Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അറഫാ സംഗമം മുപ്പതിന്; വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നവരുടെ ആദ്യഘട്ട ക്വാറന്റൈൻ തുടങ്ങി; ആരോഗ്യ സുരക്ഷ മുൻനിർത്തി അസാധാരണ നടപടികൾക്ക് കൊറോണാ വർഷത്തിലെ ഹജ്ജ് സാക്ഷ്യം വഹിക്കും

അറഫാ സംഗമം മുപ്പതിന്; വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നവരുടെ ആദ്യഘട്ട ക്വാറന്റൈൻ തുടങ്ങി; ആരോഗ്യ സുരക്ഷ മുൻനിർത്തി അസാധാരണ നടപടികൾക്ക് കൊറോണാ വർഷത്തിലെ ഹജ്ജ് സാക്ഷ്യം വഹിക്കും

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണാ വർഷത്തിലെ മഹത്തായ ഹജ്ജ് കർമത്തിന് കൗണ്ട് ഡൗൺ തുടങ്ങി. ദുൽഹജ്ജ് മാസപ്പിറവി സംബന്ധിച്ച സൗദി സുപ്രീം ജുഡീഷ്യറിയുടെ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് പുറത്തിറങ്ങി. ഹജ്ജിലെ അനിവാര്യവും സുപ്രധാനവുമായ അറഫാ സംഗമം ഈ മാസം 30, വ്യാഴാഴ്ചയും ആദ്യ ബലിപ്പെരുന്നാൾ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്നാണ് തീർത്ഥാടനത്തിന് ആതിഥ്യം അരുളുന്ന സൗദി അറേബ്യയിലെ സുപ്രീം ജുഡീഷ്യറി പ്രഖ്യാപിച്ചത്.

ദുൽഖഅദ മാസം ഇരുപത്തിയൊമ്പത് തിങ്കളാഴ്ചയിലെ സൂര്യാസ്തമയ ശേഷം ചന്ദ്രപ്പിറവി കണ്ടതായി എവിടെനിന്നും സ്ഥിരീകരണം ലഭിക്കാത്തതിനെ തുടർന്നാണ് സുപ്രീം ജുഡീഷ്യറി പ്രഖ്യാപനം നടത്തിയത്. ചന്ദ്രപ്പിറവി ദർശിക്കാൻ സൗദിയിലെങ്ങും നിരീക്ഷണ സമിതികൾ രംഗത്തുണ്ടായിരുന്നെങ്കിലും ചന്ദ്രക്കല ദർശിച്ചതായി എവിടെനിന്നും റിപ്പോർട്ട് ഉണ്ടായില്ല. തിങ്കളാഴ്ച മാസപ്പിറവി കാണാത്തതിനെ തുടർന്ന്, ചൊവാഴ്ച ദിവസം ദുൽഖഅദ മുപ്പത് ആയി പരിഗണിക്കുകയായിരുന്നു. അതുപ്രകാരം, ദുൽഹജ്ജ് ഒന്ന് ബുധനാഴ്ച (ജൂലൈ 22) യും വിശുദ്ധ ഹജ്ജിലെ സുപ്രധാന കർമമായ അറഫാ സംഗമം വ്യാഴാഴ്ച (ജൂലൈ 30) യും ബലിപ്പെരുന്നാൾ വെള്ളിയാഴ്ച (ജൂലൈ 31 ) യും ആയിരിക്കും.

ഈ ദിവസക്രമം തന്നെയാണ് സൗദി അറേബ്യയുടെ ഔദ്യോഗിക കലണ്ടർ ആയ ഉമ്മുൽ ഖുറായിലും എങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് സൗദി അധികൃതർ ചന്ദ്രപ്പിറവി ദർശനം ആണ് അടിസ്ഥാനമാക്കുക.

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. തീർത്ഥാടകർ കടന്നു പോകുന്നതും താമസിക്കുന്നതുമായ കേന്ദ്രങ്ങളിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുകയെന്ന് സഊദി പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടർ കേണൽ സാഇദ് അൽത്വവിയാൻ മക്കയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

പതിനായിരം വിശ്വാസികൾ മാത്രം പങ്കെടുക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജിനുള്ള അനുമതി പത്രം മക്കയിലേയ്ക്കും ഹജ്ജിന്റെ മറ്റു പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിന് ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.

സൗദി പൗരന്മാരും രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശികളുമായമൊത്തം പതിനായിരം പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിൽ തീർത്ഥാടകർക്ക് സേവനം ചെയ്യുന്ന ഹജ്ജ് കാരവനുകൾ ഉണ്ടായിരിക്കില്ല. വ്യക്തിപരമായാണ് ഓരോരുത്തരുടെയും പങ്കാളിത്തം.

തീർത്ഥാടകരുടെയും ഹജ്ജ് സേവനങ്ങളിൽ പങ്കാളികളാവുന്നവരുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ച് കണിശവും നിർണിതവുമായ ആരോഗ്യ, പൊതു വ്യവസ്ഥകളും നിർദേശങ്ങളുമാണ് ഇത്തവണ അസാധാരണ സ്വഭാവത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഹജ്ജിന്റെ വിവിധ കർമാണങ്ങളായ ത്വവാഫ്, സഅ്യ്, അറഫ സംഗമം, മുസ്ദലിഫ രാപ്പാർപ്പ്, മിനാ വാസം, കല്ലെറിയൽ കർമം തുടങ്ങി ഹജ്ജിന്റെ മുഴുവൻ അനുഷ്ഠാനങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും കൊറോണാ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾക്കാണ് കൊറോണാ കാലത്തെ വിശുദ്ധ തീർത്ഥാടനം സാക്ഷ്യം വഹിക്കുക.

അതിനിടെ, ഹജ്ജിൽ പങ്കെടുക്കുന്നതിനുള്ള താത്കാലിക അനുമതി ലഭിച്ചവർക്കുള്ള ഹജ്ജ്പൂർവ ക്വാറന്റൈൻ ആരംഭിച്ചു. ഹജ്ജിന് പുറപ്പെടുന്നതിനു മുമ്പായി ഒരാഴ്ചയെങ്കിലും ഹാജിമാർ നിർബന്ധിതമായും ഇത് ആചരിക്കണമെന്നാണ് വ്യവസ്ഥ. ഹജ്ജിന് ശേഷം അതിൽ പങ്കെടുത്തവർ 14 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചാൽ ഇവർ പിസിആർ ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവാണെങ്കിൽ ഹജ്ജിൽ പങ്കെടുക്കാൻ അവസരം നൽകുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP