയക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന വിക്ഷേപിക്കപ്പെട്ട ചന്ദ്രയാൻ 2 48 ദിവസത്തെ ചരിത്രയാത്രയ്ക്കു ശേഷമാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുക.

''ചന്ദ്രന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തെക്കാൾ കൂടുതൽ നിഴൽനിറഞ്ഞ പ്രദേശമാണ്. വെളിച്ചമേയെത്താത്ത ഇടങ്ങളാവും കൂടുതൽ, അതിനാൽ തന്നെ തണുത്തറഞ്ഞ രൂപത്തിൽ ഇവിടെ വെള്ളമുണ്ടാകുവാൻ സാധ്യതകൾ ഏറെയാണ്,' - മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസർ സുദീപ് ഭട്ടാചാര്യ പറഞ്ഞു. ബുധനിലെയും ചന്ദ്രനിലെയും ഗർത്തങ്ങൾ തമ്മിലുള്ള സാമാനതകളെക്കുറിച്ചു പഠനം നടത്തിയ യു.എസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ചന്ദ്രനിലെ ഇരുട്ടുറഞ്ഞുകിടക്കുന്ന ഗർത്തങ്ങളിൽ ഐസ് കട്ടപിടിച്ചുകിടക്കുന്നതിന്റെ തെളിവ് കണ്ടെത്താനിയിട്ടുണ്ടെന്ന് 'നേച്ചർ ജിയോസയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബുധന്റെ ഉത്തരധ്രുവത്തോടുചേർന്ന 2,000 ഗർത്തങ്ങളും ചന്ദ്രനിലെ 12,000 ഗർത്തങ്ങളുമാണ് ഇവർ പഠനവിധേയമാക്കിയത്. ബുധനെക്കുറിച്ച് പഠിക്കുവാൻ മെർക്കുറി ലേസർ ഓൾട്ടിമീറ്ററുപയോഗിച്ചപ്പോൾ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററാണ് (എൽ.ആർ.ഒ.) ചന്ദ്രനിലെ ഗർത്തങ്ങളെ വിശകലനം ചെയ്യാൻ ഉപയോഗിച്ചത്. സൂര്യപ്രകാശം ഒരിക്കൽപ്പോലും കടന്നുചെല്ലാത്ത ഗർത്തങ്ങൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ട്, വെള്ളം പോലുള്ള പദാർഥങ്ങൾ അനന്തകാലം കിടക്കാനുള്ള പരിസ്ഥിതിയാണ് അവയ്ക്കുള്ളിലെന്നു
നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകർ പറയുന്നു. .

ഗർത്തങ്ങളിലെ തണുപ്പ് മൈനസ് 233 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിനാൽ മഞ്ഞുകട്ടിയായി മണ്ണോടുചേർന്നുകിടക്കുന്ന വെള്ളം ചന്ദ്രോപരിതലത്തിലേക്കു പതിയെ വരുന്നുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ 'ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്. ചന്ദ്രയാൻ-1 ദൗത്യം ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യത്തിന്റെ തെളിവുശേഖരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം സ്ഥിരീകരിക്കുവാനാവശ്യമായ തെളിവുകൾ ആദ്യമായി കണ്ടെത്തിയത് ചന്ദ്രയാൻ 1 ആയിരുന്നു. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുകയാകും ചന്ദ്രയാൻ 2 ന്റെ പ്രഥമദൗത്യങ്ങളിൽ ഒന്ന്. ഈ വെള്ളത്തിന്റെ ഉറവിടം എന്താണെന്ന് കണ്ടെത്തുന്നത് ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP