Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'പാലത്തായിയും വാളയാറും ഇനിയും ആവർത്തിച്ചു കൂടാ': അഡ്വ. കെ സി നസീർ

'പാലത്തായിയും വാളയാറും ഇനിയും ആവർത്തിച്ചു കൂടാ': അഡ്വ. കെ സി നസീർ

സ്വന്തം ലേഖകൻ

ജിദ്ദ: പിഞ്ചോമനകളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും അവരുടെ ഭാവി തകർക്കുന്ന വിധം പിഞ്ചു ബാല്യങ്ങളെ പിച്ചിച്ചീന്തുകയും ചെയ്ത അധമന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതു വരെ നമുക്ക് വിശ്രമിക്കാനാകില്ലെന്നു എസ്.ഡി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.സി. നസീർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പാലത്തായി; പിഞ്ചു ബാലികക്ക് നീതി വേണം, സംഘി പത്മരാജനെ പോക്‌സോ ചുമത്തി തുറുങ്കിലടക്കുക' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ. നസീർ.

പാലത്തായിയിലെ സ്‌കൂൾ അദ്ധ്യാപകനും ആർ.എസ്.എസ്. അദ്ധ്യാപക സംഘടനാ നേതാവും ബിജെപി. പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പത്മരാജനെന്ന കാമഭ്രാന്തൻ ഒരു അനാഥയായ ഒമ്പതു വയസ്സുകാരിയെ പിച്ചിച്ചീന്തിയതിന് വ്യക്തമായ മൊഴിയും മെഡിക്കൽ റിപ്പോർട്ടുമുണ്ടായിട്ടും കുട്ടിയെ പ്രതിസ്ഥാനത്തു വരുത്തുന്ന വിധം പൊലീസിലെ ഉന്നതരുടെ ഭാഗത്തു നിന്നു പോലും വലിയ തോതിലുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

പത്മരാജനെതിരെ കുട്ടി മജിസ്ട്രേറ്റിനു മുന്നിൽ പീഡനം സംബന്ധിച്ച മൊഴി കൊടുത്തത് പ്രകാരം പോക്‌സോ പ്രകാരമുള്ള കേസെടുക്കാൻ വ്യക്തമായ കാരണങ്ങളുള്ള സാഹചര്യത്തിൽ സംഘപരിവാർ നേതാവായ പത്മരാജനെ വെളുപ്പിച്ചെടുക്കാനുള്ള പോംവഴികൾ കണ്ടെത്താനായിരുന്നു പൊലീസും സംഘ്പരിവാരത്തെ താങ്ങുന്ന സർക്കാരും നടത്തിയിട്ടുള്ളത്. വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ കാര്യത്തിലും സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. എന്നാൽ സാമൂഹ്യനീതി വകുപ്പും ബാലനീതി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലത്തിൽ നടന്ന സംഭമായിട്ടു പോലും ഇരയാക്കപ്പെട്ട കുട്ടിക്ക് വേണ്ടി ഒരു അനുകൂല നീക്കം പോലും നടത്താൻ സർക്കാർ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നുള്ളത് ഗൗരവതരമാണ്. പീഡനം നടത്തിയ പ്രതി പത്മരാജനെ ഒളിവിൽ താമസിപ്പിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് പ്രതി സിപിഎം നേതാക്കൾക്കും സംഘപരിവാറിനും വേണ്ടപ്പെട്ടവനായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ അടുത്ത് പ്രതി ഒളിച്ചു താമസമുണ്ടായിരുന്നിട്ടും ഒരു മാസത്തോളം അറസ്റ്റു ചെയ്യാതെയിരിക്കുകയായിരുന്നു പൊലീസ്. പീഡനക്കേസ് മറ്റുള്ളവരുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമവും സംഘപരിവാർ - സർക്കാർ - പൊലീസ് കൂട്ടുകെട്ടിന്റെ ഭാഗത്തു നിന്നുമുണ്ടായി എന്നുള്ളതും ഗൗരവതരമാണ്. അതേ സമയം ബാലനീതി നിയമത്തിന് വിരുദ്ധമായി കുട്ടിയെ പൊലീസ് സ്റ്റേഷനിലും മാനസിക രോഗാശുപത്രിയിലും കൊണ്ട് പോയി മൊഴി മാറ്റിപ്പറയിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. നിയമവിരുദ്ധമായി കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ട് പോയി കേസ് വഴി തിരിച്ചു വിടാനും പ്രതി പത്മരാജനെ രക്ഷിച്ചെടുക്കാനും ഗൂഢശ്രമം നടത്തിയ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. സാമൂഹ്യ മാധ്യമങ്ങളിലെയും വിവിധ സംഘടനകളുടെയും പ്രതിഷേധം കാരണം അറസ്റ്റു ചെയ്‌തെങ്കിലും പോക്‌സോ ചുമത്താതെയും കുറ്റപത്രം സമർപ്പിക്കാതെയും പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സൗകര്യമൊരുക്കിയതും പൊലീസും സംഘപരിവാറും തമ്മിലുള്ള ധാരണയാണ്.

അതേപോലെ പാനൂരിലെ മറ്റൊരു കേസിൽ നിന്നും സി.പി. എം. പ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള വെച്ചുമാറ്റവും പീഡന കേസ് വഴിതിരിച്ചു വിടുന്നതിനുള്ള ഒത്തു തീർപ്പും പാലത്തായിയിൽ കാണാവുന്നതാണ്. എന്നാൽ പിഞ്ചു ബാലികയെ പീഡിപ്പിച്ച പത്മരാജൻ എത്ര ഉന്നതനായാലും നീതി നടപ്പാക്കുന്നത് വരെ എസ്.ഡി.പി.ഐ. രംഗത്തുണ്ടാവുമെന്നും അതിനായി ഇന്ത്യൻ ശിക്ഷാനിയമവും ബാല നീതി നിയമവും മുറുകെപ്പിടിച്ചു കൊണ്ട് ഏതറ്റം വരെ പോകാനും പൊതു സമൂഹം ഇരയോടൊപ്പം ഉണ്ടാവണമെനും അഡ്വ. കെ.സി.നസീർ ആഹ്വാനം ചെയ്തു.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ. എം. അബ്ദുല്ല വെബിനാർ ഉദ്ഘാടനം ചെയ്തു. ഹനീഫ കിഴിശ്ശേരി സ്വാഗതവും കോയിസ്സൻ ബീരാൻകുട്ടി നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി, ഷാഫി കോണിക്കൽ, സി.വി. അഷ്റഫ്, ഷാഹുൽ ഹമീദ് മേടപ്പിൽ, ഹസ്സൻ മങ്കട എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP