Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ നിന്നും നാട്ടിലേക്ക് ആദ്യ വിമാനം നാളെ; കോഴിക്കോട്ടെത്തുക 200 യാത്രക്കാർ; ടിക്കറ്റ് നിരക്ക് 1500 റിയാൽ വരെ

സൗദിയിൽ നിന്നും നാട്ടിലേക്ക് ആദ്യ വിമാനം നാളെ; കോഴിക്കോട്ടെത്തുക 200 യാത്രക്കാർ; ടിക്കറ്റ് നിരക്ക് 1500 റിയാൽ വരെ

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ കേരളത്തിലെത്തിക്കുന്ന ആദ്യവിമാനം നാളെ എത്തും. വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം എത്തുക. അടുത്ത ദിവസങ്ങളിൽ റിയാദിൽനിന്ന് ഡൽഹിയിലേക്കും ദമ്മാമിൽനിന്ന് കൊച്ചിയിലേക്കും ജിദ്ദയിൽനിന്ന് ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ എത്തും. ഈമാസം 14 വരെയാണ് ആദ്യഘട്ടത്തിൽ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിമാനത്തിലും 200 പേർ വീതമാണ് എത്തുക. അങ്ങനെ അഞ്ചു വിമാനങ്ങളിലായി ആയിരത്തോളം പേരാണ് ഇന്ത്യയിൽ എത്തുക.

നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60,000 ആളുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഗർഭിണികൾ, കൊവിഡ് 19 മൂലം ദുരിതത്തിലായ തൊഴിലാളികൾ, രോഗികൾ തുടങ്ങിയവർക്കാണ് ആദ്യ പരിഗണന നൽകുന്നത്. ഈ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയ യാത്രക്കാരുടെ പട്ടിക എയർ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലുൾപ്പെട്ടവരെ യാത്രക്ക് 48 മണിക്കൂർ മുമ്പ് എംബസിയിൽനിന്ന് വിളിച്ചറിയിക്കും. അവർ എയർ ഇന്ത്യയെ നേരിൽ ബന്ധപ്പെട്ട് പണം നൽകി ടിക്കറ്റ് വാങ്ങണം. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച് 1500 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.

യാത്രക്ക് മുമ്പ് സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകൾക്ക് വിധേയമാകണം. ഇതു സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ എംബസി അറിയിക്കും. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റിവായവർക്ക് പിന്നീട് നെഗറ്റിവ് ആയിട്ടുണ്ടെങ്കിൽ ഇവർക്കും യാത്രാനുമതി നൽകും. ഇതിനുള്ള മെഡിക്കൽ രേഖകൾ കാണിച്ചാൽ മതി. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽനിന്നാണ് നിലവിൽ ഇന്ത്യയിലേക്കുള്ള യാത്ര. നിലവിൽ പ്രവിശ്യകൾ തമ്മിൽ യാത്രാനിരോധനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങൾ നിലനിൽക്കുന്ന പ്രവിശ്യകളിലുള്ളവർക്കാണ് പരിഗണന. വിദൂര ദിക്കുകളിലേക്കും വിമാനം അനുവദിക്കുന്നത് പരിഗണനയിലുണ്ട്. മറ്റു പ്രവിശ്യകളിൽ ഉള്ളവർക്ക് യാത്രക്കുള്ള ക്രമീകരണം പിന്നീട് തീരുമാനിച്ച് അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP