Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവയുഗം തുണച്ചു; ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി

നവയുഗം തുണച്ചു; ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ

ദമ്മാം: മുപ്പതു വർഷത്തെ പ്രവാസജീവിതം, ദുരിതങ്ങളിൽ അവസാനിക്കുന്ന ഒരു ഘട്ടത്തിൽ, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി നവയുഗം സാംസ്കാരികവേദി എത്തിയതോടെ, അൽഹസ്സയിലെ കോളാബിയയിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി എന്ന കുട്ടി മേശിരി, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം തൊളിക്കോട് സ്വദേശിയായ കുട്ടി മേശിരി, ഏറെ വിഷമതകൾ നിറഞ്ഞതെങ്കിലും, മുപ്പതു വർഷമായി പ്രവാസജീവിതം നയിച്ചത്, നാട്ടിലുള്ള കുടുംബത്തിന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. രോഗബാധിതയായി രണ്ടു കാലും മുറിച്ചു മാറ്റേണ്ടി വന്ന ഭാര്യ, ആകെ സമ്പാദ്യം രണ്ടര സെന്റ് സ്ഥലത്ത് ഉള്ള കൊച്ചു വീട് . മൂന്നു പെൺമക്കൾ, മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റു രണ്ടുപേരും വിവാഹപ്രായം എത്തി നിൽക്കുന്നു. കുടുംബത്തിന്റെ ഭാവിയെക്കുറിച്ചു ആശങ്കകൾ പ്രവാസജീവിതത്തിൽ അദ്ദേഹത്തെ തളച്ചിട്ടു.

അൽഹസ്സയിൽ ആദ്യകാലത്തു സ്പോൺസറുടെ കൂടെ ജോലി ചെയ്തു. നിതാഖാത്ത് വന്നപ്പോൾ സ്‌പോൺസർ ഒഴിവാക്കി. പിന്നീട് സ്വന്തമായി മേശിരിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ചെറിയ ജോലികൾ കണ്ടുപിടിച്ചു ചെയ്ത് പണമുണ്ടാക്കി,ചെലവിനുള്ള പണം മാത്രം കൈയിൽ കരുതി, ബാക്കി മുഴുവൻ നാട്ടിൽ അയച്ചു കൊടുത്തു. പത്തുവർഷമായി നാട്ടിൽ പോയിട്ടില്ല. ഇക്കാമ കാലാവധി തീർന്നിട്ട് പുതുക്കാൻ പോലും കഴിഞ്ഞില്ല. ദീർഘകാലത്തെ പ്രവാസം നൽകിയത് രോഗങ്ങളുടെ നീണ്ട ലിസ്റ്റ് ആയിരുന്നു. കൊറോണയും ലോക്ക്ഡൗണും വന്നപ്പോൾ വരുമാനം പൂർണ്ണമായും നിലച്ചു. അസുഖം കൂടി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതോടെ താമസിച്ചിരുന്ന റൂമിൽ നിന്നും കെട്ടിടഉടമ ഇറക്കി വിട്ടു. അതോടെ ഒരു സുഹൃത്തിന്റെ മുറിയിൽ താമസം തുടങ്ങി.

നാട്ടിലെ ബന്ധുക്കൾ സിപിഐ പ്രാദേശികനേതാക്കൾ വഴി നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചപ്പോഴാണ് കുട്ടി മേശിരിയുടെ അവസ്ഥ നവയുഗത്തിന്റെ ശ്രദ്ധയിൽ എത്തിയത്. സാജൻ കൈമാറിയ വിവരങ്ങൾ അനുസരിച്ചു അൽഹസ്സ മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ ഉണ്ണി മാധവം താമസിക്കുന്ന സ്ഥലത്തെത്തി കുട്ടി മേശിരിയെ നേരിട്ട് കണ്ടു വിവരങ്ങൾ മനസ്സിലാക്കി താത്കാലിക സഹായങ്ങൾ കൈമാറി.

അതോടെ വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ദുരിതത്തിലായിരുന്ന കുട്ടി മേശിരിയെ നാട്ടിൽ എത്തിക്കാനുള്ള ചുമതല നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു.

നവയുഗം ജീവകാരുണ്യ കൺവീനർ ഷിബുകുമാർ സൗദി അധികാരികളും, ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിയമകുരുക്കുകൾ അഴിച്ച് കുട്ടിമേശിരിയുടെ പാസ്‌പോർട്ടിൽ എക്‌സിറ്റ് അടിച്ചു വാങ്ങി. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദിന്റെ ഇടപെടലിൽ നോർക്കയുടെ ചാർട്ടേർഡ് വിമാനത്തിൽ സൗജന്യമായി ടിക്കറ്റും എടുത്തു കൊടുത്തു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, വാഹിദും, ഉണ്ണി മാധവവും, സാജൻ കണിയാപുരവും, നവയുഗം നേതാക്കളായ ദാസൻ രാഘവൻ, അഖിൽ അരവിന്ദ്, ബിനുകുമാർ എന്നിവർക്കൊപ്പം കുട്ടി മേശിരിയെ സന്ദർശിച്ചു, വിമാനടിക്കറ്റും എക്‌സിറ്റ് പേപ്പറുകളും കൈമാറി.

നിറഞ്ഞ സന്തോഷത്തോടെയും, ഏറെ ആശ്വാസത്തോടെയും എല്ലാവർക്കും നന്ദി പറഞ്ഞു, കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP