Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ മണത്തറിയും; ബാധിതന്റെ സമീപം സ്‌നേഹപൂർവ്വം വന്നിരിക്കും; സൗദിയിൽ അന്താരാഷ്ട്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ പ്രവേശന കവാടങ്ങളിൽ ഇനി ശ്വാനപൊലീസും

കൊറോണ മണത്തറിയും; ബാധിതന്റെ സമീപം സ്‌നേഹപൂർവ്വം വന്നിരിക്കും; സൗദിയിൽ അന്താരാഷ്ട്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ പ്രവേശന കവാടങ്ങളിൽ ഇനി ശ്വാനപൊലീസും

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണ മൂലമുള്ള വിലക്കുകൾ നീങ്ങിയ ശേഷം അന്താരാഷ്ട്ര വ്യോമയാനം പുനഃസ്ഥാപിച്ചാൽ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ പുതിയൊരു താരം കാത്തുനിൽക്കുന്നുണ്ടാകും - കൊറോണ ബാധ കൃത്യമായി മണത്തറിയാനുള്ള പരിശീലനം സിദ്ധിച്ച ശ്വാനകേമൻ! അതിനൊരു നാമകരണവും ഉണ്ട് - 'ബൈലോ'. വിദേശങ്ങളിൽ നിന്നെത്തുന്നവർ മുഖേന രാജ്യത്തേക്ക് കൊറോണാ വ്യാപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള 29 അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച 'ബൈലോ' നായകളുടെ കഴിവ് പ്രയോജനപ്പെടുത്താനാണ് സൗദി കസ്റ്റംസിന്റെ തീരുമാനം.

ഇതിനുള്ള പരിശീലങ്ങളും നടപടികളും അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളുമായി ചേർന്നാണ് കൊറോണാ നിർണയത്തിലെ ശ്വാനസങ്കേതം ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ കൃത്യത 80 ശതമാനത്തിലധികമാണെന്ന് വ്യക്തമായെന്ന് സൗദി കസ്റ്റംസിലെ ശ്വാന പരിശീലന കേന്ദ്രം (നാഷണൽ സെന്റർ ഫോർ ലിവിങ് മീൻസ്) മേധാവി അബ്ദുല്ല അൽസല്ലൂം വെളിപ്പെടുത്തി. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ശ്വാനപ്പൊലീസിനെ സൗദി കസ്റ്റംസ് പ്രവേശന കവാടങ്ങളിൽ വിന്യസിക്കും. കൊറോണ ബാധ കണ്ടെത്തുന്നതിൽ സ്‌നിഫിങ് നായ്ക്കളെ ഉപയോഗപ്പെടുത്തുന്ന ഒരു വീഡിയോ ക്ലിപ്പിങ് സൗദി കസ്റ്റംസ് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ ഇതിനകം ചേർത്തിട്ടുമുണ്ട്.

അത്യധിക ഗ്രാനശേഷിയുള്ള 'ജാക് റസൽ' തുടങ്ങിയ ഇനം നായകളെ ഉപയോഗപ്പെടുത്തിയുള്ള കൊറോണാ കണ്ടെത്തൽ തത്സമയ ഫലം നൽകുമെന്ന് ഇതിനായുള്ള പരിശീലനങ്ങളുടെ സാങ്കേതിക മേൽനോട്ടം വഹിക്കുന്ന മാഹിർ അൽമഹ്യിഷ് വിവരിച്ചു. ഇത്തരം നായകൾ പ്രവർത്തന ക്ഷമതയിലും മനുഷ്യരോടുള്ള ഇണക്കത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം തുടർന്നു. 125 ദശലക്ഷത്തിലധികം സെല്ലുകൾ ഉപയോഗിച്ച് നാല്പത് അടി അകലെ നിന്ന് രോഗം ഇവ മണത്തറിയും. രോഗം ഉണ്ടെന്നു കണ്ടെത്തുന്ന വ്യക്തിയുടെ സമീപം സ്‌നേഹപൂർവ്വം ചെന്നിരിക്കുകയാണ് ഇവ ചെയ്യുക. കുരക്കുക പോലും ചെയ്യില്ല. കൊറോണാ ബാധിതനായെന്ന് ശ്വാനപ്പൊലീസ് കണ്ടെത്തുന്നതോടെ ഇക്കാര്യത്തിൽ വലിയ തോതിലുള്ള സമയലാഭമാണ് ലഭിക്കുക.

നിയമവിരുദ്ധമായി രാജ്യത്തേയ്ക്ക് കടത്തുന്ന ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, മയക്കുമരുന്ന്, പുകയില, കറൻസി തുടങ്ങിയ വസ്തുക്കൾ കണ്ടെത്തുന്നതിൽ നായ്ക്കളുടെ ഗ്രാണ വിരുത് ഉപയോഗപ്പെടുത്തുന്നത് പ്രസിദ്ധമാണ്. എന്നാൽ, മഹാമാരിക്കാലത്തുകൊറോണ ബാധിതനെ കണ്ടെത്തുന്നതിനും ഇത് ഉപയോഗപ്പെടുത്തി വരികയാണ്. ഇക്കാര്യത്തിൽ ഇത് വരെ നടന്ന പരീക്ഷണങ്ങൾ എമ്പത് ശതമാനത്തിലേറെ വിജയകരമാണെന്നാണ് സൗദി കസ്റ്റംസിലെ ബന്ധപ്പെട്ടവർ നൽകുന്ന സാക്ഷ്യം.

കൊറോണാ ബാധിതരെ കണ്ടെത്താൻ കെ 9 സ്‌നിഫർ നായ്ക്കളെ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി യുഎ ഇ കഴിഞ്ഞ മാസം ആദ്യത്തിൽ വെളിപ്പെടുത്തിയിരുന്നു. വിവിധ കാര്യങ്ങൾക്കായി ജീവജാലങ്ങളെ പ്രയോജനപ്പെടുത്താനും അതിനായുള്ള പരിശീലങ്ങൾ സംഘടിപ്പിക്കാനുമായി നാഷണൽ സെന്റർ ഫോർ ലിവിങ് മീൻസ് എന്ന സ്ഥാപനം 1987 ലാണ് സൗദിയിൽ സ്ഥാപിതമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP