Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച സമാരംഭം; ഹാജിമാരുടെ ആറിരട്ടി സേവകർ; പുണ്യ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച സമാരംഭം; ഹാജിമാരുടെ ആറിരട്ടി സേവകർ; പുണ്യ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

അക്‌ബർ പൊന്നാനി

മക്ക: ദശലക്ഷങ്ങൾക്ക് പകരം പതിനായിരം പേർ മാത്രം പങ്കെടുക്കുന്ന മഹാമാരിയിലെ ഹജ്ജ് തിരുകർമ്മങ്ങൾ ബുധനാഴ്ച സമാരംഭിക്കുന്നു. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ വിരിമാറിൽ ആശ്ലേഷിക്കാൻ സർവം സജ്ജമാണ് ഹജ്ജിന്റെ പുണ്യ സ്ഥലങ്ങൾ. ബുധനാഴ്ച (ദുൽഹജ്ജ് എട്ട്, ജൂലൈ 29) പകലും രാത്രിയുമായി തീർത്ഥാടകർ മിനായിൽ ഒരുമിച്ചു ചേരുന്നതോടെയാണ് ഹിജ്‌റാബ്ദം 1441 (ക്രിസ്തുവർഷം 2020) ലെ ആഗോള മുസ്ലിം വാർഷിക സംഗമമായ വിശുദ്ധ ഹജ്ജിന്റെ തിരുകർമ്മങ്ങൾക്ക് സമാരംഭമാവുന്നത്. എങ്ങും 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' മന്ത്രോച്ചാരണം. 'അല്ലാഹുവേ, നിനക്ക് ഉത്തരം നൽകി ഞങ്ങളെത്തി, നിനക്ക് പങ്കുകാരില്ല, നിശ്ചയം സ്തുതിയും അനുഗ്രഹങ്ങളും നിനക്ക് മാത്രം, അധികാരവും നിനക്ക് മാത്രം, നിനക്ക് പങ്കുകാരില്ല'.

ബുധനാഴ്ച പകലും രാവുമായി മിനായിൽ ഒരുമിച്ച് ചേരുന്ന ഹാജിമാർ നിസ്‌കാരവും പ്രാർത്ഥനാ, സ്‌ത്രോത്രങ്ങളുമായി മിനായിൽ 'യൗമ് തർവിയ' ആചരിച്ച് തങ്ങും. വ്യാഴാഴ്ച പ്രഭാതത്തിൽ ഹജ്ജിന്റെ അതിപ്രധാന ഭാഗമായ അറഫാ സംഗമത്തിനായി പ്രവിശാലമായ അറഫാ സമതലത്തിലേയ്ക്ക് പ്രയാണം തുടങ്ങും. വ്യാഴ്ചയിലെ മുഴുപകൽ പ്രാർത്ഥനാ നിമഗ്‌നരായി അല്ലാഹുവിന്റെ അതിഥികൾ അറഫായിൽ കഴിയും. സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫ വഴി മിനായിലേക്കുള്ള മടക്കം. വ്യാഴാഴ്ചയിലെ രാപ്പാർപ്പ് മുസ്ദലിഫയിലാണ്. മിനായിലെ കല്ലെറിയൽ കിളിർമത്തിന് ഉപയോഗിക്കാനുള്ള ചെറുമണി കല്ലുകൾ സംഭരിക്കേണ്ടത് മുസ്ദലിഫയിൽ നിന്നാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് വേണ്ട ചെറുകല്ലുകൾ അണുമുക്തമാക്കിയ വിധത്തിൽ അധികൃതർ ലഭ്യമാക്കിയിട്ടുണ്ട് ഇത്തവണ.

അറഫയുടെ പിറ്റേന്നാൾ, വെള്ളിയാഴ്ചയാണ് ബലിപ്പെരുന്നാൾ. അന്ന് രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ വലിയ സ്തൂപത്തിൽ നിർവഹിക്കുന്ന കല്ലെറിയൽ, തല മുണ്ഡനം, മൃഗബലി തുടങ്ങിയ കർമങ്ങളിൽ വ്യാപൃതരാവും. ശനി, ഞായർ ദിവസങ്ങളിൽ മിനായിലെ മൂന്ന് സ്തൂപങ്ങളിൽ കല്ലെറിയൽ കർമം നിർവഹിക്കാനുണ്ട്. അതിനിടെ മക്കയിലെത്തി കഅബാ മന്ദിരത്തിൽ പ്രദക്ഷിണവും അനുഷ്ഠിക്കണം. ഉദ്ദ്യേശിക്കുന്നവർക്കു തിങ്കളാഴ്‌ച്ച കൂടി മിനായിൽ തങ്ങി കല്ലെറിയൽ കർമം നിർവഹിക്കാം. അതോടെ, ഞായറാഴ്ച ഐച്ഛികമായും തിങ്കളാഴ്ച സമ്പൂർണമായും ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പരിസമാപ്തിയാവും.

ഇത്തവണ അറഫാ ഖുതുബ നിർവഹിക്കുക ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ
അന്ത്യപ്രവാചകൻ നിർവഹിച്ച ചരിത്രപ്രധാനമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചു കൊണ്ട് അറഫായിലെ നമിറ പള്ളിയിൽ അരങ്ങേറുന്ന സംഘടിത നിസ്‌കാരവും ഖുതുബയും ഹജ്ജ് കർമങ്ങളിൽ അതിമഹത്തരമാണ്. ഇത്തവണ അറഫാ പ്രസംഗം നിർവഹിക്കുന്നത് ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ ആയിരിക്കും. ഉന്നത പണ്ഡിത സഭാ അംഗമായ അദ്ദേഹം രാജകൊട്ടാരത്തിലെ ഉപദേഷ്ട്ടാവ് കൂടിയാണ്. നിരവധി വർഷങ്ങളായി ഇത് നിർവഹിച്ചു വന്നിരുന്നത് വയോധികനായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ആയിരുന്നു. ശാരീരിക അവശത മൂലമാവാം സൗദിയിലെ മുഖ്യമുഫ്തിയായ അദ്ദേഹത്തിന് പകരം ഇത്തവണ മറ്റൊരു പണ്ഡിതന് പ്രസംഗ ദൗത്യം ഭരമേൽപ്പിച്ചു കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് അനുമതിയായത്.

മുൻ വർഷങ്ങളിൽ ശരാശരി രണ്ടര ദശലക്ഷത്തോളം തീർത്ഥാടകർ സംബന്ധിക്കാറുള്ള ആഗോള വാർഷിക സംഗമം, കൊറോണാ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കേവലം പതിനായിരം പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുതന്നെയും സൗദിയിൽ കഴിയുന്ന സ്വദേശികളും പ്രവാസികളും ആയവർ മാത്രമാണ് ഈ പതിനായിരം. ഇത്തവണ വിദേശങ്ങളിൽ നിന്ന് ഹജ്ജിനായി ആരും വന്നിട്ടില്ല. തിക്കും തിരക്കും ഒട്ടും ഇല്ലാതെ അരങ്ങേറുന്ന ഇത്തവണത്തെ ഹജ്ജിൽ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള അനിതര സാധാരണമായ മുൻകരുതലുകളും പ്രതിരോധ നടപടികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

ഹാജിമാർ പതിനായിരം; പരിചാരകർ അറുപതിനായിരം
അതേസമയം, തീർത്ഥാടകരുടെ എണ്ണം പതിനായിരമാണെങ്കിലും അവരുടെ സേവനത്തിനായി രംഗത്തുള്ള മൊത്തം ജീവനക്കാരുടെയും സേവകരുടെയും എണ്ണം ആറിരട്ടി വരും. സുരക്ഷാ വിഭാഗം, സേവന വിഭാഗം തുടങ്ങിയവയിലെല്ലാം കൂടി അറുപതിനായിരം സേവകരാണ് ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് സാധിപ്പിക്കാനായി രംഗത്തു കർമനിരതരായിട്ടുള്ളത്. സൗദി കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അറിയിച്ചതാണ് ഇക്കാര്യം. സാമൂഹിക അകലം ഉറപ്പു വരുത്താനായി, നാല്പതിനായിരം പേരെ ഉൾക്കൊള്ളുന്ന മിനായിലെ ഹാജിമാർക്കുള്ള പാർപ്പിട സമുച്ചയത്തിൽ ഇത്തവണ നാലിലൊന്ന് മാത്രം പേരാണ് തങ്ങുക.

ഹജ്ജ് സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കും
യൗമു തർവിയ ആചരിച്ചു കൊണ്ട് അല്ലാഹുവിന്റെ അതിഥികളായി എത്തിയവർ മിനായിൽ കഴിയുന്ന ആദ്യ ദിവസമായ ബുധനാഴ്ച ഹജ്ജ് പ്രദേശങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥ സൗദി കാലാവസ്ഥാ വിഭാഗം പുറത്ത് വിട്ടു. ഇതുപ്രകാരം, ഹജ്ജ് പ്രദേശങ്ങളായ മിനാ, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിൽ ബുധനാഴ്ച ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനു മണിക്കൂറിൽ പതിനഞ്ചു അമ്പത് വരെ കിലോമീറ്റർ വേഗതയുണ്ടായിരിക്കും.

അന്തരീക്ഷ താപം കൂടിയത് 37 ഉം കുറഞ്ഞത് 29 ഉം ഡിഗ്രി സെൻഷ്യസ് ആയിരിക്കും. ഈർപ്പ നില 35 മുതൽ 75 ശതമാനമായിരിക്കും. മക്കയിലുടനീളം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP