Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അഞ്ച് ദശകങ്ങൾക്ക് അപ്പുറത്തെ മക്കാ ഹറമിൽ വെച്ചുള്ള ചെറുപ്പകാല വ്രതസ്മരണകളും പെരുന്നാൾ പെരുമകളും താലോലിച്ച് സൗദി മലബാറികൾ

അഞ്ച് ദശകങ്ങൾക്ക് അപ്പുറത്തെ മക്കാ ഹറമിൽ വെച്ചുള്ള ചെറുപ്പകാല വ്രതസ്മരണകളും പെരുന്നാൾ പെരുമകളും താലോലിച്ച് സൗദി മലബാറികൾ

അക്‌ബർ പൊന്നാനി

ജിദ്ദ: 'ഹറമിനടുത്തായിരുന്നു ഞങ്ങളുടെ വീട്. ഹറമിനു സമീപത്തെ മലമുകളിൽനിന്ന് കതീന വെടി കേട്ടാണ് നോമ്പ് തുറന്നിരുന്നത്. പിതാവ് ഹറമിൽനിന്നാണ് നോമ്പ് തുറക്കുക. ഞങ്ങൾ വീട്ടിൽനിന്നും. പിതാവ് തിരിച്ചെത്തിയശേഷം ഞങ്ങൾ ഒരുമിച്ച് ഒജീനം കഴിക്കും. ശുർമ, സമൂസ തുടങ്ങിയവയുണ്ടാകും. ഇശാക്കും തറാവീഹിനുമായി പിന്നീട് ഒരുമിച്ച് മസ്ജിദുൽ ഹറാമിലേക്ക് പോവും ...'.

പറയുന്നത് ജിദ്ദയിലെ ഒരു സൗദി പ്രമുഖൻ ശൈഖ് തലാൽ ബകുർ മലൈബാരി. വംശവേരുകൾ മലബാറിലേയ്ക്ക് നീളുന്ന സൗദി പൗരൻ. വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥയും സംസാര വിഷയമായി. ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട ഓർമകളുമായി മറ്റൊരു മലയാളി സൗദി തഖിയുദ്ദീൻ മലൈബാരിയും വാചാലനായി.

കാലം അഞ്ച് പതിറ്റാണ്ടുകൾക്കപ്പുറം. എങ്കിലും ഓർമകൾക്ക് കൗമാരത്തിന്റെ തുടിതുടിപ്പ്.

പഴയ കാല വൃത വർത്താനങ്ങളും പെരുന്നാൾ പെരുമകളും മഹാമാരിക്കാലത്തും നിർവൃതിയേകുന്ന ഓർമ്മത്തുരുത്തുകളാണ് അവർക്ക്. ദശകങ്ങൾ ഏറെ പിന്നിട്ട സുകൃത സ്മരണകൾ ഒരവസരം വന്നപ്പോൾ വാക്കുകളായ് പരന്നൊഴുകി. ആ ഓർമകൾക്ക് നോമ്പിന്റെ നൈർമല്യവും പെരുന്നാളിന്റെ പരിമളവും.

ജിദ്ദ ആസ്ഥാനമായ ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) രണ്ടാം പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിലാണ് വംശ വേരുകൾ മലബാറിലേക്ക് നീളുന്ന സൗദി മലൈബാരികളായ രണ്ട് ശ്രേഷ്ട്ടാതിഥികൾ സ്മൃതിപഥത്തിലെ തേനൂറും റംസാൻ ഈദ് സ്മരണകൾ പങ്കുവെച്ചത്.

അര നൂറ്റാണ്ട് മുമ്പത്തെ മക്ക ഹറമിലെ ബാല്യകാല നോമ്പോർമകളും പെരുന്നാൾ പോരിശകളും അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ നുകരുകയും പകർന്ന് തരികയും ചെയ്യുകയായിരുന്നു രണ്ടു പേരും അതും അവർ ഉപയോഗിച്ച് കൊണ്ടിരുന്ന അന്നത്തെ മലയാള ശൈലിയിൽ. സൗദികളായ മലൈബാരികളുടെ റംസാൻ സ്മരണകൾ വാചാലമായപ്പോൾ, കേട്ടിരുന്നവർക്ക് അനുഭൂതി പകർന്നൊരു അസുലഭാവസരവുമായി.

സൗദി പൗരനായ പിതാമഹനിൽനിന്ന് മലയാളം പഠിച്ച ശൈഖ് തലാൽ ബകുർ മലൈബാരി, വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥ വിവരിച്ചതും നാല് പതിറ്റാണ്ടുമുമ്പ് ജുഹൈമാൻ അൽഉതൈബിയുടെ നേതൃത്വത്തിൽ അക്രമികൾ ഹറം ഉപരോധിച്ചവേളയിൽ അകത്ത് അകപ്പെട്ടുപോയ അനുഭവം ശൈഖ് തഖിയുദ്ദീൻ ഉമർ മലൈബാരി പങ്കുവെച്ചതും ഏറെ ഹൃദയസ്പൃക്കായിരുന്നു.

കുട്ടിക്കാലത്തേ, മാതാപിതാക്കളുടെ പ്രേരണയാൽ നോമ്പെടുക്കുകയും തീക്ഷ്ണമായ വിശപ്പും ദാഹവും സഹിക്കാനാവാതെ, ചിലപ്പോഴെങ്കിലും മറ്റാരുമറിയാതെ വെള്ളം കുടിച്ചതും ഇരുവരുടെയും ഓർമകളിൽ നിറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നോമ്പെടുത്തു തുടങ്ങിയതെന്ന് തലാൽ മലൈബാരി അനുസ്മരിച്ചു.

റമദാനിൽ ഇന്നത്തെപോലെ, രാത്രി സമയമാണ് മക്കയിലെ അങ്ങാടി സജീവമായിരുന്നത്. പുലർച്ചെ വരെ കടകളുണ്ടാകും. പകൽ സമയത്ത് ഇറച്ചിക്കടകളാണ് കാര്യമായും തുറന്നു പ്രവർത്തിച്ചിരുന്നത്. പെരുന്നാളിന് ഈദിയ്യ എന്ന പേരിൽ കുടുംബാംഗങ്ങളെല്ലാം റിയാലുകൾ തന്നിരുന്നത് ഇന്നും തേനൂറുന്ന ഓർമകളാണ്. ഹജ്ജ്‌പെരുന്നാൾ മക്കയിൽ ആഘോഷിക്ക പ്പെടാറില്ല. എല്ലാവരും ഹജ്ജ് കർമ്മത്തിൽ വ്യാപൃതരായതാണ് കാരണം. അതിനാൽ ചെറിയ പെരുന്നാൾ ഞങ്ങൾ വലിയ പെരുന്നാളായി കൊണ്ടാടി.പഴയകാല റമദാനിന്റെ മാധുര്യം വാക്കുകൾക്കതീതമാണെന്ന് തലാൽ മലൈബാരി പറഞ്ഞു. പഴയ റമദാനിനാണ് ചൊറുക്കും മഹബ്ബത്തുമുള്ളത്. പണ്ട് നല്ല ചേലായിരുന്നു റമദാന്. പെരുന്നാളിന്റെ ആദ്യദിവസം, മിക്കവരുടെയും ആഘോഷം സ്വന്തം വീടുകളിൽതന്നെയായിരിക്കും.

രണ്ടാം പെരുന്നാളിനാണ് കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകളിൽ പോയിരുന്നതും പുറത്തെ ആഘോഷങ്ങളിൽ പങ്കുകൊണ്ടിരുന്നതും. കഴിഞ്ഞ 25 വർഷമായി, വീട്ടിൽ രണ്ടാം പെരുന്നാൾ ദിവസം വലിയ ആഘോഷമായിരുന്നു. കുടുംബക്കാരും കൂട്ടുകാരുമടക്കം ഇരുനൂറോളം പേർ പതിവായി എത്തിയിരുന്നു. മദീനയിലെ പ്രശസ്തമായ മഖ്ബൂസ് മദീനി ഭക്ഷണമാണ് അന്നത്തെ പ്രധാന വിഭവം. ആഹ്‌ളാദകരമായ അനുഭവമായിരുന്നു

ഇത്. മക്കയിലെ മലൈബാരികളിൽ ചിലരെങ്കിലും നീണ്ട കാലത്തിനുശേഷം പരസ്പരം കാണുന്നതിനും നേരിട്ട് ഈദാശംസകൾ കൈമാറുന്നതിനും എന്റെ വീട് വേദിയായി. ഇക്കുറി രണ്ടാം പെരുന്നാൾ ചടങ്ങ് ഉണ്ടാവില്ലെന്ന് അറിയിച്ചതോടെ, പലരും സങ്കടം പങ്കു വെക്കുകയുണ്ടായി. കോവിഡ് ദുരിതകാലം നീങ്ങുന്ന മുറയ്ക്ക് അടുത്ത ചെറിയ പെരുന്നാളിന് ഒത്തുകൂടാമെന്ന് പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ചതെന്ന് തലാൽ മലൈബാരി നെടുവീർപ്പിട്ടു.

ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട തഖിയുദ്ദീൻ മലൈബാരി, അന്നത്തെ നോമ്പോർമകളും ഈദ് സ്മരണകളും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നതായി അനുസ്മരിച്ചു. ഹറമും മുറ്റവും അന്ന് വളരെ ചെറുതായിരുന്നു. സംസം വെള്ളം നോമ്പുതുറക്കുവേണ്ടി വലിയ മൺകൂജയിൽ ശേഖരിച്ചായിരുന്നു വെച്ചിരുന്നത്.

സമൂസയും ഈത്തപ്പഴവും ഉൾപ്പടെ മറ്റു ചെറിയ ചില വിഭവങ്ങളും കൂടെ ഉണ്ടാവും. കേരളത്തിൽനിന്ന് കാൽനടയായി വന്ന് ഹജ്ജ് ചെയ്ത ശേഷം ഹറമിനരികെ താമസമാക്കിയ പിതാവ് ഉമർ കുട്ടി മുസ്ലിയാർ എന്ന ഉമർ അലി മലൈബാരിക്ക് ധാരാളം സുഹൃത്തുക്കളു ണ്ടായിരുന്നു. അവരിൽ പലരും തറാവീഹ് കഴിഞ്ഞശേഷം വീട്ടിൽ വന്ന് കഞ്ഞി കുടിച്ചുപോവുമായിരുന്നു.

ഖുർആൻ പാരായണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് അക്കാലത്ത് ഹറമിൽ റമദാൻ ഇരുപത്തിയൊമ്പതാം രാവിൽ തറാവീഹിനുശേഷവും ഖിയാമുല്ലൈലിന് ശേഷവുമായി രണ്ടുതവണ ഖതമുൽ ഖുർആൻ പ്രാർത്ഥനയുണ്ടായിരുന്നു. മിസ്ഫല ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. പെരുന്നാൾ രാവിൽ ഊടുവഴികളിലൂടെ ഞങ്ങൾ കുട്ടികൾ പാട്ടുപാടി ജാഥയായി പോയതും കോൽകളി കളിച്ചതും ഇന്നും മധുരിക്കുന്ന ഓർമ്മയാണ്. പെരുന്നാളിന് മിഠായിയും കുടുംബക്കാരിൽ നിന്നു റിയാലുകളും കിട്ടുമായിരുന്നു.

1979 ൽ രണ്ടാഴ്ചക്കാലം സായുധർ ഹറം കൈയടക്കിയവേളയിൽ, അക്രമികളുടെ തോക്കിനുമുന്നിൽ പെട്ടുപോയിട്ടുണ്ട്. പുറത്തേക്ക് രക്ഷപ്പെട്ടയുടൻ, ഹറമിലെ വൈദ്യുതി വിഛേദിക്കാൻ ആദ്യമായി പവർ സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞത് താനായിരുന്നുവെന്ന് അന്ന് പവർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന തഖിയുദ്ദീൻ മലൈബാരി ചൂണ്ടിക്കാട്ടി.

ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും ട്രഷറർ ഹസൻ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. നൗഫൽ പാലക്കോത്ത്, അബ്ദുറഹ്മാൻ കാളമ്പ്രാട്ടിൽ, കബീർ കൊണ്ടോട്ടി, എ എം അബ്ദുല്ലക്കുട്ടി, സാദിഖലി തുവ്വൂർ, ജലീൽ കണ്ണമംഗലം, ഇസ്ഹാഖ് പൂണ്ടോളി, അരുവി മോങ്ങം, അഷ്റഫ് പട്ടത്തിൽ, മുസ്തഫ പെരുവള്ളൂർ, ഗഫൂർ കൊണ്ടോട്ടി, പി.എം മുർതദ, എ പി എ ഗഫൂർ, മൻസൂർ വണ്ടൂർ എന്നിവർ സംവാദത്തിൽ ഭാഗമായി. ഇബ്‌റാഹീം ശംനാട് നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP