Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദിലെ എംബസി ഏർപ്പെടുത്തിയ സൗകര്യം 3500 ലേറെ ഇന്ത്യക്കാർക്ക് പ്രയോജനപ്പെട്ടു; ഇഖാമ കാലാവധി തീർന്നവർക്കും 'ഒളിച്ചോടിയ' വിഭാഗത്തിൽ പെട്ടവർക്കും സൗദി അധികൃതർ ഫൈനൽ എക്‌സിറ്റ് അനുവദിച്ചു

റിയാദിലെ എംബസി ഏർപ്പെടുത്തിയ സൗകര്യം 3500 ലേറെ ഇന്ത്യക്കാർക്ക് പ്രയോജനപ്പെട്ടു; ഇഖാമ കാലാവധി തീർന്നവർക്കും 'ഒളിച്ചോടിയ' വിഭാഗത്തിൽ പെട്ടവർക്കും സൗദി അധികൃതർ ഫൈനൽ എക്‌സിറ്റ് അനുവദിച്ചു

അക്‌ബർ പൊന്നാനി

ജിദ്ദ: നാട്ടിലേയ്ക്ക് മടങ്ങുന്നതിന് പ്രതിബന്ധം നേരിടുന്ന ഇന്ത്യക്കാർക്ക് വേണ്ടി റിയാദിലെ ഇന്ത്യൻ എംബസി നടത്തിയ പ്രത്യേക നീക്കം വിജയം കൊയ്തു. ഇഖാമ (പ്രവാസികളുടെ താമസ രേഖ) യുടെ കാലാവധി കഴിഞ്ഞവരും സ്പോൺസർമാർ ഒളിച്ചോടിയതായി അധികൃതരോട് പരാതിപ്പെട്ടവരുമായ (ഹുറൂബ്) ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ശ്രമമാണ് ഇപ്പോൾ വിജയം കൈവരിച്ചിരിക്കുന്നത്. ഇത്തരം വിഭാഗങ്ങളിൽ പെടുന്ന മൊത്തം 3581 ഇന്ത്യക്കാർക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ചതായി എംബസി അറിയിച്ചു. ഇനി ഇവർക്ക് ആശങ്കയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാം.

ഇഖാമ കാലാവധി അവസാനിച്ച 549 ഇന്ത്യക്കാർക്കും ഒളിച്ചോട്ടം ഗണത്തിൽ പെട്ട (ഹുറൂബ്) മറ്റൊരു 3032 പേർക്കുമാണ് ഇപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. ഇത്രയും പേർക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ചു കഴിഞ്ഞതായി എംബസി വെളിപ്പെടുത്തി. ഇതിൽ നിരവധി പേർ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികളും ഉൾപ്പെടുന്നു.

ഇത്തരക്കാർക്കായി എംബസി ഏർപ്പെടുത്തിയ പ്രത്യേക സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ ഫൈനൽ എക്‌സിറ്റ് ലഭിച്ചിരിക്കുന്നത്. ഇവർക്ക് അനുകൂലമായ സമീപനം ഉറപ്പാക്കാനായി സൗദി അധികൃതരുമായി ഇന്ത്യൻ എംബസി അധികൃതർ നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. അതാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ബാക്കിയുള്ളവരുടെ കാര്യത്തിലും തുടർന്നും ശ്രമം നടത്തികൊണ്ടിരിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇഖാമയുടെ കാലാവധി തീർന്നിട്ടും പലവിധ കാരണങ്ങളാൽ അത് പുതുക്കാനാകാതെയും സ്‌പോൺസർമാരുമായുള്ള പ്രശ്‌നങ്ങൾ മൂലം ഒളിച്ചോടൽ മുദ്ര പേറുന്നതിനാലും ധൈര്യപൂർവം ഇവിടെ കഴിയാനോ നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാതെ നരകിക്കുന്നത്. ഇത്തരക്കാരായ ഇന്ത്യക്കാർക്ക് വേണ്ടി ഈ വർഷാരംഭത്തിലാണ് ഇന്ത്യൻ എംബസി പ്രത്യേക രജിസ്റ്റ്രേഷൻ ആരംഭിച്ചത്. ഇങ്ങിനെ രജിസ്റ്റർ ചെയ്തവരിലെ ആദ്യ സംഘത്തിനാണ് ഇപ്പോൾ ഫൈനൽ എക്‌സിറ്റ് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്കും അനുകൂല തീരുമാനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് റിയാദിലെ ഇന്ത്യൻ എംബസി.

ഇന്ത്യൻ എംബസി വെബ്സൈറ്റിൽ ഇക്കാര്യത്തിനായി രജിസ്റ്റർ ചെയ്യാവുന്ന ലിങ്ക് താഴെ:

https://www.eoiriyadh.gov.in/news_detail/?newsid=35 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP