Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫ് മലയാളികളിൽ 65 ശതമാനം പേരും തൊഴിൽ ഭീഷണി നേരിടുന്നതായി പഠനം

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മലയാളികളിൽ 65 ശതമാനം പേരും തൊഴിൽ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേർക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം പേർ തൊഴിൽ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേർക്ക് ശമ്പളം വെട്ടിക്കുറച്ചു. 7.32 ശതമാനം പേർക്ക് തീരേ ശമ്പളം കിട്ടുന്നുമില്ല. പ്രവാസി രിസാല മാഗസിൻ ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾക്കിടയിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പുതിയ ലക്കം രിസാലയിൽ വിശദമായ സർവേ റിപ്പോർട്ടും അവലോകനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരെ അറിയാം എന്ന് അഭിപ്രായപ്പെടുന്നവരാണ് 93 ശതമാനം പേരും. ഇതിൽ 34 ശതമാനം പേർ യഥേഷ്ടം തൊഴിൽ നഷ്ടങ്ങൾ അറിയാം എന്ന് അഭിപ്രായപ്പെടുന്ന വരാണ്. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം വ്യക്തമാക്കുന്നതാണ് സർവേ. ആറു ഗൾഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴിൽ, ബിസിനസ് സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 7223 പേരിലാണ് സർവേ നടത്തിയത്. രിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്. പ്രതിസന്ധി രൂക്ഷമായി നിൽക്കുമ്പോഴും ഗൾഫിൽ തന്നെ തുടരുകയോ പ്രതിസ ന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 52.04 ശതമാനവും. 14.84 ശതമാനം പേർക്ക് വരേണ്ടിവരും എന്നഭിപ്രായമുണ്ട്. 23.99 ശതമാനം പേർ മറ്റുമാർഗമില്ലെങ്കിൽ ഗൾഫ് തിരഞ്ഞെടുക്കുമെന്ന് പറയുമ്പോൾ 8.90 ശതമാനം പേർ മാത്രമാണ് ഇനി ഗൾഫിലേക്കില്ലെന്ന് തീർത്തു പറയുന്നത്. കേരളത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളിൽ ഗൾഫ് ഇനിയും സൃഷ്ടിക്കാനിരിക്കുന്ന സ്വാധീനമാണ് ഈ അഭിപ്രായങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് രിസാല എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്‌ബർ പറഞ്ഞു.

പ്രവാസികളിൽ 65.54 ശതമാനം പേർക്കും നാട്ടിലെത്തിയാൽ ജോലിയോ മറ്റു സംരംഭങ്ങളോ ഇല്ല. സംഘടിപ്പിക്കണം എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവർ 29.71 ശതമാനം പേരുണ്ട്. 4.75 ശതമാനം പേർക്കുമാത്രം ജോലിയോ ബിസിനസോ ഉണ്ട്. നാട്ടിലെത്തിയാൽ അതിജീവനത്തിന് വായ്പ ഉൾപെടെ യുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവർ 56.12 ശതമാനമുണ്ട്. പ്രവാസികളിൽ 20.98 ശതമാനം പേർക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല എന്ന സങ്കടാവസ്ഥയും സർവേ വെളിപ്പെടുത്തുന്നു. എന്നാൽ ശേഷിക്കുന്നവർക്ക് വീടോ ഭൂമിയോ മറ്റു ആസ്തികളോ ഉണ്ട്. ഭൂരിഭാഗം പ്രവാസികളും മക്കളുടെയോ ആശ്രിതരുടെയോ വിവാഹം, വിദ്യാഭ്യാസം പോലുള്ള ബാധ്യതകൾ ഉള്ളവരാണ്. ഗൾഫിൽ മെച്ചപ്പെട്ട അവസ്ഥയിൽ കുടുംബ സമേതം ജീവിക്കുന്നവർ 15.79 ശതമാനം പേർ മാത്രം. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതിൽ മാനസികാഘാതം സൃഷ്ടിച്ചു എന്നഭിപ്രായപ്പെടുന്നത് 65 ശതമാനം പേരാണ്. 34.65 ശതമാനം പേർ കനത്ത ആഘാതമുണ്ടാക്കി എന്നഭിപ്രായപ്പെടുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 67.06 ശതമാനം പേരും 26-40 നുമിടയിൽ പ്രായമുള്ളവരാണ്. 27.10 ശത മാനം പേർ 41 നും 60 നുമിടയിലുള്ളവരും 5.85 ശതമാനം പേർ 18-25 നുമിടയിലുള്ളവരാണ്. ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ പങ്കെടുത്ത സർവേ ഗൾഫ് മലയാളികളുടെ വർത്തമാന സാഹചര്യം സംബന്ധിച്ച പൊതു ചിത്രമാണ് നൽകുന്നത്. ഡാറ്റകൾ സർക്കാറുകളുടെയും രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെയും നയരൂപവത്കരണങ്ങളെ സ്വാധീനിക്കേണ്ടതുണ്ടെന്നും അലി അക്‌ബർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP