Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവയുഗവും സാമൂഹ്യപ്രവർത്തകരും കൈകോർത്തു; നിയമക്കുരുക്കിൽപ്പെട്ട രണ്ടു തമിഴ് വനിതകൾ നാടണഞ്ഞു

നവയുഗവും സാമൂഹ്യപ്രവർത്തകരും കൈകോർത്തു; നിയമക്കുരുക്കിൽപ്പെട്ട രണ്ടു തമിഴ് വനിതകൾ നാടണഞ്ഞു

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, നിയമക്കുരുക്കിൽപ്പെട്ടു നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ദുരിതത്തിലായിരുന്ന രണ്ടു വനിതകൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞു.

തമിഴ്‌നാട് മധുര സ്വദേശിനി ശർമിള, ചെന്നൈ സ്വദേശിനി റാണി എന്നിവർക്കാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞത്.

വിചിത്രമാണ് റാണിയുടെ കഥ. റിയാദിലെ വലിയൊരു വീട്ടിൽ നാലു വർഷം മുൻപാണ് റാണി ജോലിക്ക് എത്തിയത്. രാജകുടുംബവുമായി ഒക്കെ ബന്ധമുള്ള പ്രമുഖ കുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്നു ആ വീട്. സന്ദർശകർ ആയി വരുന്നവർക്ക് ഭക്ഷണമൊരുക്കിയും, വീട് വൃത്തിയാക്കിയും മൂന്നുവർഷം അവിടെ ജോലി ചെയ്തു. കൊറോണ തുടങ്ങിയതിനു ശേഷം ആ വീട്ടിലേയ്ക്ക് ആരും വരാതെയായി. സ്‌പോൺസർ വരുമെന്നുള്ള പ്രതീക്ഷയിൽ ഒന്നര വർഷത്തോളം ആ വീട്ടിൽ തന്നെ റാണി ഒറ്റയ്ക്ക് കഴിഞ്ഞു. ആരും തിരിഞ്ഞു നോക്കാതെ ദുരിതത്തിലായ റാണി, അവിടെ നിന്നും ഇറങ്ങി റിയാദ് ഇന്ത്യൻ എംബസ്സിയിൽ അഭയം തേടി. റിയാദ് എംബസ്സി അധികൃതർ റാണിയെ, ദമ്മാമിലെ നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ അടുത്തേയ്ക്ക് അയച്ചു.

ശർമിളയെ രണ്ടു വർഷം മുൻപ് ഹൗസ്മൈഡ് വിസയിൽ ഖത്തറിൽ ഒരു സൗദി പൗരൻ കൊണ്ട് വരികയായിരുന്നു. പിന്നീട് അവിടെ നിന്നും വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിച്ചു വീട്ടുജോലിക്ക് ആക്കുകയായിരുന്നു. ആറു മാസം കഴിഞ്ഞിട്ടും ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടാതെയായപ്പോൾ, അവർ അവിടെ നിന്നും പുറത്തുകടന്ന്, വേറൊരു വീട്ടിൽ ജോലിക്ക് ചേർന്നു. പിന്നീട് കുറെ കാലം കഴിഞ്ഞു നാട്ടിൽ പോകാനായി ശ്രമിച്ചപ്പോൾ, വിസിറ്റിങ് വിസ കാലാവധി അവസാനിച്ചതിനാൽ പോകാൻ കഴിയില്ല എന്ന നിയമക്കുരുക്കിൽ ആയി. സാമൂഹ്യപ്രവർത്തകനായ സലാം ജാംജൂമിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചപ്പോൾ, അദ്ദേഹം ശർമിളയെ ദമ്മാമിൽ മഞ്ജു മണിക്കുട്ടന്റെ അടുത്ത് എത്തിക്കുകയായിരുന്നു.

റാണിയും, ശർമിളയും ഒരു മാസത്തോളം ദമാമിൽ മഞ്ജു മണിക്കുട്ടന്റെ വീട്ടിലാണ് കഴിഞ്ഞത്. മഞ്ജു രണ്ടു പേർക്കും ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു നൽകുകയും വനിത അഭയകേന്ദ്രം വഴി എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

റാണിക്ക് ദമ്മാമിലെ ഡി എം കെ സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റ് എടുത്തു കൊടുത്തു. ശർമിളയ്ക്ക് വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞത് മൂലമുള്ള ഫൈൻ തമിഴ് സോഷ്യൽ മന്ദ്രം പ്രവർത്തകരും, വിമാനടിക്കറ്റ് പ്രവാസി സാംസ്കാരികവേദി പ്രവർത്തകരും നൽകി.അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP