Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

ഇന്ത്യാ വിരുദ്ധർക്ക് ആഘോഷമായി ആസാമിലെ കുടിയിറക്കൽ: ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം

ഇന്ത്യാ വിരുദ്ധർക്ക് ആഘോഷമായി ആസാമിലെ കുടിയിറക്കൽ: ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം

സ്വന്തം ലേഖകൻ

ജിദ്ദ: ഇന്ത്യയിലെ ആസാമിൽ രണ്ടു ദിവസം മുമ്പ് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരേ അരങ്ങേറിയ കൊടുംക്രൂരതയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് നേരെ ബഹിഷ്‌കരണ ഭീഷണി ഉയർന്നു. ഇസ്ലാമിക ലോകത്തെ ഉന്നതരും സോഷ്യൽ മീഡിയയിലെ സജീവ വ്യക്തിത്വങ്ങളുമാണ് ആവശ്യം ഉയർത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ആസാമിൽ നിന്ന് ആയിരക്കണക്കിന് മുസ്ലിംകളെ പുറത്താക്കിക്കൊണ്ടിരിക്കുന്നതിന് പ്രതികരണമെന്നോണമാണ് ഇന്ത്യൻ ഉല്പന്നങ്ങളുടെ ബഹിഷ്‌കരണം.

മുസ്ലിം പണ്ഡിതന്മാരുടെ രാജ്യാന്തര സംഘടനയും ഇന്ത്യയിലെ മുസ്ലിംകൾക്ക് നേരേ നടക്കുന്ന ധ്വംസനത്തിൽ അപലപിച്ചു. ഇത്തരം അവസ്ഥയ്ക്ക് അന്ത്യം കുറയ്ക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും ചെയ്തതായും അൽജസീറ റിപ്പോർട്ട് തുടർന്നു. ആഗോള ഇസ്ലാമിക വിദ്യാഭ്യാസ - ശാസ്ത്ര - സാംസ്‌കാരിക സംഘടന (ICESCO) യുടെ മുൻ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് തുവൈജിരി ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇസ്ലാമിക രാജ്യങ്ങൾ പാലിക്കുന്ന നിസ്സംഗതയും ആഗോള മൗനവും മറയാക്കി നരേന്ദ്ര മോദിയുടെ ഹിന്തുത്വ ഭരണകൂടം മുസ്ലിം പീഡനം ആസൂത്രിതമായി നടപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് തുവൈജിരി ട്വിറ്ററിൽ രേഖപ്പെടുത്തി. 'ഇന്ത്യൻ മുസ്ലിംകളെ സഹായിക്കാനായി ലളിതമായ നടപടിയെന്ന നിലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുവിൻ' തുവൈജിരി ആഹ്വാനം ചെയ്തു.

മുസ്ലിം പണ്ഡിതന്മാരുടെ രാജ്യാന്തര സംഘടന ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ മതപരവും സാമൂഹ്യപരവും മൗലികവുമായ അവകാശങ്ങളെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധക്കുറ്റം ആണെന്നും ഇതിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഫ്രാൻസിൽ ഉണ്ടായത് പോലെ ഇന്ത്യയിലെ മുസ്ലിം പീഡന കാര്യത്തിലും ശക്തമായ ആഗോള പ്രതികരണം ഉണ്ടാവണമെന്ന് സോഷ്യൽ മീഡിയയിൽ സജീവത പുലർത്തുന്നവർ ഉന്നയിക്കുന്നതായും അൽജസീറ റിപ്പോർട്ട് വിവരിച്ചു. 'ഇന്ത്യ മുസ്ലിംകളെ കൊന്നൊടുക്കുന്നു', 'ഇന്ത്യൻ ഉല്പന്നങ്ങളുടെ ബഹിഷ്‌കരണം' തുടങ്ങിയ ഹാഷ്ടാഗുകൾ ഉയർത്തിയാണ് ഇന്ത്യക്കെതിരെയുള്ള നീക്കം. ബഹിഷ്‌കരണം വിജയകരമാക്കാനായി പ്രമുഖ ഇന്ത്യൻ ഉൽപ്പനങ്ങളുടെ പേരും അവയുടെ ബാർകോഡ്കളും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ആസാമിൽ പൊലീസ് മുസ്ലിം കർഷകരെ ആട്ടിപ്പുറത്താക്കുകയും അതിനിടയിൽ വെടിയേറ്റ് വീണ ഒരാളെ സർക്കാരിന്റെ മീഡിയാ ഫോട്ടോഗ്രാഫർ ചാടിച്ചവിട്ടുന്നതുമായ വിഡിയോകളും സോഷ്യൽ മീഡിയയിൽ അതിയായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോട് മനുഷ്യാവകാശ കേന്ദ്രങ്ങൾ ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർന്നിട്ടുമുണ്ടെന്നും അൽജസീറ ചൊവാഴ്ച പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

അൽജസീറ വളരെ വിശദമായാണ് ആസാമിലെ മുസ്ലിംകൾക്ക് നേരെ നടന്ന ആക്രമണം കവർ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വിഷയമാവുന്ന കാര്യങ്ങളെ അധികരിച്ചുള്ള പ്രത്യേക പരിപാടിയിൽ ഇന്ത്യയിലെ മുസ്ലിംകൾ നേരിടുന്ന മർദ്ദനവും അതിനോട് വേണ്ടുന്ന പ്രതികരണവും വിശദമായി പറയുന്നുണ്ട്. 'ഇത്രയൊക്കെ ആയിട്ടും മിണ്ടാതിരിക്കുകയോ? ലജ്ജാകരം തന്നെ' എന്നും 'ഭരണകൂടങ്ങൾ ഇന്ത്യയിലെ സഹോദരങ്ങളെ സഹായിക്കുമോ എന്ന് നോക്കി നിൽക്കാതെ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ് ജനകീയ ഉത്പന്ന ബഹിഷ്‌കരണം' എന്നും ജനങ്ങൾ പ്രതികരിക്കുന്നതും സംപ്രേഷണം ചെയ്യുന്നുണ്ട്.

പൊതുസ്ഥലത്തു വീട് വെച്ചു എന്ന കാരണം പറഞ്ഞു ഇരുപതിനായിരത്തോളം മുസ്ലിംകളുടെ വീടുകൾ നിലംപരിശാക്കുകയും അവരെ ആട്ടിയോടിച്ചതായും അൽജസീറ പറയുന്നു. ആസാം മുഖ്യമന്ത്രി സംഭവത്തിൽ അന്വേഷണ കമ്മീഷനെ ഏർപ്പെടുത്തി എന്ന് പറയുന്നുണ്ടെങ്കിലും പുറത്താക്കൽ നടപടി തുടരുമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏതായാലും, ആസാമിൽ നടന്ന മുസ്ലിം കുടുംബങ്ങളുടെ കുടിയിറക്കലും അതിനെ തുടർന്നുണ്ടായ വെടിവെപ്പും മരണങ്ങളും - പ്രത്യേകിച്ച് മൃതദേഹത്തിൽ സർക്കാർ ഫോട്ടോഗ്രാഫർ നടത്തിയ താണ്ഡവവും ഇന്ത്യയ്ക്കെതിരെ ആഗോളതലത്തിൽ കരുക്കൾ നീക്കുന്ന കേന്ദ്രങ്ങൾക്ക് കിട്ടിയ വലിയ ചാകരയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP