Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണൻ: നവയുഗം

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണൻ: നവയുഗം

സ്വന്തം ലേഖകൻ

ദമ്മാം: ചലച്ചിത്ര ഗാനരചയിതാവും, എഴുത്തുകാരനും, ഇപ്റ്റ മുൻ ദേശീയ വൈസ്പ്രസിഡന്റും, സിപിഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സംഘടനാപ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം, പോസ്റ്റ് ഗ്രാജുവേഷൻ പാസ്സായി, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജോലിക്ക് കയറിയ ശേഷം ജോയിന്റ് കൗൺസിലിലും ദീർഘകാലം പ്രവർത്തിച്ചു. സർവീസ് മാസികയായ 'കേരള സർവ്വീസ്'ന്റെ ആദ്യപത്രാധിപരായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ റിസർച്ച് ഓഫീസറായി റിട്ടയർ ചെയ്ത അദ്ദേഹം, അവിടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജന. സെക്രട്ടറി, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി, യുവകലാസാഹിതി പ്രസിഡന്റ്, 'ഇസ്‌ക്കഫ്' അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളിലൂടെ കേരളത്തിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ് എന്നീ കവിതാസമാഹാരങ്ങളും, റോസാപ്പൂക്കളുടെ നാട്ടിൽ എന്ന യാത്രാവിവരണഗ്രന്ഥവും, പ്രതിരൂപങ്ങളുടെ സംഗീതം എന്ന ചലച്ചിത്രപഠനഗ്രന്ഥവും, ജി.ദേവരാജൻ: സംഗീതത്തിന്റെ രാജശില്പി എന്ന ജീവചരിത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. സംഗീതത്തിലും നല്ല അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം, ആറു സിനിമകളിലായി പതിനഞ്ചോളം സിനിമഗാനങ്ങളും രചിച്ചിട്ടുണ്ട്. ദേവരാജൻ, എം.ബി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരായ സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2006 ലെ അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയ്ക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി നവയുഗം വായനവേദി അനുശോചനസന്ദേശത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP