Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സൗദിയിലെ മലയാളികളിൽ കൊറോണാ മരണങ്ങൾ തുടരുന്നു; ജിദ്ദയിലും ദമ്മാമിലുമായി നാലു പേർ കൂടി മരണത്തിന് കീഴടങ്ങി; ദമ്മാമിൽ മരിച്ചവരിൽ വിസിറ്റിങ് വിസയിൽ വന്ന കേരളാ സർക്കാർ സർവീസിലെ മുൻ പ്രമുഖനും

സൗദിയിലെ മലയാളികളിൽ കൊറോണാ മരണങ്ങൾ തുടരുന്നു; ജിദ്ദയിലും ദമ്മാമിലുമായി നാലു പേർ കൂടി മരണത്തിന് കീഴടങ്ങി; ദമ്മാമിൽ മരിച്ചവരിൽ വിസിറ്റിങ് വിസയിൽ വന്ന കേരളാ സർക്കാർ സർവീസിലെ മുൻ പ്രമുഖനും

അക്‌ബർ പൊന്നാനി

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി മലയാളികളാണ് കൊറോണ മൂലവും സമാന അസുഖങ്ങൾ മൂലവും മരണപ്പെട്ടത്. വെള്ളിയാഴ്ച ജിദ്ദയിൽ മാത്രം രണ്ടു മലയാളികൾ മരണപ്പെട്ടതിന് ശേഷം ശനിയാഴ്ചയും ഞായറാഴ്ചയുമായി നാല് മലയാളികൾ കൂടി മരണപ്പെട്ടു. ജിദ്ദയിലും ദമ്മാമിലും രണ്ടു പേർ വീതമാണ് മരിച്ചത്. ജിദ്ദയിൽ മരണപ്പെട്ട രണ്ടു മലയാളികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ദമ്മാമിൽ മരണപ്പെട്ടവരിൽ ഒരാൾ വിസിറ്റിങ് വിസയിൽ വന്ന കേരളത്തിലെ സർക്കാർ സർവീസിലുണ്ടായിരുന്ന പ്രമുഖനും മറ്റൊരാൾ യുവ വ്യവസായ പ്രമുഖനുമാണ്.

കൊണ്ടോട്ടി, ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ ബഷീർ അഹമ്മദ് (പാക് ബഷീർ 61), മഞ്ചേരി, പുൽപ്പറ്റ, തൃപ്പനച്ചി, പൂന്തല സ്വദേശി കളത്തിങ്ങൽ മുഹമ്മദ് ബഷീർ (49) എന്നിവരാണ് ജിദ്ദയിൽ മരിച്ചവർ. കേരള സർക്കാർ സർവീസിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച നിലമ്പൂർ സ്വദേശി എൻ. കേശവൻ (73) കോഴിക്കോട് കുറ്റിച്ചിറ സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) എന്നിവരാണ് ദമ്മാമിൽ മരണപ്പെട്ടവർ.

കൊറോണ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബഷീർ അഹമ്മദ്. മൂന്നര പതിറ്റാണ്ടുകളായി സൗദിയിൽ ജോലി ചെയ്തു വന്ന അദ്ദേഹം ഒടുവിൽ ജിദ്ദ മെഡിക്കൽ എന്ന സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്നു.

പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കൾ: ഫവാസ്, ഫാസിൽ (യു.കെ), ഷബ്ന, ഷിമില. മരുമകൻ: മൻസൂർ (റിയാദ്), സഹോദരങ്ങൾ: സൈഫുദ്ധീൻ, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്സ, നജ്മ, സീനത്ത്, മെഹറുന്നിസ.

പൊതു പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബഷീർ അഹമ്മദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗവും ഹജ്ജ് സേവനങ്ങളിൽ സജീവ വളണ്ടിയറും ആയിരുന്നു.

കൊറോണ ബാധിച്ച് രണ്ടാഴ്ചയോളമായി ചികിത്സയിലിരിക്കെയാണ് മറ്റൊരു മലയാളിയും ജിദ്ദയിൽ മരണപ്പെട്ടത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേരി, പുൽപ്പറ്റ, തൃപ്പനച്ചി, പൂന്തല സ്വദേശി കളത്തിങ്ങൽ മുഹമ്മദ് ബഷീർ ആണ് മരിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെ പ്രവാസിയായായ മുഹമ്മദ് ബഷീർ ജിദ്ദയിലെ ബവാദിയിൽ സോഫ നിർമ്മാണ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ വീരാൻകുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് തബ്ഷീർ, ഫൈഹ ഫാത്തിമ, സഹോദരങ്ങൾ: നാസർ, മുഹമ്മദ്. ഷാഹിദ, ബുഷ്റ.

കേരള സർക്കാർ സർവീസിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച എൻ. കേശവൻ (73) ആണ് ദമ്മാമിൽ മരണപ്പെട്ട ഒരാൾ. നിലമ്പൂർ, നറുകര സ്വദേശിയായ കേശവൻ നിലവിൽ തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡിലായിരുന്നു താമസം. ദമ്മാമിൽ ഫ്യൂവൽ ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ ശ്രീജിത്തിന്റെ അടുത്തേക്ക് കഴിഞ്ഞ മാർച്ചിൽ ഭാര്യാ ജയശ്രീ സമേതം വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു.

എന്നാൽ, കൊറോണ മൂലം വിമാന സർവീസുകൾ നിലച്ചതിനാൽ കേശവന് തിരിച്ചു പോകാനായില്ല. പിന്നീട്, വന്ദേ ഭാരത് മിഷനിലൂടെ മടക്ക യാത്രയ്ക്ക് ടിക്കെറ്റ് എടുത്തിരുന്നെങ്കിലും അന്നേരം മകൻ ശ്രീജിത്തിന് കൊറോണ സ്ഥിരപ്പെടുകയും കേശവന്റെയും ഭാര്യയുടെയും യാത്ര നീട്ടിവെയ്ക്കുകയുമായിരുന്നു. ശ്രീജിത്തിന്റെ രോഗം മാറിയെങ്കിലും ഒരാഴ്ചയ്ക്കും മുമ്പ് കേശവനെ ശ്വാസതടസ്സത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ പ്രമേഹരോഗ ബാധിതനായിരുന്നു.

കേശവന്റെ രണ്ടാമത്തെ മകൻ ശ്രീകേഷ് അമേരിക്കയിലാണ്. ശ്രീജിത്തിന്റെ ഭാര്യ രശ്മി ദമ്മാമിൽ നഴ്‌സാണ്.

മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എം എം ഹസൻ എന്നിവരുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു.

കോഴിക്കോട്, കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് ദമ്മാമിൽ കഴിഞ്ഞ ദിവസം കൊറോണ മൂലം മരണപ്പെട്ട മറ്റൊരു മലയാളി. കൊറോണാ പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. പനിയും ചുമയും ശ്വാസ തടസ്സവും കലശലാവുകയും അത് ന്യൂമോണിയ ആവുകയും ചെയ്ത മുജീബിനെ ഒരു മാസം മുമ്പ് ദമാം സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

ഭാര്യ: റോഷ്നി ഖദീജ. മക്കൾ: അബ്ദുള്ള, ഉമ്മർ, ബിലാൽ.

കഴിഞ്ഞ മുപ്പതു വർഷമായി ദമ്മാമിൽ ടെക്സ്റ്റയിൽസ് മേഖലയിൽ വ്യാപാരിയായിരുന്ന മുജീബ് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.

മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ജിദ്ദയിലും ദമ്മാമിലുമായി മരണപ്പെട്ട ബഷീർ അഹമ്മദ്, മുഹമ്മദ് ബഷീർ, കേശവൻ, മുജീബ് എന്നിവരുടെ മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP