Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കെ.ആർ ഗൗരി അമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചിച്ചു

കെ.ആർ ഗൗരി അമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: കേരള രാഷ്ട്രീയത്തിലെ മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും, മുന്മന്ത്രിയുമായ കെ.ആർ ഗൗരി അമ്മയുടെയും, സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെയും, എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്റെയും നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ അനുശോചിച്ചു.

കേരള സമൂഹത്തിൽ വിപ്ലവകരങ്ങളായ മാറ്റം സൃഷ്ട്ടിച്ച ഒട്ടേറെ നിയമനിർമ്മാണങ്ങൾ നടത്തിയ മികച്ച നിയമസഭ സാമാജികയും, കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞ ഏറ്റവും മികച്ച വനിതനേതാവും, സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പൊരുതിയ ധീരവിപ്ലവകാരിയുമായിരുന്നു സഖാവ് കെ.ആർ. ഗൗരി അമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും, സമത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടമായിരുന്നു അവരുടെ ജീവിതം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർവ്വമായ പ്രവർത്തനമാണ് അവർ നടത്തിയിട്ടുള്ളത്. അവരുടെ നിര്യാണത്തോടുകൂടി ഒരു യുഗത്തിനാണ് അവസാനമായിരിക്കുന്നത്. കേരളചരിത്രത്തിൽ സുവർണ്ണലിപികളിൽ കെ ആർ ഗൗരിയുടെ ജീവിതം എഴുതപ്പെടുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും, മികച്ച സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ മരണം സിനിമ മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്. മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ച തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപിഎന്നീ സൂപ്പർ താരങ്ങളുടെ ഉദയം തന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ജനങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ മനസ്സിലാക്കി സിനിമകൾ സൃഷ്ടിക്കാൻ കഴിവുള്ള മികച്ച സിനിമപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.

സാഹിത്യത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നതിനോടൊപ്പം തന്നെ സിനിമ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മാടമ്പ് കുഞ്ഞിക്കുട്ടൻ. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നീ നോവലുകളിലൂടെ മലയാള സാഹിത്യത്തിന് നൽകിയ സംഭാവന വലുതാണ്. മികച്ച നോവലിസ്റ്റിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ സിനിമ തിരക്കഥകൾ രചിച്ചും, ഒട്ടേറെ സിനിമകളിൽ അഭിനയിച്ചും അദ്ദേഹം സിനിമ മേഖലയിലും തിളങ്ങി. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം കരുണം എന്ന സിനിമയിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ഒരു ബഹുമുഖപ്രതിഭയുടെ നഷ്ടമാണ് മാടമ്പ് കുഞ്ഞുക്കുട്ടന്റെ മരണത്തോടെ ഉണ്ടായിരിക്കുന്നതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP